ബഷീറിന്റെ മരണം, പൊലിസ് പറഞ്ഞത് പച്ചക്കള്ളം
വിവരാവകാശ അപേക്ഷയിലുള്ള മറുപടിയിലാണ് സംഭവസ്ഥലത്തെ കാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് വ്യക്തമായത്
തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പൊലിസ് വാദം വീണ്ടും പൊളിഞ്ഞു. സംഭവസ്ഥലത്ത് സ്ഥാപിച്ചിരുന്ന കാമറകള്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്ന പൊലിസിന്റെ വാദം പച്ചക്കള്ളമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. അപകടം നടന്ന മ്യൂസിയം, രാജ്ഭവന്‍ പരിസരത്തെ കാമറകള്‍ പ്രവര്‍ത്തനക്ഷമമാണെന്നാണ് രേഖയില്‍ പൊലിസ് തന്നെ നല്‍കിയിരിക്കുന്ന മറുപടി.
മ്യൂസിയം പരിസരത്ത് ഒരു ഡോം കാമറയും മൂന്ന് ഫിക്‌സ്ഡ് കാമറകളുമുള്‍പ്പെടെ നാലു കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇവ നാലും അപകടം നടന്ന ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെ പ്രവര്‍ത്തന ക്ഷമമായിരുന്നു. ഇതിനു പുറമേ രാജ്ഭവന്‍ പരിസരത്തുള്ള മൂന്ന് കാമറകളില്‍ രണ്ടെണ്ണവും പ്രവര്‍ത്തന ക്ഷമമായിരുന്നുവെന്ന് രേഖകളില്‍ പറയുന്നു. കാമറകള്‍ തകരാറിലായതിനാല്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന പൊലിസ് വാദം പാടേ പൊളിച്ചുകളയുന്നതാണ്, എറണാകുളം സ്വദേശി രാജ് വാഴക്കാലയുടെ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലെ വിവരങ്ങള്‍. പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിച്ചും കാമറാദൃശ്യങ്ങള്‍ ശേഖരിക്കാതെയും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പൊലിസ് തുടക്കംമുതല്‍ പറഞ്ഞ നുണകളാണ് ഒന്നൊന്നായി പൊളിയുന്നത്. രക്തപരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ തയാറായില്ലെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ തന്നെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തുകയും പൊലിസ് പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
സ്റ്റേഷനില്‍ വിവരം ലഭിക്കാന്‍ വൈകിയതിനാലാണ് രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്ന വിചിത്രമായ വാദവും പൊലിസ് ഉന്നയിച്ചിരുന്നു.
എന്നാല്‍ അപകടം നടന്ന് 59 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൊലിസ് സ്ഥലത്തെത്തുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ അതും പൊളിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."