വലിയ വിമാനങ്ങളും അധിക സര്‍വിസുമില്ല; ശൈത്യകാല ഷെഡ്യൂള്‍ തിങ്കളാഴ്ച മുതല്‍
കൊണ്ടോട്ടി: വലിയ വിമാനങ്ങളും അധിക സര്‍വിസുകളുമില്ലാതെ വിമാന കമ്പനികളുടെ ശൈത്യകാല ഷെഡ്യൂള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ ഷെഡ്യൂളില്‍ വിമാന സമയങ്ങളില്‍ ചെറിയ മാറ്റങ്ങളല്ലാതെ അധിക സര്‍വിസ് വിമാന കമ്പനികള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സഊദി എയര്‍ലൈന്‍സ് തിരുവനന്തപുരം സര്‍വിസ് ശൈത്യകാല ഷെഡ്യൂളില്‍നിന്ന് പിന്‍വലിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കരിപ്പൂര്‍-ജിദ്ദ സര്‍വിസിന് ഷെഡ്യൂളില്‍ ഇടം നേടാനായിട്ടില്ല.
കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ വിദേശ സര്‍വിസ് നടത്തുന്ന എയര്‍ഇന്ത്യ എക്പ്രസും കരിപ്പൂരില്‍ നിന്നുള്ള സര്‍വിസില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ കൊച്ചിയില്‍നിന്ന് മധുര വഴി സിങ്കപ്പൂരിലേക്കുള്ള സര്‍വിസ് ബംഗളൂരു വഴിയാക്കിയിട്ടുണ്ട്. ഇതൊഴിച്ചാല്‍ അധിക മാറ്റങ്ങളൊന്നും ഷെഡ്യൂളില്‍ ഇല്ല. കൊച്ചിയില്‍നിന്ന് ബംഗളൂരു വഴിയായിരിക്കും പുതിയ ഷെഡ്യൂള്‍ പ്രകാരം സിങ്കപ്പൂരിലേക്ക് വിമാനം പറക്കുക. ആഴ്ചയില്‍ നാലു സര്‍വിസുകളാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഈ വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ മൂന്ന് സര്‍വിസുകളും മധുര വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.
കരിപ്പൂര്‍-ജിദ്ദ സര്‍വിസിന് കഴിഞ്ഞ ഓഗസ്റ്റ് ആദ്യത്തില്‍ സഊദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും തിരുവനന്തപുരം സര്‍വിസ് ഉപേക്ഷിക്കാന്‍ വിമാന കമ്പനി ഇതുവരെ തയാറായിട്ടില്ല. തിരുവനന്തപുരം നിലനിര്‍ത്തി കരിപ്പൂരില്‍ പുതിയ സ്റ്റേഷന്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള സഊദിയുടെ അപേക്ഷ വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
അടുത്ത മാര്‍ച്ച് വരെ തിരുവനന്തപുരം സെക്ടറിലേക്ക് വിമാന ടിക്കറ്റ് ബുക്കിങും സഊദി നിലനിര്‍ത്തിയിട്ടുണ്ട്. വ്യോമയാന മന്ത്രാലയം കനിഞ്ഞാലും സഊദിക്ക് ഡിസംബറില്‍ മാത്രമേ സര്‍വിസ് തുടങ്ങാന്‍ കഴിയുകയുള്ളൂവെന്ന് അധികൃതര്‍ പറയുന്നു. ഡിസംബറില്‍ ആണ് ഇന്ത്യയും സഊദിയും തമ്മില്‍ ഉഭയകക്ഷി കരാര്‍ പുതുക്കുന്നത്.
ഇരു രാജ്യങ്ങളുടേയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ തമ്മിലാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്. കരാറിന്റെ അടിസ്ഥാനത്തിലാണ് രാജ്യാന്തര വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. കരാര്‍ പ്രകാരം കൂടുതല്‍ സര്‍വിസുകള്‍ ലഭ്യമായാല്‍ കരിപ്പൂര്‍ സര്‍വിസ് വേഗത്തിലാക്കാനാകും.
എയര്‍ഇന്ത്യയുടെ ജംബോ വിമാനം കരിപ്പൂര്‍-ജിദ്ദ സര്‍വിസിന് പരിശോധന പൂര്‍ത്തിയാക്കിയെങ്കിലും അനുമതിക്കായി വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ഇതിനാല്‍ എയര്‍ഇന്ത്യ സര്‍വിസും പുതിയ ഷെഡ്യൂളില്‍ ഇടം നേടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."