2017-18 സാമ്പത്തിക വര്‍ഷം ജില്ലാശുപത്രിയില്‍ രണ്ടുകോടി രൂപയുടെ വികസനം നടപ്പാക്കും
മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2.8 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജില്ലാശുപത്രിയുടെ വികസന പ്രവര്‍ത്തികള്‍ക്കാണ് ജില്ലാ പഞ്ചായത്ത് മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നാലു കോടി 25 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ നടത്തിയതായും അവര്‍ പറഞ്ഞു.
സ്ത്രീകളില്‍ ഉണ്ടാകുന്ന സ്തനാര്‍ബുദം മുന്‍കൂട്ടി കണ്ടുപിടിച്ച് ചികിത്സ നല്‍കുന്നതിനുള്ള മാമോ ഗ്രാഫി യൂനിറ്റ് ജില്ലാ ആശുപത്രിയില്‍ ആരംഭിക്കും. ഇതിനായി 42,36695 രൂപ നീക്കിവയ്ക്കുകയും കേരള മെഡിക്കല്‍ കോര്‍പറേഷന്‍ വഴി ഉപകരണം വാങ്ങിക്കാന്‍ പണം നല്‍കിയിട്ടുമുണ്ട്.
ഇറ്റലിയില്‍ നിന്നുള്ള ഉപകരണങ്ങള്‍ രണ്ട് മാസത്തിനകം ലഭ്യമാക്കാമെന്ന് കോര്‍പറേഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉപകരണം ലഭ്യമായാല്‍ ഒരു മാസത്തിനകം യൂനിറ്റ് ആരംഭിക്കും. 18 പ്രൊജക്ടുകളില്‍ മാലിന്യ പ്ലാന്റ് ഉള്‍പ്പെടെ രണ്ട് പ്രൊജക്ടുകളാണ് പൂര്‍ത്തിയാകാനുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കേണ്ട പ്രൊജക്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
ജില്ലാ ആശുപത്രിയിലെ ഏറ്റവും വലിയ പ്രതിസന്ധിയായ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിര്‍മിക്കാന്‍ 1 കോടി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റ നിര്‍മാണം ജുലൈയില്‍ ആരംഭിച്ച് മാര്‍ച്ച് മാസത്തിനകം പൂര്‍ത്തീകരിക്കും. ആശുപത്രിയുടെ വികസനത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ അഞ്ച് ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വയോധികര്‍ക്കായി ജെറിയാട്രിക് വാര്‍ഡ്, സോറിയാസിസ് രോഗ ചികിത്സ സൗകര്യം തുടങ്ങിയവയും പദ്ധതിയിലുണ്ട്.
രണ്ട് വര്‍ഷം കൊണ്ട് ഐ.എസ്.ഒ.സര്‍ട്ടിഫിക്കറ്റ് നേടുകയാണ് ലക്ഷ്യമെന്നും നിലവിലെ തീവ്രപരിചരണ വിഭാഗം സൗകര്യപ്രദമായ സ്ഥലത്തേക്ക് ഉടന്‍ മാറ്റി സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ സായാഹ്ന ഒ.പി.യില്‍ ഒരു ഡോക്ടറെ നിയമിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ നിന്ന് ജില്ലാ ആശുപത്രിയെ ഒഴിവാക്കിയത് നീതീകരിക്കാനാകില്ല. ജില്ല ആശുപത്രിക്ക് മുന്നില്‍ അടുത്ത കാലത്ത് ചില യുവജന സംഘടനകള്‍ നടത്തിയ സമരങ്ങള്‍ പബ്ലിസിറ്റി ലക്ഷ്യം വച്ചാണെന്നും എച്ച്.എം.സി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പായ കാര്യങ്ങള്‍ക്കാണ് സമരം നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, അംഗങ്ങളായ എ പ്രഭാകരന്‍, എ ദേവകി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."