കേരളത്തിലേക്കുള്ള ഹജ്ജ് മടക്ക സര്‍വിസുകള്‍ പൂര്‍ത്തിയായി ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാര്‍ നല്‍കിയത് 25 ലക്ഷം രൂപ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് പുറപ്പെട്ട മുഴുവന്‍ ഹാജിമാരും പുണ്യഭൂമിയില്‍നിന്ന് തിരിച്ചെത്തി. അവസാന ദിനമായ ഇന്നലെ രണ്ട് വിമാനങ്ങളിലായി 555 പേരാണ് കരിപ്പൂരില്‍ മടങ്ങിയെത്തിയത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ മടങ്ങിയെത്തിയ ഹാജിമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,23,162 രൂപയാണ് നല്‍കിയത്. കഴിഞ്ഞ തവണയും തിരിച്ചെത്തിയ ഹാജിമാര്‍ 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
13,809 മുതിര്‍ന്നവരും 20 കുട്ടികളുമാണ് ഈ വര്‍ഷം കേരളത്തില്‍നിന്ന് ഹജ്ജിന് പുറപ്പെട്ടത്. ഇവരില്‍ 13,771 പേരാണ് തിരിച്ചെത്തിയത്. ആറ് പേര് ഹജ്ജ് കര്‍മത്തിനിടെ മരിച്ചു. 48 പേര് സ്വന്തംനിലയില്‍ മടങ്ങി എത്തി. നാല് പേര് സഊദിയില്‍ തുടരുന്നു. കരിപ്പൂരില്‍നിന്ന് 17,78,503 രൂപയും കൊച്ചിയില്‍നിന്ന് 7,44,659 രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാര്‍ സംഭാവന നല്‍കിയത്.
താളപ്പിഴകളില്ലാതെയാണ് ഈവര്‍ഷത്തെ ഹജ്ജ് സര്‍വിസ് സമാപിച്ചത്. കരിപ്പൂരിലേക്ക് സഊദി എയര്‍ലൈന്‍സ് 36 സര്‍വിസുകളും നെടുമ്പാശേരിയിലേക്ക് എയര്‍ഇന്ത്യ 8 സര്‍വിസുകളുമാണ് നടത്തിയത്. കരിപ്പൂരിലെത്തിയ അവസാന സംഘത്തെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പി.വി അബ്ദുല്‍ വഹാബ് എം.പി, ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി, എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ശ്രീനിവാസ റാവു, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി. അബ്ദുറഹിമാന് എന്ന ഇണ്ണി, പി.കെ അഹമ്മദ്, എച്ച്. മുസമ്മില്‍ ഹാജി, മുസ്ലിയാര് സജീര്‍, എസ്. അനസ് ഹാജി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ അബ്ദുറഹിമാന്, ഹജ്ജ് സെല്‍ ഓഫിസര്‍ എസ്. നജീബ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."