നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കി സിമന്റ് വില കുതിച്ചുയരുന്നു
കഞ്ചിക്കോട്: സിമന്റിന് അനുദിനം വില ഉയരുന്നത് കെട്ടിടനിര്‍മ്മാണമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടുത്തിടെയുണ്ടായ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തെയും സിമന്റ് വില വര്‍ധിക്കുന്നത് ബാധിച്ചിരിക്കുകയാണ്. പ്രളയം മുതലാക്കി അനധികൃതമായി സിമന്റിന് വില വര്‍ധിപ്പിക്കുന്നത് നിര്‍മാതാക്കളെ ചൂഷണം ചെയ്യായനെന്ന ആരോപങ്ങളാണുയരുന്നത്. ഈ മാസത്തില്‍ മാത്രം ഒരു ചാക്ക് സിമന്റിന് 20 രൂപയാണ് കൂട്ടിയതെന്നിരിക്കെ ഇപ്പോള്‍ 420 രൂപയാണ് ഒരു ചാക്ക് സിമന്റിന്റെ വില. കൂടുതല്‍ വില്‍പനയുള്ള മലബാര്‍, എ.സി.സി, ചെട്ടിനാട് തുടങ്ങിയ ബ്രാന്റഡ് കമ്പനികളുടെ സിമന്റിന് ചാക്കൊന്നിന് 403 രൂപയാണ് ഡീലര്‍മാരില്‍നിന്നും ഈടാക്കുന്നതെന്നതിനാല്‍ ഇത് ഉപഭോക്താക്കളുടെ കൈയിലെത്തുമ്പോള്‍ 420 മുതല്‍ 430 രൂപവരെയെത്തും.
പ്രളയകാലത്ത് തകര്‍ന്ന കെട്ടിടങ്ങളും പാലങ്ങളും വീടുകളുമൊക്കെ പുനര്‍നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ തയ്യാറായി വരുമ്പോഴാണ് ഇരുട്ടടിയായി സിമന്റുവില ഉയര്‍ന്നത്. സംസ്ഥാനത്ത് മലബാര്‍ സിമന്റ്‌സ് മാത്രമാണ് സിമന്റുനിര്‍മാണ രംഗത്തുള്ളതെന്നതിനാല്‍ഇവര്‍ നിര്‍മിക്കുന്ന സിമന്റിന്റെ ദൗര്‍ലഭ്യം ഇതരസംസ്ഥാന സിമന്റുകള്‍ മുതലാക്കിയിരിക്കുകയാണ് വിലവര്‍ധനയുള്ളപ്പോള്‍ ഒരു ചാക്ക് സിമന്റ് പണിസൈറ്റിലെത്തിക്കാന്‍ 500 രൂപയോളം വരുമെന്നാണ് മേഖലയിലുള്ളവര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ ചെന്നൈ ആസ്ഥാനമുള്ള കമ്പനിയാണ് വിലവര്‍ധനവിനു പിന്നിലെന്നാണ് വ്യാപാരികളുടെ ഭാഷ്യം. സംസ്ഥാനത്ത് എ.സി.സി, അള്‍ട്രാടെക്, ഡാല്‍മിയ, രാംകോ, ചെട്ടിനാട്, ശങ്കര്‍ എന്നിവയും ഒരു ചാക്കിന് 20 രൂപക്കു മുകളില്‍ കൂട്ടിയിട്ടുണ്ട്. സിമന്റിന് ജി.എസ്.ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി കുറക്കണമെന്ന നിര്‍ദേശമുള്ളതിനാല്‍ ഇതു നടപ്പിലാവും മുമ്പേ വിലകൂട്ടി ലാഭം കൊയ്യാനുള്ള തന്ത്രമാണ് കമ്പനികളുടേത്.
കമ്പനികള്‍ തമ്മില്‍ മത്സരിച്ച് വിലവര്‍ധിപ്പിക്കുമ്പോഴും സര്‍ക്കാര്‍ നടപടികള്‍ പ്രഹസനമാവുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 30 ശതമാനത്തോളമാണ് സിമന്റിന്റെ വിലവര്‍ധനവുണ്ടായിട്ടുള്ളത്. അടിക്കടി സിമന്റിന്റെ വില ഉയര്‍ന്ന് നിര്‍മാണമേഖല പ്രതിസന്ധിയിലാവുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ നിന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍മാണ മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റണമെന്നുമുള്ള നിര്‍മാണ മേഖലയിലുള്ളവരുടെ ആവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."