കൊല്ലം-കൊളംബോ കപ്പല്‍ സര്‍വിസിന്റെ സാധ്യത പരിശോധിക്കും
കൊല്ലം: ശ്രീലങ്കയിലെ കൊളംബോയില്‍നിന്ന് കൊല്ലത്തേക്ക് കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നതിനുള്ള സാധ്യത ആരായുമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. കൊളംബോയില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ഇരുന്നൂറോളം കപ്പല്‍ സര്‍വിസുകള്‍ നടത്തുന്ന എക്സ്പ്രസ് സീഡേഴ്സ് സീനിയര്‍ ഡയറക്ടര്‍ നെല്സന് സെക്കേറയുമായി കൊല്ലം ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ ചര്‍ച്ച നടത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള കാലതാമസം ഒഴിവാക്കിയാല്‍ സര്‍വിസ് തുടങ്ങാനാകുമെന്ന് സെക്കേറ വ്യക്തമാക്കി. ഇതു പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥനെ നിയോഗിക്കുന്നത് പരിഗണിക്കും. കൊല്ലം തുറമുഖത്തിന്റെ സവിശേഷതകളും സാധ്യതകളും വിശദമാക്കുന്ന വിഡിയോ പ്രദര്‍ശനം ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. നിലവില്‍ കൊല്ലം തുറമുഖത്തുള്ള സൗകര്യങ്ങള്‍ തൃപ്തികരമാണെന്ന് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
മാരിടൈം ബോര്‍ഡ് അംഗങ്ങളായ അഡ്വ. മണിലാല്‍, പ്രകാശ് അയ്യര്‍, പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ എബ്രഹാം കുര്യാക്കോസ്, തുറമുഖ മന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ജനാര്ധനന്, പോര്‍ട്ട് ഓഫിസ് ഇന്‍ ചാര്‍ജ് ജിസ്മോന് ജേക്കബ്, ഷിപ്പിങ് ഏജന്‍സി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."