ശ്രീജീവിന്റേത് കരുതിക്കൂട്ടിയുള്ള കൊലപാതകം, ആത്മഹത്യാക്കുറിപ്പ് എഴുതിയുണ്ടാക്കിയത് പൊലിസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ആഞ്ഞടിച്ച് 1633 ദിവസമായി സമരം തുടരുന്ന ശ്രീജിത്ത്, കേസിന്റെ നാള്‍ വഴികളിങ്ങനെ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ശ്രീജീവിന്റെ മരണം കസ്റ്റഡി മരണമല്ലെന്നും ആത്മഹത്യയാണെന്നും സി.ബി.ഐയുടെ കണ്ടെത്തിയതിനെതിരേ ഗുരുതരമായ ആരോപണവുമായി സഹോദരന്‍ ശ്രീജിത്ത്.
ശ്രീജീവ് ആത്മഹത്യ ചെയ്യില്ല. അതൊരു കരതിക്കൂട്ടിയുള്ള കൊലപാതകമാണ്. പൊലിസും ഡോക്ടര്‍മാരും മറ്റും ഉന്നതരുമാണ് ഈ കേസിലെ പ്രതികള്‍. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കുകയാണ് സി.ബി.ഐ ചെയ്തിരിക്കുന്നത്. സമരത്തില്‍ നിന്നു പിന്നോട്ടുപോകില്ലെന്നും സി.ബി.ഐക്കും മുകളിലുള്ള നിയമ സംവിധാനത്തെ സമീപ്പിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുമ്പില്‍ 1633 ദിവസമായി കേസിലെ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സമരരംഗത്തു തുടരുകയാണ് ശ്രീജിത്ത്.
കേസിന്റെ നാള്‍ വഴികളിങ്ങനെ
കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന് മുന്നിലൂടെ കടന്നുപോകുന്ന ഓരോ പ്രതിഷേധമാര്‍ച്ചും പിക്കറ്റിങും രാപ്പകല്‍ സമരങ്ങള്‍ക്കുമെല്ലാം കാഴ്ച്ചക്കാരനായി അയാളിപ്പോഴും ആ വന്‍മരച്ചുവട്ടില്‍ ബുദ്ധന്റെ ചിത്രങ്ങള്‍ വരച്ചുകൂട്ടുകയാണ്. സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്ത കേരളത്തിലെ ആദ്യ സമരനായകന്‍, പെട്ടെന്നു വില്ലനായതോടെ വീണ്ടും സെക്രട്ടേറിയറ്റ് നടയില്‍ അനാഥനായി. അതോടെ അനുജന്‍ ശ്രീജീവിന്റെ മരണത്തിന് നീതിതേടി നാലാം വര്‍ഷവും കാത്തിരിപ്പ് തുടരുകയാണ്. ഇത് കുറിക്കുമ്പോള്‍ 943 ദിവസങ്ങളായി അയാള്‍ സെക്രട്ടേറിയറ്റിന് കാവലിരിപ്പാണ്. പലപ്പോഴും നിരാഹാരത്തിലും. ഒരു സമരപ്പന്തല്‍ പോലും കെട്ടാതെ വെയിലും മഴയുമേറ്റ് കാലം കഴിക്കുകയാണ്. സര്‍ക്കാരിലും നിയമത്തിലുമൊക്കെ അയാളുടെ പ്രതീക്ഷയറ്റുകഴിഞ്ഞു.
അനിയന്റെ ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ശ്രീജിത്ത് വേണ്ടെന്നുവെച്ചത് ശരീരം മാത്രമല്ല ജീവിതം കൂടിയാണ്. 2005 2007 കാലഘട്ടത്തിലെ 65 കിലോഗ്രാം വിഭാഗത്തില്‍ ശരീരസൗന്ദര്യ മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ശ്രീജിത്ത്. എന്നാല്‍ ജീവന്‍ മാത്രമവശേഷിക്കുന്ന ശരീരവുമായി ഇയാള്‍ 765 ദിവസമായി സെക്രട്ടേറിയേറ്റ് നടയില്‍ അതേ ആവശ്യവുമായി സമരം തുടരുകയാണ്. മഴയും വെയിലുമേറ്റ് രണ്ടരവര്‍ഷത്തോളം നീണ്ട സ്വയം പീഡക്കിടെ അയാള്‍ മുട്ടാത്ത വാതിലുകളില്ല. ഇന്ന് മൂത്രത്തില്‍ കൂടി രക്തംവരുന്ന, പലപ്പോഴും ഓര്‍മ നഷ്ടമാകുന്ന, ശോഷിച്ച ശരീരമുള്ള അവസ്ഥയിലായിരിക്കുന്നു ശ്രീജിത്ത്. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ തയാറാവാത്തതെന്നാണ് ശ്രീജിത്തിന്റെ ചോദ്യം.
ഓര്‍മയുടെ കൊളാഷില്‍ ആദ്യം തെളിയുന്നത് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ ഹാഷ് ടാഗുകളാണ്. ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്, പ്രമുഖനല്ലാത്ത ശ്രീജിത്തിനൊപ്പം...
2014മെയ്19നാണ് മോഷണക്കുറ്റമാരോപിച്ച് നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിത്തിന്റെ അനിയന്‍ ശ്രീജിവിനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ശ്രീജീവ് മരിച്ചു.
എന്നാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഇതുവരേ അധികൃതര്‍ തയാറായിട്ടില്ല. നടപടി സ്വീകരിക്കുന്നതിനെതിരേ പൊലിസുകാര്‍ ഹൈക്കോടതിയില്‍ നിന്ന് നേടിയ സ്റ്റേയാണ് തടസമായി നില്‍ക്കുന്നത്.
സഹോദരന് നീതി ലഭിക്കും വരെ സമരം ചെയ്യാനുറച്ച് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കലെത്തുന്നത് 2016 ഡിസംബര്‍ 26നാണ്. ഒരു ക്രിസ്മസ് പിറ്റേന്ന്. 2018 ജനുവരി ആദ്യവാരം ഫേസ്ബുക്കില്‍ വൈറലായ ഒരു വീഡിയോ വാര്‍ത്തയാണ് ശ്രീജിത്തിന്റെ കഥ പൊതുസമൂഹത്തിലേക്കെത്തിച്ചത്.
കൊതുകിനെയും ഈച്ചയെയുമൊക്കെ കൊന്നുകളയുന്ന പോലെ അനിയന്‍ ശ്രീജീവിനെ അവര്‍ കൊന്നുകളഞ്ഞുവെന്ന ശ്രീജിത്തിന്റെ വാക്കുകള്‍ കേട്ടിരിക്കുന്നവരെ ശ്രീജിത്തിനൊപ്പമെത്തിക്കാന്‍ പോന്നതായിരുന്നു. ഹാഷ്ടാഗുകളുമായി ട്രോള്‍ പേജുകളും വാട്‌സ്ആപ്പ് കൂട്ടായ്മകളും ഒത്തുചേര്‍ന്നപ്പോള്‍ അയാള്‍ക്കൊപ്പമെത്തിയത് ആയിരങ്ങളായിരുന്നു.
ശരവേഗത്തില്‍ ശ്രീജിത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു. അനുജന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ നീതിവേണമെന്ന ആവശ്യം സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് തെരുവിലേക്കിറങ്ങി. കേരളം അന്നോളം കണ്ടിട്ടില്ലാത്ത മറ്റൊരു സമരത്തിനാണ് തലസ്ഥാന നഗരി സാക്ഷിയായത്. 765ദിവസങ്ങള്‍ ഏകനായി സമരം നടത്തിവന്ന ആ മെലിഞ്ഞ രൂപത്തിന് നായകപരിവേഷം ചാര്‍ത്തി. സഹതാപത്തിന്റെ അടിയൊഴുക്കുകള്‍ സെക്രട്ടറിയേറ്റ് നടയില്‍ വീര്‍പ്പുമുട്ടി. ശ്രീജിത്തിനെ സന്ദര്‍ശിച്ച് പ്രമുഖരാവാനും ചിലരെത്തി. ചാനല്‍ ചര്‍ച്ചകള്‍ കൊഴുത്തു. മറ്റൊരു മുല്ലപ്പൂവിപ്ലവത്തിന് കളമൊരുങ്ങുന്നെന്ന അവലോകനങ്ങളെത്തി. പത്രങ്ങളില്‍ വീണ്ടും കസ്റ്റഡി മരണങ്ങളുടെ കണക്കെടുപ്പുകളുടെ മഷിപുരണ്ടു. ഫേസ്ബുക്ക് വാളിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും സ്റ്റാറ്റസുകളിലും സഹതാപം ഒഴുകിയിറങ്ങി.
സമരസ്ഥലത്ത് വര്‍ധിക്കുന്ന യുവജനങ്ങളുടെ എണ്ണം സര്‍ക്കാരിനെ ഇടപെടാന്‍ നിര്‍ബന്ധിതരാക്കി. കസ്റ്റഡി മരണത്തിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനെത്തിയവരെ ശ്രീജിത്തിന് തിരിച്ചറിയാനായില്ല.
സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചയുടനെ സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി അഭിനവ സമരക്കാര്‍ ശ്രീജിത്തിന് സമ്മര്‍ദം കൊടുത്തു. എന്നാല്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കണമെന്നും കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയും സ്വീകരിക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു. അതിനു തീരുമാനമാകാതെ സമരം അവസാനിപ്പിക്കാനാകില്ലെന്ന ശ്രീജിത്തിന്റെ ആവശ്യം ഒത്തുകൂടിയവര്‍ക്ക് ദഹിച്ചില്ല. ഒടുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ സമരം അവസാനിപ്പിക്കുകയാണെന്നും ശ്രീജിത്ത് സമരം തുടരുമെന്നും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ കൂട്ടായ്മ കൈകഴുകി.
സംസ്ഥാന സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്‌തെന്ന് പറയുമ്പോഴും അര്‍ഹമായ നീതി മരീചികയാകുന്നത് ശ്രീജിത്തിനെ വീണ്ടും തളര്‍ത്തുകയാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ നടപ്പാതയില്‍ ഒരറ്റം മുതല്‍ മറ്റേഅറ്റം വരെ അസംഖ്യം ചെറു സമരപ്പന്തലുകളും പ്ലക്കാര്‍ഡുകളും. വാഹനങ്ങളുടെ ഇരമ്പലും മരച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷികളുടെ കലപില ശബ്ദവും ചേര്‍ന്നൊരുക്കുന്ന വികലമായ സിംഫണിക്കിടയില്‍ അയാളിപ്പോഴും ബുദ്ധന്റെ ചിത്രങ്ങള്‍ വരച്ചുകൂട്ടുമ്പോഴും പ്രതീക്ഷയുടെ ഒരുതരി ശേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."