ബദ്ര്‍; അതിജീവനത്തിന്റെ പാഠശാല
ഇസ്‌ലാമിക ചരിത്രത്തിലെ സമുജ്ജ്വലവും സുമ്മോഹനവുമായ ഒരു അധ്യായമാണ് ബദ്ര്‍. ജിദ്ദ-മദീന ഹൈവേയില്‍ മദീനയുടെ തെക്ക് പടിഞ്ഞാറ് 135 കിലോമീറ്ററും വടക്ക് 345 കിലോമീറ്ററും അകലെ സ്ഥിതി ചെയ്യുന്നതാണു ആധുനിക ബദ്ര്‍ നഗരം. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17 വെള്ളിയാഴ്ച തിന്‍മയുടെ കാവല്‍ക്കാര്‍ക്കെതിരെ ഇവിടെ നടന്ന പോരാട്ടമാണ് സുപ്രസിദ്ധമായ ബദ്ര്‍ യുദ്ധം. ഏകദൈവ വിശ്വാസം കൈക്കൊണ്ടു എന്ന ഒറ്റക്കാരണത്താല്‍ നിരന്തര മര്‍ദനങ്ങള്‍ക്ക് ഇരകളാകേണ്ടി വന്ന മക്കയിലെ സത്യവിശ്വാസികള്‍ ആദ്യഘട്ടം എത്യോപിയയെ അഭയം പ്രാപിക്കുകയായിരുന്നു. പിന്നീട് പൂര്‍ണ സംരക്ഷണം നല്‍കി തിരുനബിയെയും അനുയായികളേയും സര്‍വാത്മനാ സ്വീകരിക്കാന്‍ മദീനവാസികള്‍ തയാറായപ്പോള്‍ നബിയും അനുചരരും മദീനയില്‍ താമസമാക്കി. പക്ഷെ അവിടെയും സൈ്വരമായി ജീവിക്കാന്‍ അനുവദിക്കാതെ മക്കക്കാര്‍ മദീനയെ നിരന്തരം വേട്ടയാടികൊണ്ടേയിരുന്നു.
സാമ്പത്തികമായി മക്കക്കാരെ തളര്‍ത്തിയാല്‍ ഈ മര്‍ദനങ്ങളില്‍ നിന്ന് രക്ഷ നേടാമെന്നു കരുതിയ നബി മക്കക്കാരുടെ വരുമാന സ്രോതസായ വ്യാപാര യാത്രകള്‍ തടയാന്‍ തീരുമാനിച്ചു(ഈ വ്യാപാരത്തിന്റെ മൂലധനത്തിന്റെ വലിയ വിഹിതം മുസ്‌ലിങ്ങളില്‍ നിന്ന് തട്ടിയെടുത്ത സ്വത്തുക്കളായിരുന്നു). ഈ നീക്കം മണത്തറിഞ്ഞ കച്ചവട സംഘത്തലവന്‍ അബൂസുഫിയാന്‍ മുസ്‌ലിം സംഘത്തെ കബളിപ്പിച്ച് വഴി മാറ്റി മക്കയിലേക്ക് പുറപ്പെടുകയായിരുന്നു. കച്ചവട സംഘത്തെ നേരിടാന്‍ വന്ന നബിയെയും സംഘത്തേയും പാഠം പഠിപ്പിച്ച് മദീനയെ എന്നന്നേക്കുമായി നശിപ്പിക്കുമെന്നും ഭാവിയില്‍ അറേബ്യയുടെ മേല്‍ക്കോയ്മ മക്കക്കാര്‍ക്ക് ആയിരിക്കുമെന്നും പ്രഖ്യാപിച്ച് സര്‍വായുധ സജ്ജരായി അബൂജഹലിന്റെ നേതൃത്വത്തില്‍ അവിശ്വാസികള്‍ ബദ്‌റിലേക്ക് നീങ്ങി.
കേവലം ഒരു കച്ചവട സംഘത്തെ നേരിടാനായി നബിയോടൊപ്പം പുറപ്പെട്ട നിരായുധരായ 313ഓളം വരുന്ന മുസ്‌ലിം സംഘവും ആയിരത്തോളം വരുന്ന അവിശ്വാസിക്കൂട്ടവും തമ്മില്‍ ബദ്‌റില്‍ വച്ച് ഏറ്റുമുട്ടി. ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കപ്പെട്ട മഹത്തായ ഈ പോരാട്ടത്തിന്റെ ഓര്‍മകള്‍ ഓരോ റമദാനിലും വിശ്വാസികള്‍ക്ക് അതിജീവനത്തിന്റെ ഊര്‍ജം പകര്‍ന്നു കൊണ്ടിരിക്കുന്നു.
പില്‍ക്കാലത്ത് ഇസ്‌ലാമിന്റെ പ്രചണ്ഡമായ പ്രചാരണത്തി നും സകല വിജയങ്ങള്‍ക്കും അടിത്തറയായത് ബദ്ര്‍ ആയിരുന്നു. സായുധ സമരത്തിലൂടെയുള്ള മതപ്രചാരണം ഇസ്‌ലാമിന്റെ ലക്ഷ്യമല്ല. പക്ഷെ സാഹചര്യം ഒരു യുദ്ധത്തിന് മുസ്‌ലിംകളെ നിര്‍ബന്ധിക്കുകയായിരുന്നു എന്ന് കാണാം. ഒരു ചെറിയ ലഹളയില്‍ പോലും ആയിരക്കണക്കിന് ജനങ്ങള്‍ കൊല്ലപ്പെടുന്നുവെന്നറിയുമ്പോഴാണ് ഇസ്‌ലാമിലെ യുദ്ധങ്ങള്‍ വെറും പ്രതിരോധത്തിനായിരുന്നുവെന്നറിയുക.
ബദ്ര്‍ ഒരു ദേശത്തിന്റെയോ വ്യക്തിയുടേയോ പേരാകാം. ചരിത്രത്തില്‍ വീര ഇതിഹാസം സൃഷ്ടിച്ച ധര്‍മയുദ്ധത്തിന്റെ പേരുമാകാം. എന്നാല്‍ വിശ്വാസികള്‍ക്ക് ഒരു മഹദ് ദര്‍ശനത്തിന്റെ നാമമാണ്. ദൃഢവിശ്വാസത്തിന് മുമ്പില്‍ അവിശ്വാസങ്ങള്‍ക്കും കപടനാട്യങ്ങള്‍ക്കും പിടിച്ച് നില്‍ക്കാനാകില്ലെന്ന മഹത്തായ ദര്‍ശനമാണ് ബദ്ര്‍ വിളംബരം ചെയ്യുന്നത്. അടിമത്വത്തിന്റെ ഭാരം തൂങ്ങിയ നുകങ്ങള്‍ ചുമന്ന് നടുവൊടിഞ്ഞ ബിലാലുമാര്‍ക്ക് ഉമയ്യത്തുമാരുടെ ഭീകരവാഴ്ചകളെ കശാപ്പ് ചെയ്ത് വിജയം നേടാനുള്ള സുവര്‍ണ മുഹൂര്‍ത്തമായിരുന്നു ബദ്ര്‍. അമാവസികളെ പൗര്‍ണമികള്‍ അതിജയിച്ചു ശാശ്വത സത്യത്തിന് വേണ്ടി അസത്യം വഴിമാറിയ ചരിത്രമുഹൂര്‍ത്തം. അബൂജഹലും ഉത്ത്ബത്തും ഉമയ്യത്തും ഇന്നില്ലെങ്കിലും അവരുടെ മനസും പ്രകൃതവും പേറി നടക്കുന്നവര്‍ക്കൊട്ടും കുറവില്ല.
സമകാലിക ഇന്ത്യയെയും വര്‍ത്തമാന ലോകത്തെയും വായിക്കുന്ന ആര്‍ക്കും ബോധ്യമാവുന്ന സത്യം. ഇത്തരം യജമാന ഭീകരതയെ അതിജയിക്കാന്‍ ആധുനിക ബിലാലുമാര്‍ക്ക് പ്രചോദനമാകുന്ന ഊര്‍ജം കുത്തിവയ്ക്കാന്‍ അതിജീവനത്തിന്റെ പാഠശാലയായ ബദ്‌റിന്റെ ശക്തി അപാരം തന്നെയാണ്. ചരിത്രത്തിന്റെ നീളമുള ഇടനാഴികകളില്‍ സംഭവിച്ച ഒരു മഹാവിപ്ലവമാണ് ബദ്‌റെങ്കിലും അത് അണമുറിയാതെ കാലങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതിഭാസമാകേണ്ടതുണ്ട്.
(എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."