പ്രതിയെ സഹായിച്ചയാളുടെ ഓട്ടോ കത്തിനശിച്ച നിലയില്‍
തിരൂര്‍: പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിയെ സഹായിച്ചയാളുടെ ഓട്ടോ കത്തിനശിച്ച നിലയില്‍. പറവണ്ണ ബീച്ച് റോഡിലെ കമ്മാക്കാന്റെ പുരക്കല്‍ ഷാഹുല്‍ ഹമീദിന്റെ ഓട്ടോയാണ് ഇന്നലെ പുലര്‍ച്ചെ അഗ്നിക്കിരയായത്. പറവണ്ണ മുസ്ലിം ജമാഅത്തിന് കീഴിലുള്ള സ്കൂള്‍ വളപ്പിലാണ് ഓട്ടോ നിര്‍ത്തിയിട്ടിരുന്നത്. ഓട്ടോ പൂര്‍ണമായും കത്തിനശിച്ചു.
കഴിഞ്ഞ 16ന് രാത്രി പറവണ്ണയില്‍ ട്രിപ്പ് പോകാത്ത വൈരാഗ്യത്തിന് മുഹമ്മദ് യാസീന്‍ എന്ന ഓട്ടോ ഡ്രൈവറെ പള്ളാത്ത് ആദം കുത്തിക്കൊലപ്പെടുത്തിയിരുന്നു. കേസില്‍ ആദമിന്റെ സഹോദരന് നൗഷാദും പ്രതിയാണ്. സംഭവത്തിന് രണ്ട് ദിവസം മുന്‍പ് വിദേശത്ത് നിന്നെത്തിയ ഇയാള്‍ കേസില്‍ പെട്ടതോടെ വിദേശത്തേക്ക് രക്ഷപ്പെടുകയുണ്ടായി. നൗഷാദിന്റെ സുഹൃത്തും വാഹനത്തിലെ ഡ്രൈറുമാണ് ഷാഹുല്‍ഹമീദ്. നൗഷാദിന് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്തത് ഷാഹുല്ഹമീദാണെന്നാണ് ആരോപണം. ഇതിനിടെയാണ് സംഭവം. ഓട്ടോ ഓടിച്ചിരുന്നത് തൊട്ടിക്കണ്ടി ഇബ്രാഹിംകുട്ടി എന്ന ബാബുവാണ്. ഇയാളും നൗഷാദിന്റെ ആത്മ സുഹൃത്താണെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ തിരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."