കാബൂളില്‍ താലിബാന്‍ ചാവേര്‍ സ്‌ഫോടനം; 16 മരണം
കാബൂള്‍: താലിബാനുമായുള്ള സമാധാനക്കരാറിന്റെ വിശദാംശങ്ങള്‍ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്നതിനിടെ കാബൂളില്‍ വന്‍ സ്‌ഫോടനം. ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാന്‍ 16 പേര്‍ കൊല്ലപ്പെട്ടതായും 119 പേര്‍ക്ക് പരുക്കേറ്റതായും അറിയിച്ചു. കാറില്‍ വന്ന ചാവേറാണ് പൊട്ടിത്തെറിച്ചത്.
വിദേശ സൈനികരെ പൂര്‍ണമായി പിന്‍വലിക്കില്ലെന്നു ബോധ്യമായ താലിബാന്‍ തിങ്കളാഴ്ച രാത്രിയാണ് നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും ഏജന്‍സികളുടെയും കോംപൗണ്ടിനടുത്തുള്ള റസിഡന്‍ഷ്യല്‍ ഏരിയയില്‍ സ്‌ഫോടനം നടത്തിയതെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയ വക്താവ് നസ്‌റത്ത് റാഹിമി പറഞ്ഞു. അടുത്ത ദിവസങ്ങളായി താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
അതിനിടെ മധ്യസ്ഥശ്രമത്തിന്റെ ഭാഗമായി അഞ്ചുമാസത്തിനുള്ളില്‍ 5,400 സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുമെന്ന് യു.എസ് അറിയിച്ചു.
താലിബാനുമായി മധ്യസ്ഥശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ഉന്നത അമേരിക്കന്‍ പ്രതിനിധി സല്‍മായ് ഖലീല്‍ സാദാണ് ടോളോ ന്യൂസ് ടെലിവിഷന്‍ അഭിമുഖത്തിനിടെ വിവരം പുറത്തുവിട്ടത്. കരാറിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അഫ്ഗാന്‍ നേതാക്കളെ അറിയിച്ചതായി ഖലീല്‍ സാദ് പറഞ്ഞു. 18 വര്‍ഷമായി രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണിയെ ചെറുക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ദോഹയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സ്‌ഫോടനം നടന്നത്.
2001ല്‍ അമേരിക്ക അഫ്ഗാനില്‍ അധിനിവേശം നടത്തിയശേഷം ആദ്യമായി കൂടുതല്‍ പ്രദേശങ്ങളും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്.
കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുകയാണെങ്കില്‍ 135 ദിവസത്തിനുള്ളില്‍ ഇപ്പോഴുള്ള അഞ്ച് താവളങ്ങളും തങ്ങള്‍ ഉപേക്ഷിക്കുമെന്ന് യു.എസ് സമ്മതിച്ചിട്ടുണ്ടെന്ന് ഖലീല്‍ സാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."