സെര്‍വര്‍ തകരാറിലായി; റയില്‍വേ പരീക്ഷ ഉദ്യോഗാര്‍ഥികളെ വലച്ചു
തിരുവനന്തപുരം: റയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഗ്രൂപ്പ് ഡി പരീക്ഷ ഉദ്യോഗാര്‍ഥികളെ വലച്ചു. മൂന്ന് ബാച്ചുകളായി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ സെര്‍വര്‍ തകരാര്‍ സംഭവിച്ചതാണ് വിവിധ ജില്ലകളില്‍ നിന്നെത്തിയവരെ വലച്ചത്.
ഇന്നലെ രാവിലെ 7.30നാണ് ആര്‍.ആര്‍.ബിയുടെ ആദ്യബാച്ച് പരീക്ഷ ആരംഭിച്ചത്. കംപ്യൂട്ടര്‍ അടിസ്ഥാന പരീക്ഷ ആയിരുന്നു ഇത്. ആദ്യ ബാച്ചിന്റെ പരീക്ഷ കൃത്യമായി നടന്നു. പക്ഷേ രണ്ടാം ബാച്ചുകാര്‍ക്ക് കൃത്യസമയത്ത് പരീക്ഷക്കിരിക്കാന്‍ കഴിഞ്ഞില്ല. പരീക്ഷാര്‍ഥികള്‍ നിര്‍ദേശിച്ചിരുന്ന 11.30നു തന്നെ ഹാളില്‍ പ്രവേശിച്ചെങ്കിലും സെര്‍വര്‍ തകരാര്‍ കാരണം പരീക്ഷ എഴുതിത്തുടങ്ങാനായില്ല.
ഇതോടെ രണ്ടാം ബാച്ചുകാര്‍ ഹാളിനുള്ളിലും മൂന്നാം ബാച്ചുകാര്‍ പുറത്തും കാത്തിരിപ്പായി. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുള്ള രാജധാനി എന്‍ജിനിയറിങ് കോളജില്‍ പരീക്ഷക്കെത്തിയ ഉദ്യോഗാര്‍ഥികളോട് ഉദ്യോഗസ്ഥര്‍ പരുഷമായി പെരുമാറിയെന്നും പറയുന്നു. ഒരു മണിക്കൂര്‍ ഉദ്യോഗാര്‍ഥികളുടെ വെരിഫിക്കേഷനും ഒന്നര മണിക്കൂര്‍ പരീക്ഷയുമാണ് നിശ്ചയിച്ചിരുന്നത്.
പക്ഷേ രാവിലെ 11.30ന് പരീക്ഷക്കു കയറിയവര്‍ക്ക് നാല് മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് പുറത്തിറങ്ങാനായത്. അകത്ത് വിദ്യാര്‍ഥികളും പുറത്ത് അവര്‍ക്കൊപ്പം വന്ന രക്ഷിതാക്കളും വെള്ളംപോലും കുടിക്കാനാകാതെ കാത്തുനിന്നു. മാത്രമല്ല അടുത്ത ബാച്ചായി പരീക്ഷക്കു കയറേണ്ടവര്‍ക്ക് ക്യൂവില്‍ കാത്തുനില്‍ക്കേണ്ടിവന്നതും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മൂന്നാമത് ബാച്ചിന്റെ പരീക്ഷ വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."