ബംഗളൂരു- മൈസൂരു റോഡ് സ്തംഭിപ്പിച്ചു, ബസുകള്‍ക്ക് തീയിട്ടു
ശരീഫ് കൂലേരി
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങള്‍ പലയിടത്തും അക്രമത്തില്‍ കലാശിച്ചു. മിക്കയിടത്തും റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞു. നാലുബസുകള്‍ കല്ലേറില്‍ തകര്‍ന്നു. രണ്ടുബസുകള്‍ക്ക് തീയിട്ടു. ബംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കനകാപുരയില്‍ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ക്ക് നേരേ കല്ലേറുണ്ടായി.
മൈസൂരു-ബംഗളൂരു റൂട്ടില്‍ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിതന്നെ ബസ് സര്‍വിസുകള്‍ നിര്‍ത്തിവച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ മുന്‍കരുതലെന്നോണം മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നില്ല. ശിവകുമാറിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച ബന്ദ് അക്രമത്തിലേക്ക് വഴിമാറി. മൈസൂരു-ബംഗളൂരു ഹൈവേയില്‍ ഗതാഗതം മുടങ്ങി.
കേരള ആര്‍ടിസി ബസുകള്‍ ഇതുവഴിയുള്ള സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കര്‍ണാടകത്തില്‍ സംസ്ഥാന വ്യാപക ബന്ദാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ശിവകുമാറിന്റെ തട്ടകമായ ബംഗളൂരു റൂറല്‍, രാമനഗരം ജില്ലകളില്‍ പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങി. ബംഗളൂരു-മൈസൂരു ഹൈവേ പ്രതിഷേധക്കാര്‍ തടഞ്ഞു. കനകപുരയിലും രാമനഗരയിലുമാണ് ബസുകള്‍ക്ക് സമരക്കാര്‍ തീയിട്ടത്.
ചൊവ്വാഴ്ച രാത്രി ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത വിവരം പുറത്തുവന്നയുടനെ തന്നെ 10 ബസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇന്നലെ രാമനഗരയില്‍ സര്‍വിസ് നടത്തരുതെന്ന കര്‍ണാടക ആര്‍.ടി.സി ബസുകളോട് പൊലിസ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ സര്‍വിസ് തുടങ്ങിയിരുന്ന ബസുകള്‍ പലയിടത്തും നിര്‍ത്തിയിട്ടു. ചിലത് വഴിതിരിച്ചുവിട്ടു. മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വസതിക്ക് സുരക്ഷ ശക്തമാക്കി. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലെ ബി.ജെ.പി ഓഫിസുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. ഇതിനിടെ വൊക്കലിംഗ സമുദായക്കാരായ പല ബി.ജെ.പി നേതാക്കളും അറസ്റ്റില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ റോസ് അവന്യുവിലെ പ്രത്യേക സി.ബി.ഐ കോടതി ഈ മാസം 13 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ശിവകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നടപടി. നാലു ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെ ചൊവ്വാഴ്ച വൈകിട്ടാണ് ശിവകുമാര്‍ അറസ്റ്റിലായത്. ഇന്നലെ പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനു മുന്നില്‍ ഹാജരാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് 14 ദിവസം കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടു.
ശിവകുമാറിനെ നാലുദിവസമായി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് കോടതില്‍ വാദിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. അതിനാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടേണ്ടത് അനിവാര്യമാണ്. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ അദ്ദേഹം മനപ്പൂര്‍വം ശ്രമിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് പണം പിടിച്ചെടുത്തത് സംബന്ധിച്ച് വിശദീകരിക്കാന്‍ അദ്ദേഹം തയാറായിട്ടില്ലെന്നും നടരാജ് വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."