കൊല്ലം റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്രവേശന കവാട നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാകും: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന്‍ രണ്ടാം പ്രവേശന കവാടത്തിന്റെ നിര്‍മാണം അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാക്കുന്ന വിധം പ്രവര്‍ത്തികള്‍ പുനക്രമീകരിച്ചതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.
ഇതുസംബന്ധിച്ച് ഇന്നലെ ചെന്നൈ ദക്ഷിണ റയില്‍വേ പ്ലാനിങ് ആന്‍ഡ് ഡവല്പമെന്റ് ചീഫ് എന്‍ജിനീയര്‍ എ.കെ സിന്‍ഹയുടെ സാന്നിധ്യത്തില്‍ കൊല്ലം റയില്‍വേ സ്റ്റേഷനില്‍ ചേര്‍ന്ന ഉന്നതതല യോഗവും സ്ഥല പരിശോധനയും നടത്തിയിരുന്നു. കാലവര്‍ഷം കൊണ്ടും ഫണ്ടിന്റെ അപര്യാപ്ത കൊണ്ടും നിശ്ചയിച്ച പ്രകാരം പ്രവൃത്തി പൂര്‍ത്തികരിക്കാന്‍ ആയില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ കാലതാമസം പരിഹരിക്കുന്ന വിധം പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിക്കാനാണ് തീരുമാനം. ഫുട് ഓവര്‍ ബ്രിഡ്ജിന്റെയും അനുബന്ധ പ്രവൃത്തികള്‍ക്കും ആവശ്യമുള്ള ഒന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്. സര്‍ക്കുലേറ്റിങ് ഏരിയയുടെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും നിര്‍മാണത്തിനായി നിലവിലുള്ള 34 ലക്ഷം രൂപയ്ക്ക് പുറമെ ആവശ്യമായി വരുന്ന അധിക ഫണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ അനുവദിക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും റയില്‍വേ അധികൃതര്‍ യോഗത്തെ അറിയിച്ചു.
എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പ്രവേശന കവാടത്തിന്റെ അന്തിമ രൂപകല്‍പന ദക്ഷിണ റയില്‍വേ അംഗീകരിച്ച് നല്‍കിയിട്ടുണ്ട്. പ്രവേശന കവാടത്തിന്റെയും സര്‍ക്കുലേറ്റിങ് ഏരിയയുടെയും ഫുട് ഓവര്‍ ബ്രിഡ്ജിന്റെയും പണി തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനും പ്രവേശന കവാടത്തിന്റെ നിര്‍മ്മാണം ആരംഭിക്കാനും യോഗം തീരുമാനിച്ചു. തിരുവനന്തപുരം ഡിവിഷണല്‍ എന്‍ജിനീയര്‍ വി. കാര്‍ത്തിക്ക്, അഡീഷണല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ കെ. ശ്രീധര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ പി.എസ് അജയകുമാര്‍ തുടങ്ങിയവര്‍ യോഗത്തിലും സ്ഥല പരിശോധനയിലും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."