പാപ്പിനിശ്ശേരി റെയില്‍വേ അടിപ്പാതയില്‍ വെള്ളക്കെട്ട്: തോണിയിറക്കാം; സഞ്ചാരത്തിന്
പാപ്പിനിശ്ശേരി: റെയില്‍വേഗേറ്റ് മേല്‍പ്പാല നിര്‍മാണത്തിന്റെ ഭാഗമായി ചെറുവാഹനങ്ങള്‍ കടന്നു പോകുന്നതിനായി പണിയുന്ന അടിപ്പാത മഴവെള്ളം കയറി തോണിയിറക്കാന്‍ പാകത്തിലായി. അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാതായി.
അടിപ്പാതയിലേക്ക് എത്തുന്ന ഹാജി റോഡ് ഭാഗത്തെ സര്‍വിസ് റോഡ്, മറുവശത്തെ ഗവ. മാപ്പിള എല്‍.പി സ്‌കൂള്‍, ഹിദായത്ത് ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, എം.എം ആശുപത്രി തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്ന സര്‍വിസ് റോഡിന്റെ ജോലികളും പാതിവഴിയില്‍ നിര്‍ത്തിയിട്ട് ആഴ്ചകളായി. ഓവുചാലിനായി സര്‍വിസ് റോഡിന് നടുവിലൂടെ സ്ലാബിട്ടെങ്കിലും ഇപ്പോള്‍ ജോലികളൊന്നും നടക്കുന്നില്ല. പാപ്പിനിശ്ശേരി കാട്ടിലെ പള്ളി മുതല്‍ പഴയങ്ങാടി ജങ്ഷന്‍ വരെയുള്ള റോഡും കുണ്ടും കുഴിയുമായി വെള്ളം നിറഞ്ഞ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാതായി.
പാപ്പിനിശ്ശേരി പാലത്തിന് അടിഭാഗത്തെ സ്ഥാപനങ്ങള്‍, കച്ചവടക്കാര്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയവരാണ് മഴക്കാലത്ത് ദുരിതം സഹിക്കുന്നത്. മഴ പെയ്തതോടെ ഇവിടമെല്ലാം ചെളിക്കുളമായി കാല്‍നടയാത്ര പോലും സാധിക്കാതായി.
മേല്‍പ്പാലത്തിന് മുകളിലൂടെ വാഹനങ്ങള്‍ മുടക്കമില്ലാതെ പോകുന്നുവെങ്കിലും ഇവരുടെ ദുരിതം ആരും കാണുന്നില്ല.
അടിപ്പാതയുടെ ഇരുവശത്തുള്ള ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യത്തെ തടയുന്ന രീതിയിലാണ് കരാറുകാരന്‍ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."