കരിഞ്ചോല ദുരന്തം: റിപ്പോര്‍ട്ട് പുറത്ത്
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
ദുരന്തം നടന്ന ആഴ്ചയില്‍ മാത്രം 565.2 മില്ലി ലിറ്റര്‍ മഴ പ്രദേശത്ത് പെയ്തിട്ടുണ്ട്. ഇങ്ങനെ പെയ്യുന്ന മഴവെള്ളം മലയുടെ ചെരിവിലൂടെ താഴേക്ക് ഒലിച്ചിറങ്ങണം. എന്നാല്‍ മലമുകളില്‍ പാറ പൊട്ടിച്ചും മണ്ണെടുത്തും നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം വെള്ളം മലയുടെ അന്തര്‍ ഭാഗങ്ങളിലേക്ക് ഒലിച്ചിറങ്ങി.
ഇതുമൂലം മലയുടെ ഉള്‍ഭാഗത്ത് ചെളി നിറയുകയും ചെയ്തു. പാറമുകളില്‍ .5 മുതല്‍ 1.5 വരെ മീറ്റര്‍ താഴ്ചയിലാണ് മണ്ണിന്റെ സാന്നിധ്യം നിലനില്‍ക്കുന്നത്. മഴയില്‍ ഇത് ഇളകാനും ഇതുമൂലം പാറക്കെട്ടുകള്‍ക്ക് ഇളക്കം തട്ടാനും കാരണമായതായി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
300 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് മലമുകളില്‍ നിരത്തിയിരിക്കുന്നത്. ഈ സ്ഥലത്ത് കല്ലുകള്‍ കൊണ്ട് ബണ്ട് കെട്ടുകയും ചെയ്തു. ഇത് മണ്ണിന്റെ ഉറപ്പിനെ ഇല്ലാതാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പാറകള്‍ പൊട്ടിച്ചും മണ്ണെടുത്ത് നിരപ്പാക്കിയും മലമുകളിലേക്ക് 750 മീറ്റര്‍ നീളത്തില്‍ റോഡ് വെട്ടിയിട്ടുണ്ട്. കംപ്രസര്‍ അടക്കം ഉപയോഗിച്ച് പാറ പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇതും പാറക്കൂട്ടങ്ങള്‍ക്ക് ഇളക്കം തട്ടാന്‍ കാരണമായി.ഇത്തരം പ്രവൃത്തികള്‍ കാരണം കരിഞ്ചോലമല കൂടുതല്‍ സമ്മര്‍ദത്തിലാവുകയും ഇതു മൂലം വിസ്‌ഫോടനം നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു.
മൂന്നു മിനുട്ട് സമയം മാത്രമാണ് ഉരുള്‍പൊട്ടല്‍ നടന്നത്. ഇതേതുടര്‍ന്ന് 6 മീറ്റര്‍ വ്യാസത്തിലുള്ള വലിയ കല്ലുകള്‍ അടര്‍ന്നു വീണു. 6.2318 ഹെക്ടര്‍ സ്ഥലത്ത് ഇതിന്റെ പ്രകമ്പനമുണ്ടായി. 1,24,626 ടണ്‍ മണ്ണ് താഴ് വാരത്തിലേക്ക് ഒലിച്ചിറങ്ങി. അപകടം നടക്കുന്നതിന്റെ ആഴ്ചകള്‍ക്ക് മുന്‍പും ഇവിടെ ജെ.സി.ബി ഉപയോഗിച്ച് നിര്‍മാണം നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
അതേസമയം, മലമുകളില്‍ നിര്‍മിച്ചിരുന്ന ജലസംഭരണിയുടെയോ ചെക്ക് ഡാമിന്റെയോ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവ കണ്ടെത്തുന്നതിനായി സാറ്റലൈറ്റ് ഡാറ്റയുടെ സഹായം ലഭ്യമാകേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ദുരന്തത്തെ തുടര്‍ന്ന് കരിഞ്ചോലമലയുടെ ചുറ്റുഭാഗത്തുള്ള പല പ്രദേശങ്ങളും ഇപ്പോഴും ഭീതിയിലാണെന്നും യാതൊരു തരത്തിലുള്ള നിര്‍മാണ പ്രവൃത്തികളും ഇനി മുതല്‍ മലയില്‍ നടത്തരുതെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുകയും ചെയ്യുന്നുണ്ട്.
https://youtu.be/kTsTI8PElLY
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."