എട്ട് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി
ന്യൂഡല്‍ഹി: ലോകവന്‍ശക്തികളുടെ കൈവശമുള്ള അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെയും ഭാഗം.
എട്ട് യു.എസ് നിര്‍മിത അപ്പാച്ചെ ഗാര്ഡിയന് അറ്റാക് ഹെലികോപ്റ്ററുകള്‍ (എ.എച്ച് 64 ഇ) ആണ് ഇന്നലെ സൈന്യത്തിന്റെ ഭാഗമായത്. ഇന്നലെ രാവിലെ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിലേക്കാണ് ബോയിങ് നിര്‍മിച്ച എട്ട് ഹെലികോപ്റ്ററുകള്‍ എത്തിയത്.
ഹെലികോപ്റ്ററുകള്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റുവാങ്ങി. വാട്ടര്‍ സല്യൂട്ടോടെയാണ് സേന ഹെലികോപ്ടറുകളെ സ്വീകരിച്ചത്. സേന സ്വന്തമാക്കുന്ന ഏറ്റവും കരുത്തുറ്റ കോപ്റ്ററാണിത്. വ്യോമസേനയ്ക്കായി ആകെ 22 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനായി 13,952 കോടി രൂപയുടെ കരാര്‍ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും യു.എസും ഒപ്പിട്ടത്.
2022ന് ആവുമ്പോഴേക്കും 22 എണ്ണവും ലഭിക്കുന്ന വിധത്തിലായിരുന്നു കരാര്‍. അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇറാഖ്, അഫ്ഗാന് അധിനിവേശ കാലത്ത് അമേരിക്കന്‍ സൈന്യം വ്യാപകമായി ഉപയോഗിച്ച ഒന്നാണ് അപ്പാച്ചെ ഗാര്ഡിയന് അറ്റാക് ഹെലികോപ്റ്ററുകള്‍. ഇരുട്ടിലും വെളിച്ചത്തിലും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."