ആഷസ്: തകര്‍ച്ചയ്ക്ക് ശേഷം ഓസീസ് കരകയറുന്നു
മാഞ്ചസ്റ്റര്‍: ആദ്യത്തെ രണ്ട് ടെസ്റ്റിലും ഓസീസിനെ കരകയറ്റിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നാലാം ടെസ്റ്റിലും പതിവു തെറ്റിച്ചില്ല. ഒപ്പം ലുബുഷെയ്‌നും
പിന്തുണ നല്‍കിയതോടെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഓസീസ് കരകയറുന്നു. രണ്ടിന് 28 എന്ന നിലയില്‍നിന്ന് തകര്‍ന്നടിഞ്ഞ ഓസീസിനെ മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ചുറി(114) കൂട്ടുകെട്ട് ഉയര്‍ത്തിയാണ് പിടിച്ചെഴുന്നേല്‍പ്പിച്ചത്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 170 എന്ന നിലയിലാണ് ഓസീസ്. സ്മിത്തും (60*) ട്രാവിസ് ഹെഡുമാണ്(18*) ക്രീസില്‍.
ടോസ് നേടിയ ആസ്‌്രേതലിയ ബാറ്റിങ് തിരഞ്ഞെടുത്തു. പീറ്റര്‍ സിഡിലിനു പകരം തിരിച്ചെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഇറക്കിയാണ് ഓസീസ് കളി മെനഞ്ഞത്. എന്നാല്‍, പ്രതീക്ഷയോടെ പിച്ചിലിറങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറില്‍ തന്നെ അവര്‍ക്ക് ഫോം കണ്ടെത്താന്‍ ഉഴയുന്ന വാര്‍ണറെ നഷ്ടമായി. സ്‌കോര്‍ ഒന്നില്‍ നില്‍ക്കേ രണ്ട് പന്ത് മാത്രം നേരിട്ട വാര്‍ണര്‍(1) ബ്രോഡിന്റെ പന്തില്‍ കീപ്പര്‍ ബെയര്‍സ്‌റ്റോയ്ക്ക് പിടികൊടുത്തു.
സ്‌കോര്‍ 28ല്‍ നില്‍ക്കേ മാര്‍ക്കസ് ഹാരിസിനെയും(13) പറഞ്ഞയച്ച് ബ്രോഡ് വീണ്ടും ഇംഗ്ലണ്ടിന്റെ നെടുംതൂണായി. തുടര്‍ന്നാണ് സ്മിത്തും (60*) ലബുഷെയ്‌നും(67) ചേര്‍ന്ന് ടീമിനെ പൊടിതട്ടിയെടുത്തത്.
ബ്രോഡിനെക്കൊണ്ട് തോറ്റു
മാഞ്ചസ്റ്റര്‍: 'ഈ ബ്രോഡിനെക്കൊണ്ട് തോറ്റു' നേരിട്ട രണ്ടാം പന്തില്‍ തന്നെ സംപൂജ്യനായി മടങ്ങുമ്പോള്‍ വാര്‍ണറിങ്ങനെ പിറുപിറുത്തിട്ടുണ്ടാവും. എങ്ങനെ മന്ത്രിക്കാതിരിക്കും, പരമ്പരയില്‍ അഞ്ചാം തവണയല്ലേ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ വാര്‍ണറെ പറഞ്ഞയക്കുന്നത്. വാര്‍ണര്‍ സ്റ്റുവര്‍ട്ടിന്റെ പന്ത് പുഷ്പം പോലെ നേരിടുമെന്ന് മത്സരത്തിനു മുന്‍പ് ക്രിക്കറ്റ് ആസ്‌ത്രേലിയ പറഞ്ഞിരുന്നു. പക്ഷേ ഒരു മാറ്റവുമില്ല. ഈ പരമ്പരയില്‍ താരത്തിന്റെ സ്‌കോര്‍ ഇങ്ങനെ...2,8,2,5,61,0,0. ഏഴ് ഇന്നിങ്‌സില്‍ നിന്നായി ഒരു തവണ മാത്രമാണ് രണ്ടക്കം കടന്നത്. ഉള്‍പ്പെട്ടതാവട്ടെ രണ്ട് ഡക്കും. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷമുള്ള ആദ്യ ടെസ്റ്റില്‍ വാര്‍ണറുടെ ദയനീയ പരാജയം ലോകക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."