സ്‌കൂള്‍ബസ് കനാലിലേക്ക് മറിഞ്ഞു; കുട്ടികള്‍ക്കും ആയക്കും ഡ്രൈവര്‍ക്കും പരുക്ക്
കോവളം: നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു കുട്ടികളും ആയയും ഡ്രൈവറുമടക്കം 15 പേര്‍ക്ക് പരുക്കേറ്റു. സ്‌കൂള്‍ കുട്ടികളായ മിഥുന്‍ (11), മിഥുല്‍ (7), അനന്തു(10), അഞ്ജന(8), സജില (11), ഭദ്ര (8), അഞ്ജന(8), അഭിരാമി (9), തീര്‍ത്ഥ (5), മഹാദേവന്‍ (4), എബിന്‍ (8), മിഥുന്‍( 7), അബിന്‍ (10), ബസ് ഡ്രൈവര്‍ വിനീത് (38), ബസിലെ ആയ ഗിരിജ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന പരുക്കേറ്റ കുട്ടികളെയും ജീവനക്കാരെയും പുറത്തെടുത്ത് സ്വകാര്യ വാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചത്. മരുതൂര്‍ക്കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച മിനി ബസ് ആണ് ഇന്നലെ രാവിലെ എട്ടോടെ അപകടത്തില്‍പ്പെട്ടത്.
ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്നു പോകാന്‍ കഴിയുന്ന ചൊവ്വര കാവുനട ചാനല്‍ ബണ്ട് റോഡിലാണ് അപകടം ഉണ്ടായത്. റോഡിന്റെ ഒരുവശത്തെ മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. ബസിനുള്ളില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ പരുക്ക് പറ്റിയ കുട്ടികളെ രക്ഷപ്പെടുത്തിയത്.
പരുക്കേറ്റവരെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും എസ്.പി ഫോര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചതായും ബസ് ഡ്രൈവര്‍ക്കും ഒരു കുട്ടിക്കും കൈക്ക് പൊട്ടലുള്ളതായും മറ്റാരുടെയും പരുക്ക് ഗുരുതരമല്ലെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."