സഞ്ജീവ് ഭട്ടിന്റെ കേസ് വേണ്ടെന്ന് പറഞ്ഞ് ഗുജറാത്ത് ജഡ്ജി ഹരജി ഒഴിവാക്കി
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്ന് സംഘ്പരിവാരിന്റെ പ്രതികാരനടപടിക്കിരയായ മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്റെ ഹരജി പരിഗണിക്കാന്‍ ജഡ്ജിമാര്‍ക്ക് മടി. അവസാനമായി ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് വി.ബി മായാനിയാണ് കേസില്‍ നിന്ന് ഒഴിഞ്ഞുമാറിയത്. കഴിഞ്ഞദിവസം കേസ് പരിഗണിക്കാനെത്തിയപ്പോള്‍ 'എന്റെ മുമ്പാകെ വേണ്ട' എന്നു പറഞ്ഞ് ജഡ്ജി ഒഴിഞ്ഞുമാറുകയായിരുന്നു. പ്രത്യേക കാരണങ്ങളൊന്നും വിശദീകരിക്കാതെയായിരുന്നു വാദം കേള്‍ക്കുന്നതില്‍ നിന്ന് അവര്‍ വിട്ടുനിന്നത്.
1990ലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജാംനഗറിലെ സെഷന്‍സ് കോടതിയാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിനുശിക്ഷിച്ചത്. അതുമുതല്‍ തടവില്‍ കഴിയുന്ന സഞ്ജീവിന്റെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സഞ്ജീവ് ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പൊലിസ് സൂപ്രണ്ടായിരിക്കെ മരിച്ച പ്രഭുദാസ് വൈഷണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. കലാപമഴിച്ചുവിട്ടതിന്റെ പേരില്‍ വൈഷണി ഉള്‍പ്പെടെ 133 പേരെ സഞ്ജീവിന്റെ നേതൃത്വത്തിലുള്ള പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്‍പതുദിവസമാണ് വൈഷണി കസ്റ്റഡിയില്‍ കഴിഞ്ഞത്. ജാമ്യത്തില്‍ ഇറങ്ങി പത്തുദിവസത്തിനുശേഷമാണ് അദ്ദേഹം മരിച്ചത്.
വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റെക്കോര്‍ഡുകളിലുള്ളതെങ്കിലും 29 വര്‍ഷം മുന്‍പുള്ള ഈ കേസിന്റെ പേരില്‍ സഞ്ജീവിനെ ഗുജറാത്ത് പൊലിസ് വേട്ടയാടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."