ബഹാമസില്‍ സംഹാര താണ്ഡവമാടി ഡോറിയന്‍
നാസൊ (ബഹാമസ്): കരീബിയന്‍ ദ്വീപ് രാജ്യമായ വടക്കന്‍ ബഹാമസില്‍ വന്‍ നാശം വിതച്ച് ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കയിലെ ഫ്‌ളോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക്. കാറ്റും പ്രളയവും മൂലം അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്. പലയിടങ്ങളിലും കെട്ടിടങ്ങള്‍ തകര്‍ന്നു. എല്ലാ ആശയവിനിമയ സംവിധാനങ്ങളും തകര്‍ന്നിരിക്കുകയാണ്. ഗ്രേറ്റ് അബാക്കോ, ഗ്രാന്‍ഡ് ബഹാമ ദ്വീപുകളില്‍ മാത്രം ഇതുവരെ 13,000 വീടുകളെങ്കിലും തകര്‍ന്നിട്ടുണ്ട്. ഗ്രാന്‍ഡ് ബഹാമ ദ്വീപിലെ ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അബാക്കോ ദ്വീപ് നിവാസികളോടും അഭയകേന്ദ്രങ്ങളില്‍ തന്നെ തുടരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഡോറിയന്‍ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രി എട്ടു മണിയോടെ കരീബിയന്‍ കടലിലെ അബാക്കോ ദ്വീപിലേക്ക് ആഞ്ഞടിച്ചത് മണിക്കൂറില്‍ 354 കിലോമീറ്റര്‍ വേഗതയിലാണ്. ഇതു കാരണം കടല്‍ത്തിരമാലകള്‍ 18 മുതല്‍ 23 അടി വരെ ഉയര്‍ന്നു പൊങ്ങി. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. അറ്റ്‌ലാന്റിക് മേഖലയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. കാറ്റഗറി 5 കൊടുങ്കാറ്റായി വളര്‍ന്ന് ബഹാമസിലൂടെ മണിക്കൂറില്‍ 335 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ഡോറിയന്‍ പതിയെ കാറ്റഗറി 3ലേക്കു വന്നു വേഗത 120 കി.മീയിലേക്കു കുറഞ്ഞെങ്കിലും നാശനഷ്ടം കുറഞ്ഞിട്ടില്ല. കനത്ത മഴയെത്തുടര്‍ന്ന് ഇവിടെ വെള്ളപ്പൊക്കം ഉണ്ടായി. വീടുകളുടെ മേല്‍ക്കൂരകള്‍ തകരുകയും വാഹനങ്ങളടക്കം പാറിപ്പോവുകയും ചെയ്തു. എന്നാല്‍ പ്യൂര്‍ട്ടോറിക്കോയില്‍ കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല.
നാടിനെയാകെ വീഴുങ്ങുന്ന തരത്തില്‍ അതിവിനാശകാരിയായ കൊടുങ്കാറ്റ് അടിച്ചിരിക്കുകയാണെന്ന് ബഹാമസ് പ്രധാനമന്ത്രി ഹുബേര്‍ട്ട് മിന്നിസ് പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യം താന്‍ ആദ്യമായാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് 17,000 പേര്‍ ജീവിക്കുന്നുണ്ട് ഈ ദ്വീപില്‍.
ബഹാമസിലെ അബാക്കോയിലാണ് ആദ്യം ഡോറിയന്‍ കരയില്‍ പ്രവേശിച്ചത്. സാവധാനത്തില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തായാര്‍ജിച്ച് 24 മണിക്കൂറിനകം അമേരിക്കന്‍ തീരം തൊടും. ഫ്‌ളോറിഡയിലും സൗത്ത് കാരോലിനയിലും ജോര്‍ജിയയിലും 10 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തു.
കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും ഫെഡറല്‍ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫ്‌ളോറിഡയിലുള്‍പ്പെടെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ആഞ്ഞടിക്കുന്ന ഏറ്റവും ശക്തിയേറിയ രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡോറിയന്‍. 1935ലുണ്ടായ ലൈബര്‍ ഡേ ചുഴലിക്കാറ്റാണ് ഇതിനു മുന്‍പുണ്ടായ ഏറ്റവും ശക്തവും വിനാശകാരിയുമായ ചുഴലിക്കാറ്റ്. അത് മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിച്ചത്.
ഡോറിയന്റെ വരവ് പ്രമാണിച്ച് യു.എസിലെ ഫ്‌ളോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന സംസ്ഥാനങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളോറിഡയിലേക്ക് മണിക്കൂറില്‍ 329 കിലോമീറ്ററെങ്കിലും വേഗത കാറ്റിനുണ്ടായിരിക്കും. 8,30,000 പേരെ ഒഴിപ്പിക്കേണ്ടതായുണ്ട്. ഫ്‌ളോറിഡ തീരങ്ങളില്‍ പലയിടത്തും കനത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടുള്ള സ്ഥലങ്ങളില്‍ ഇനിയും ആരെങ്കിലുമുണ്ടെങ്കില്‍ അടിയന്തിരമായി പുറത്തുവരണമെന്ന് ഫ്‌ളോറിഡ സെനറ്റര്‍ റിക്ക് സ്‌കോട്ട് മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."