ദേശീയപാത വികസനം; കുടുംബങ്ങള്‍ക്ക് മൂന്നുവര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല
വടകര: തലശ്ശേരി- മാഹി ബൈപാസില്‍ അഴിയൂര്‍ ഭാഗത്തെ ദേശീയപാതയുടെ സ്ഥലമെടുപ്പില്‍ ഭൂമിനഷ്ടപ്പെട്ടവര്‍ രേഖകള്‍ സമര്‍പ്പിച്ചിട്ട് മൂന്നു വര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി.
അഴിയൂര്‍ പഞ്ചായത്തിലൂടെ ദേശീയപാത കടന്നുപോകുന്ന സ്ഥലത്തെ നൂറുകണക്കിന് ആളുകളാണ് ആധാരം ഉള്‍പെടെ നഷ്ടപരിഹാരം ലഭിക്കാനുള്ള രേഖകള്‍ ലാന്റ് അക്വിസിഷന്‍ ഓഫിസില്‍ സമര്‍പ്പിച്ച് കാത്തിരിക്കുന്നത്.
നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി തവണ ജില്ലാകലക്ടര്‍ ഭൂവുടമകളുടെ യോഗം വിളിച്ച് നല്ല വില നല്‍കാമെന്ന് പറഞ്ഞെങ്കിലും മൂന്നുവര്‍ഷമായിട്ടും ചുവപ്പുനാടയുടെ കുരുക്ക് അഴിഞ്ഞില്ല. ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് അഴിയൂര്‍ മുതല്‍ വെങ്ങളം വരെ നിലവിലുള്ള പാത 45 മീറ്ററില്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും അടക്കമുള്ള വിഷയങ്ങളില്‍ പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് മൂന്നുവര്‍ഷമായിട്ടും പണം കിട്ടാത്തവര്‍ ഇക്കൂട്ടത്തിലുണ്ടെന്ന് തെളിയുന്നത്.
കഴിഞ്ഞ ദിവസം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചോറോട് പഞ്ചയാത്തിലുള്ളവര്‍ വ്യക്തമായ വിവരം യോഗത്തില്‍ പറഞ്ഞില്ലെന്ന് അധികാരികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പുതിയ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുതുക്കിയ നഷ്ടപരിഹാരതുകയുടെ ഉത്തരവ് വന്നുകഴിഞ്ഞാല്‍ മൂന്നുവര്‍ഷം മുമ്പ് കുറഞ്ഞ തുകയ്ക്ക് സമ്മതിച്ച ഭൂവുടമകള്‍ സമരത്തിലേക്ക് നീങ്ങുമെന്നതാണ് അധികാരികളെ അസ്വസ്ഥരാക്കുന്നത്. അതേസമയം നിലവിലുള്ള പാത വികസനത്തിന് ഒപ്പം മാത്രമെ അഴിയൂര്‍ ഭാഗത്തെ ആളുകള്‍ക്കും നഷ്ടപരിഹാരം ലഭിക്കുകയുള്ളു എന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."