സുജിത്തിന് രാജവെമ്പാല വെറും നീര്‍ക്കോലി
വെള്ളമുണ്ട: പാമ്പുകളുടെ രാജാവായ രാജവെമ്പാലയെ പിടിയിലാക്കി വീണ്ടും തന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് സുജിത്ത് വയനാട്. ജനവാസ മേഖലയായ പുളിഞ്ഞാല്‍ നെല്ലിക്കച്ചാല്‍ ആദിവാസി കോളനിയിലെ സ്ത്രീകള്‍ വെള്ളമെടുക്കാന്‍ പോയ സമയത്തായിരുന്നു രാജവെമ്പാല കുറ്റിക്കാട്ടില്‍ കിടക്കുന്നതായി കണ്ടത്.
ഉടന്‍തന്നെ ഇവര്‍ വെള്ളമുണ്ട സെക്ഷന്‍ ഫോറസ്റ്റ് ഓഫിസില്‍ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രാജവെമ്പാലക്കായുള്ള തിരച്ചില്‍ തുടങ്ങി. ഇതിനിടയില്‍ സുജിത്തിനെ വനംവകുപ്പ് അധികൃതര്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ സുജിത്ത് മിനുട്ടുകള്‍ക്കകം രാജവെമ്പാലയെ പിടികൂടി.
പിടികൂടിയ രാജവെമ്പാലയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തിയെങ്കിലും ഇര വിഴുങ്ങിയതിനാല്‍ പാമ്പിന് ഇഴയാന്‍ സാധിച്ചില്ല. പിടിക്കുന്നതിനിടെ നേരത്തെ വിഴുങ്ങിയ പെരുമ്പാമ്പിനെ പാമ്പ് ഛര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് അധികൃതര്‍ ദാഹജലം നല്കി. ഇതോടെ പൂര്‍ണ ആരോഗ്യവാനായ പാമ്പിനെ പ്രദേശവാസികളുടെ സുരക്ഷയെ മാനിച്ച് ഉള്‍വനത്തിലേക്ക് വിട്ടയച്ചു. ഏതാണ്ട് അഞ്ചുവയസ് പ്രായവും ഏഴ്കിലോ ഭാരവും 10 അടിയിലേറെ നീളവുമുള്ള പെണ് രാജവെമ്പാലയെയാണ് സുജിത്ത് പിടികൂടിയത്.
മാസങ്ങള്‍ക്ക് മുന്‍പ് മുന്‍മന്ത്രി പി.കെ ജയലക്ഷ്മിയുടെ തറവാട്ടു വളപ്പില്‍ നിന്നും മറ്റൊരു രാജവെമ്പാലയെയും സുജിത്ത് പിടികൂടിയിരുന്നു. ഫോറസ്റ്റര്‍ ജോണ്സണ്, ബീറ്റ് ഫോറസ്റ്റര്‍മാരായ റെജിമോന്, രാജേഷ്, ബാലകൃഷ്ണന്, വാച്ചര്‍മാരായ കുങ്കന്, ഷിബി എന്നിവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."