'രാത്രിയാത്രാ നിരോധനം; സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാക്കണം'
സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധന പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് നീലഗിരി വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ചെയര്‍മാന്‍ പരിസ്ഥിതി സൗഹാര്‍ദപരമായ പരിഹാരമാര്‍ഗ്ഗം സംബന്ധിച്ച് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
കോഴിക്കോട്-മൈസൂര്‍ ദേശീയപാതയില്‍ കേരളത്തിലും കര്‍ണാടകയിലുമായി ഒരു കിലോ.മീറ്റര്‍ വീതം ദൂരമുള്ള അഞ്ച് മേല്‍പ്പാലങ്ങളും ഓരോ കി.മി യിലും പൈപ്പ് ടണലുകളും റോഡിന് ഇരുവശവും സ്റ്റീല്‍ വേലിയും ജൈവവേലിയും, കനോപ്പി പാലങ്ങളും മറ്റും ഉള്‍പ്പെടെയുള്ള ഒരു സംവിധാനമാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ഊട്ടി-ഗുണ്ടല്‍പേട്ട ദേശീയപാതയില്‍ നിലവിലുള്ളപോലെതന്നെ രാത്രിയാത്രാ നിരോധനം തുടരാനും നിര്‍ദേശിച്ചിട്ടുണ്ട്.
458 കോടിയുടെ പ്രാധമിക എസ്റ്റിമേറ്റാണ് പദ്ധതിക്കുവേണ്ടി തയാറാക്കിയിട്ടുള്ളത്. ഇതില്‍ പകുതി തുക കേന്ദ്രസര്‍ക്കാര്‍ വഹിക്കാമെന്ന് കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും വകുപ്പിന്റെ സെക്രട്ടറി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുമുണ്ട്.
പകുതി തുകയായ 229 കോടി രൂപ കേരള സര്‍ക്കാര്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ അടിയന്തിര ഹര്‍ജിയിലാണ് ഈ നടപടികള്‍ സുപ്രീംകോടതിയില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതിനോട് പ്രതികരിക്കാത്തതിനാല്‍ സുപ്രീംകോടതിയുടെ തീരുമാനം നീണ്ടുപോവുകയാണ്.
ഈ സാഹചര്യം മുതലെടുത്ത് ചില തല്‍പ്പരകക്ഷികള്‍ ഈ പദ്ധതി അട്ടിമറിക്കാനായി നീക്കം നടത്തുന്നുണ്ട്.
കോഴിക്കോട്-മൈസൂര്‍ ദേശീയപാത തന്നെ അടച്ചുപൂട്ടി പകരം ബദല്‍പാത കൊണ്ടുവരാനുള്ള ഒരു കച്ചവട മാഫിയ ലോബിയുടെ കുതന്ത്രങ്ങളാണ് ഇതിന് പിന്നില്‍. കമ്മറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചും ചിലവിന്റെ പകുതി വഹിക്കാന്‍ തയാറാണെന്ന് അറിയിച്ചും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാവണമെന്നും ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ഈ ആവശ്യത്തിലേക്ക് സര്‍ക്കാറിന്റെയും ബഹുജനസംഘടകളുടെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി 2018 ഒക്ടോബര്‍ 27 ശനിയാഴ്ച സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഓഫിസ് പരിസരത്ത് സായാഹ്നധര്‍ണ നടത്താനും കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ അഡ്വ.ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി വേണുഗോപാല്‍, അഡ്വ:ജോസ് തണ്ണിക്കോട്, ജോസ് കപ്യാര്‍മല, സി അബ്ദുല്‍ റസാഖ്, ജേക്കബ് ബത്തേരി, അനില്‍ മാസ്റ്റര്‍, ഐസണ്‍ ജോസ്, നാസര്‍ കാസിം, സംഷാദ്, ജോയിച്ചന്‍ വര്‍ഗ്ഗീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."