കല്ലറല്‍ പാലം നന്നാക്കണം പാലം ചെറുതെങ്കിലും അപകട സാധ്യത ചെറുതല്ല
രാജപുരം: ഒടയംചാല്‍-ചെറുപുഴ മേജര്‍ ജില്ലാ റോഡിലുള്ള കാലപ്പഴക്കം ചെന്ന പാലം അപകടാവസ്ഥയില്‍. കാലപ്പഴക്കം കൊണ്ട് കൈവരി ഭൂരിഭാഗവും ദ്രവിച്ചു. അവശേഷിക്കുന്ന ഭാഗം പലപ്പോഴായി വാഹനങ്ങള്‍ തന്നെ ഇടിച്ചും തീര്‍ത്തു. ഒടയംചാലിനടുത്തു കല്ലറല്‍ പാലമാണ് അധികൃതരുടെ അനാസ്ഥയില്‍ അപകട സാധ്യതയുമായി നിലകൊള്ളുന്നത്.
പഴയ രീതിയിലുള്ള പാലമായതിനാല്‍ വീതി നന്നേ കുറവാണ്. ഇതാണ് അപകടത്തിനു കാരണമാകുന്നത്. ഒരു ഭാഗത്ത് ഇറക്കവും എതിര്‍ ഭാഗത്തു വളവും ഉള്ളതു കൊണ്ട് അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ പെട്ടെന്നു പാലത്തില്‍ കയറുന്നു. ഇതാണ് അപകടം വരുത്തുന്നത്.
ഇങ്ങനെ കയറുന്ന വാഹനങ്ങളാണു പാലത്തിന്റെ കൈവരികള്‍ പലപ്പോഴായി തകര്‍ത്തത്. ഭാഗ്യം കൊണ്ടു മാത്രമാണ് വാഹനങ്ങള്‍ തോട്ടിലേക്കു വീഴാതിരിക്കുന്നത്. വീതി കുറഞ്ഞ പാലം കാല്‍നട യാത്രക്കാരായ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്കും ദുരിതമാകുന്നു.
അപകട മുന്നറിയിപ്പ് സൂചനകള്‍ പോലും സ്ഥാപിക്കാത്തത് പ്രദേശം പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."