കൊല്ലം ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തില്‍
കൊല്ലം: കൊല്ലം ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ഇന്നലെ മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ബൈപാസില്‍ ഉടനീളം വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ അവലോകന യോഗം തീരുമാനിച്ചു. ദേശീയപാത 47ല്‍ (പുതിയ എന്‍.എച്ച് 66) കാവനാട് മുതല്‍ മേവറം വരെ 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതി റിപ്പോര്‍ട്ട് പ്രകാരം മൂന്നു പാലങ്ങളിലും അപ്രോച്ച് റോഡുകളിലും മാത്രമാണ് ലൈറ്റുകളുള്ളത്. ഇതിനു പുറമെ പ്രധാന ജങ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകളുമുണ്ട്. ശേഷിക്കുന്ന ഒന്‍പതു കിലോമീറ്ററോളം മേഖലയില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ കലക്ടര്‍ കണ്‍വീനറായി കമ്മിറ്റി രൂപീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചു. മേയര്‍, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, വൈദ്യുതി ബോര്‍ഡ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കണം. ബൈപാസിന്റെ രണ്ടു വശങ്ങളിലും ലൈറ്റുകള്‍ സ്ഥാപിക്കണം. റോഡ് സുരക്ഷാ നിയമം അനുശാസിക്കുന്ന സിഗ്‌നല്‍ സംവിധാനങ്ങളുമുണ്ടാകണം. ഇവയുള്‍പ്പെടെ പൂര്‍ണമായും സജ്ജമായശേഷമേ ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുക്കൂ. പദ്ധതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത മേഖലകളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെലവ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. നിര്‍മാണ ജോലികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് കരാറുകാര്‍ അറിയിച്ചിട്ടുള്ളത് മന്ത്രി വ്യക്തമാക്കി. ജങ്ഷനുകളിലെ പ്രവൃത്തികള്‍ ഭാവി വികസനംകൂടി കണക്കിലെടുത്ത് നാലുവരിപ്പാതയുടെ അലൈന്‍മെന്റ് അനുസരിച്ച് പൂര്‍ത്തിക്കണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. ബൈപാസ് പദ്ധതിയുടെ ശേഷിക്കുന്ന പ്രവൃത്തികള്‍ അതിവേഗത്തില്‍ പൂര്‍ത്തികരിക്കണമെന്ന് മന്ത്രി കെ. രാജു ആവശ്യപ്പെട്ടു. ബൈപാസ് പദ്ധതിയില്‍ ഉള്‍പ്പെട്ട കാവനാട്, നീരാവില്‍, മങ്ങാട് പാലങ്ങളുടെ നിര്‍മാണവും മേവറം മുതല്‍ കല്ലുംതാഴം വരെ നിലവിലുണ്ടായിരുന്ന ബൈപാസ് റോഡിന്റെ വീതികൂട്ടലും ടാറിങ് ജോലികളും കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. പുതിയതായി നിര്‍മിച്ച കല്ലുംതാഴം മുതല്‍ കാവനാട് വരെയുളള റോഡിന്റെ ബിറ്റുമിനെസ് മെക്കാഡം (ബി.എം) ജോലികള്‍ പൂര്‍ത്തീകരിച്ചു. ആറു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ബിറ്റുമിനെസ് കോണ്‍ക്രീറ്റ് (ബി.സി) ജോലികള്‍ അടുത്ത മാസം പൂര്‍ത്തിയാകും. മാര്‍ക്കിങും സൈന്‍ ബോര്‍ഡുകളും ക്രാഷ് ബാരിയറുകളും സ്ഥാപിക്കുന്നതും ഉടന്‍ ആരംഭിക്കും.
കാവനാട്, കുരീപ്പുഴ, നീരാവില്‍, കടവൂര്‍, മങ്ങാട്, അയത്തില്‍, പാലത്തറ എന്നീ സ്ഥലങ്ങളില്‍ ബസ്‌ബേകളുടെയും ഷെല്‍റ്ററുകളുടെയും നിര്‍മാണം പുരോഗമിക്കുന്നു. പ്രധാന ജങ്ഷനുകളായ കാവനാട്, കടവൂര്‍, കല്ലുംതാഴം, അയത്തില്‍, മേവറം, എന്നിവിടങ്ങളിലെ നവീകരണ ജോലികള്‍ അന്തിമഘട്ടത്തിലാണ്. കാവനാട് ജങ്ഷന്‍, കാവനാട് പാലം, നീരാവില്‍ പാലം, മങ്ങാട് പാലം, കല്ലുംതാഴം ജങ്ഷന്‍ എന്നിവിടങ്ങളിലാണ് മന്ത്രിമാരായ ജി. സുധാകരന്‍, ജെ . മേഴ്‌സിക്കുട്ടിയമ്മ, കെ. രാജു എന്നിവരാണ് സന്ദര്‍ശനം നടത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ എം. നൗഷാദ്, എന്‍. വിജയന്‍പിള്ള, മേയര്‍ വി. രാജേന്ദ്രബാബു, പൊതുമരാമത്ത് സ്‌പെഷ്യല്‍ സെക്രട്ടറി കെ.എന്‍ സതീഷ്, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ തുടങ്ങിയവരും യോഗത്തിലും സന്ദര്‍ശനത്തിലും പങ്കെടുത്തു.
കോസ്റ്റ് കണ്‍സള്‍ട്ടന്‍സി ടീം ലീഡര്‍ ശെല്‍വരാജ്, ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് ഡയരക്ടര്‍ റെജി എം. ചെറിയാന്‍, ആര്‍.ഡി.എസ് പ്രോജക്ട്‌സ് മാനേജിങ് ഡയരക്ടര്‍ സുമിത് ഗോയല്‍, പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍, സൂപ്രണ്ടിങ് എന്‍ജീനീയര്‍ സതീശന്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഡോ. സിനി, എ.സി.പി എ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."