രേഖാമൂലം ആവശ്യപ്പെട്ടാല്‍ ചിഹ്നം അനുവദിക്കുമായിരുന്നു: മോന്‍സ് ജോസഫ്
തിരുവനന്തപുരം: രണ്ടില ചിഹ്നം അനുവദിക്കേണ്ടത് പി.ജെ ജോസഫാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് വര്‍ക്കിങ് ചെയര്മാന് പി.ജെ ജോസഫിനാണ് ചെയര്‍മാന്റെ ചുമതലയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കിട്ടുണ്ട്. രേഖാമൂലം ചിഹ്നം ആവശ്യപ്പെട്ടിരുന്നെങ്കില്‍ അനുവദിക്കുമായിരുന്നു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുടെ വിജയമാണ് ലക്ഷ്യം. അതിനാല്‍ ജോസ് ടോം പുലിക്കുന്നേലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കും. പാലായില്‍ നടക്കുന്ന യു.ഡി.എഫ് കണ്‍വന്‍ഷനില്‍ പി.ജെ ജോസഫും കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട നേതാക്കളും പങ്കെടുക്കും.
പി.ജെ ജോസഫിനെ നേതാവായി അംഗീകരിക്കുകയോ ചിഹ്നം ആവശ്യപ്പെടുന്ന സാഹചര്യമോ ഉണ്ടായാല്‍ മാത്രമേ സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്കാന് കഴിയൂ. എന്നാല്‍, സ്ഥാനാര്‍ഥിനിര്‍ണയം നടന്നപ്പോള്‍ ജോസ് ടോം പുലിക്കുന്നേല്‍ വെളിപ്പെടുത്തിയത് ജോസ് കെ. മാണിയാണ് അദ്ദേഹത്തിന്റെ നേതാവെന്നാണ്. പി.ജെ ജോസഫിന്റെ കൈയില്‍നിന്ന് ചിഹ്നം വാങ്ങാന്‍ തയാറല്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു. ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിതലത്തില്‍ പരിശോധിച്ചു. കോടതിയില്‍ നിലനില്‍ക്കുന്ന കേസും തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലുള്ള പരാതികളുമാണ് നിയമപരമായ തടസങ്ങള്‍. പാര്‍ട്ടി ചെയര്‍മാന്റെ ചുമതല വഹിക്കുന്ന പി.ജെ ജോസഫിനെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച വിവരം അറിയിച്ച് കത്തുനല്‍കിയാല്‍ പ്രശ്നം പരിഹരിക്കാമെന്ന് യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."