'ഗോദ'യിലെ ബീഫിനെ പുകഴ്ത്തല്‍; കേരളത്തിലായത് കൊണ്ട് ജനം ആസ്വദിച്ചു: ബേസില്‍ ജോസഫ്
കല്‍പ്പറ്റ: 'ഗോദ' എന്ന സിനിമയിലെ ബീഫിനെ പുകഴ്ത്തുന്ന രംഗങ്ങള്‍ കേരളത്തിലായത് കൊണ്ടാണ് ജനങ്ങള്‍ ആസ്വദിച്ചതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. മറിച്ച് ഉത്തരേന്ത്യയിലെ ഒരു സിനിമയിലാണ് ഇപ്പോള്‍ ഇത്തരമൊരു സീനെങ്കില്‍ ഒരുപക്ഷെ തിയേറ്റര്‍ പോലും വച്ചേക്കില്ല.
മലയാളികളുടെ ആസ്വാദന നിലവാരമാണ് ഇതിലൂടെ പ്രകടനമായതെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ്‌ക്ലബിലെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബേസില്‍ ജോസഫ്. ഭക്ഷണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് ശരിയല്ല. മലയാളികളുടെ ദേശീയഭക്ഷണമായാണ് ബീഫിനെ സിനിമയില്‍ ടൊവിനൊ വിശേഷിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ബീഫ് നിരോധിച്ച സംഭവത്തെ അടിസ്ഥാനമാക്കി തയാറാക്കിയ ആക്ഷേപഹാസ്യമായിരുന്നു അത്. സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് പുതിയ നിരോധനം നിലവില്‍ വന്നത്. അതോടെ തിയേറ്ററുകളില്‍ നിലക്കാത്ത കൈയടിയാണ് ലഭിക്കുന്നത്. ചില തിയേറ്ററുകള്‍ക്ക് സമീപം ബീഫ് വിതരണം ചെയ്യുന്ന സംഭവവും ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
എം.ടിയുടെ നോവല്‍ രണ്ടാമൂഴം മോഹന്‍ലാല്‍ നായകനായി സിനിമയാവുമ്പോള്‍ മഹാഭാരതം എന്ന് പേരിടാന്‍ അനുവദിക്കില്ലെന്ന് ചിലര്‍ പറയുന്നു. തന്റെ ആദ്യ സിനിമയുടെ പേര് കുഞ്ഞിരാമായണം എന്നായിരുന്നു.
ഈ പശ്ചാത്തലത്തിലായിരുന്നുവെങ്കില്‍ രാമായണത്തെ ചെറുതാക്കി എന്ന ആരോപണവും കേള്‍ക്കേണ്ടി വന്നേനെയെന്നും ബേസില്‍ പരിഹസിച്ചു. 2015 സെപ്തംബറിലാണ് ഇത്തരമൊരു വിഷയത്തിലുള്ള സിനിമയെ കുറിച്ച് പ്ലാന്‍ ചെയ്യുന്നത്.
പല പ്രശ്‌നങ്ങള്‍മൂലം സിനിമ നീണ്ടു. ഇതിനിടയില്‍ ഗുസ്തി പ്രമേയമായി ഹിന്ദിയില്‍ ദംഗലും സുല്‍ത്താനും പുറത്തിറങ്ങി. എങ്കിലും മലയാളത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ പുറത്തിറക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. അതിനെ മലയാള സിനിമാ പ്രേമികള്‍ അംഗീകരിക്കുകയും ചെയ്തിരിക്കുകയാണ്- ബേസില്‍ ജോസഫ് പറഞ്ഞു. മീറ്റ്ദപ്രസില്‍ ഷമീര്‍ ബത്തേരി അധ്യക്ഷനായി. കെ.എ അനില്‍കുമാര്‍ സ്വാഗതവും ജംഷീര്‍ കൂളിവയല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."