ഇന്ധനവില മാറ്റം; പെട്രോള്‍ പമ്പുകള്‍ ഊരാക്കുടുക്കില്‍
കണ്ണൂര്‍: വരുന്ന 15 മുതല്‍ എണ്ണ കമ്പനികള്‍ ഇന്ധനവില ദിനംപ്രതി മാറ്റുന്നത് പെട്രോള്‍ പമ്പുകളെ വെട്ടിലാക്കും. രാത്രി 11നാണ് പമ്പുകളിലേക്ക് പുതിയ വില എസ്.എംഎ് ആയി എത്തുക. ഇപ്പോള്‍ പമ്പുകളില്‍ ഇന്ധനവില പുതിയത് പ്രദര്‍ശിപ്പിക്കേണ്ടത് രാത്രി 12നാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കാത്ത പമ്പുകളാണ് മാഹിയിലും കണ്ണൂരിലും അധികമുള്ളത്. രാത്രി പത്തോടെ തന്നെ ഇവ മിക്കവാറും പൂട്ടും. ഇങ്ങനെ അടക്കുന്ന പമ്പുകള്‍ പുതിയ വിലയറിയാനും അവ രേഖപ്പെടുത്താനും രാത്രി 12 വരെ തുറക്കേണ്ടതായുണ്ട്. ഇതു ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും തലവേദനയായി മാറും. മുഴിവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പമ്പുകളും വെട്ടിലാണ്. അരമണിക്കൂറോളം പുതിയ സമയം പ്രദര്‍ശിപ്പിക്കുന്നതിനായി വേണ്ടിവരും.
ഇതു എണ്ണയടിക്കാന്‍ വരുന്നവരും ജീവനക്കാരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനും കാരണമായേക്കും. പമ്പുകളില്‍ അര്‍ധരാത്രി തന്നെ വിലമാറ്റിയാല്‍ മറ്റൊരു പ്രശ്‌നവും കൂടി നേരിടേണ്ടി വരും. സംസ്ഥാന സര്‍ക്കാരിന്റെ വില്‍പ്പന നികുതിയില്‍ നേരിയ വ്യത്യാസം വരുത്തുന്നത് രാവിലെ പത്തിനാണ്.
ഇതോടെ വില വീണ്ടും മാറിമറിയും. ഇപ്പോള്‍ വില മാറാന്‍ വെറും പത്ത് മിനുട്ടേ എടുക്കുന്നുള്ളൂ. പരിചയ സമ്പന്നരായ ജീവനക്കാരാണ് ഇതു ചെയ്യുന്നത്. ഇവര്‍ക്ക് മാനേജരുടെ സാന്നിധ്യത്തില്‍ മാത്രമേ വിലമാറ്റാന്‍ കഴിയുകയുള്ളൂ.
പമ്പുകളില്‍ തിരക്കേറിയ സമയം ഇതിനു കഴിയുമോയെന്ന ആശങ്ക ജീവനക്കാരിലുണ്ട്. ഇതുകൂടാതെ മിക്ക പമ്പുകളും ഓട്ടോമേഷന്‍ വ്യവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത്. പമ്പുകളില്‍ പെട്രോളും ഓയിലും ചേര്‍ത്തടിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായി ഇനി മറ്റൊരു വിലവിവര പട്ടിക കൂടി പ്രദര്‍ശിപ്പിക്കേണ്ടി വരും. ഇതും ദിവസേന മാറ്റേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."