റഷ്യയും ഇന്ത്യയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് എതിര്: മോദി
വ്‌ളാദിവോസ്‌തോക്(റഷ്യ): ഇന്ത്യയും റഷ്യയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കശ്മിര്‍ പ്രശ്‌നത്തില്‍ ഇടപെടാനുള്ള യു.എസിന്റെ താല്‍പര്യത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി ഇങ്ങനെ പറഞ്ഞത്. പുടിനുമൊന്നിച്ചുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങള്‍ രണ്ടുപേരും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുള്ളവര്‍ ഇടപെടുന്നതിന് എതിരാണെന്നാണ് മോദി പറഞ്ഞത്. ജമ്മുകശ്മിര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാടിനെ റഷ്യ പിന്തുണയ്ക്കുന്നതായി പുടിന്‍ പറഞ്ഞു. അവിടെയുണ്ടായ മാറ്റങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടാണെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് റഷ്യയിലെത്തിയ മോദി വ്യാപാരം, നിക്ഷേപം, എണ്ണ, ഗ്യാസ്, ആണവോര്‍ജം, പ്രതിരോധം, ബഹിരാകാശം, നാവിക മേഖലകളിലെ സഹകരണം ഊര്‍ജിതമാക്കുന്നതും റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്തു. പ്രതിരോധം, ഊര്‍ജം, വാണിജ്യം, വ്യോമയാനം, സമുദ്രയാനം, എണ്ണ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് 15 കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവച്ചു. ചെന്നൈയില്‍ നിന്ന് റഷ്യയിലെ വ്‌ളാദിവോസ്‌തോകിലേക്ക് സമുദ്രപാത ഉണ്ടാക്കുന്ന കാര്യവും ചര്‍ച്ചയില്‍ വന്നു.
വ്യാവസായിക രംഗത്തെ സഹകരണം വര്‍ധിപ്പിക്കാനും ഉന്നതസാങ്കേതിക രംഗത്തു സഹകരണം ഊര്‍ജിതമാക്കാനും ഇരു നേതാക്കളും കരാറിലെത്തി. ഇതനുസരിച്ച് റഷ്യന്‍ പദ്ധതികളില്‍ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപമിറക്കും. മേക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ റഷ്യയുടെ സഹകരണം വിപുലമാക്കും.
ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരം 17 ശതമാനം വര്‍ധിച്ച് 1,100 കോടി ഡോളറിലെത്തിയതായി പുടിന്‍ പറഞ്ഞു. ഇന്ത്യക്കും യൂറേഷ്യന്‍ എക്‌ണോമിക് യൂനിയനും ഇടയില്‍ സ്വതന്ത്ര വ്യാപാര ഇടം രൂപപ്പെടുത്തുന്നതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 33 ലക്ഷം ടണ്‍ എണ്ണയാണ് റഷ്യ ഇന്ത്യക്കു നല്‍കിയത്.
ഇതിനു പുറമെ അഞ്ചരലക്ഷം ടണ്‍ എണ്ണയുല്‍പന്നങ്ങളും 45 ലക്ഷം ടണ്‍ കല്‍ക്കരിയും ഇന്ത്യക്കു നല്‍കി- പുടിന്‍ ചൂണ്ടിക്കാട്ടി. സൈനിക-സാങ്കേതിക രംഗത്ത് 2020 വരെ ഉഭയകക്ഷി സഹകരണം വളര്‍ത്തുന്നത് 10 വര്‍ഷത്തേക്കു കൂടി നീട്ടാനും തീരുമാനിച്ചു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് റഷ്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് റഷ്യയിലെ സമുന്നത സിവിലിയന്‍ ബഹുമതിയും സമ്മാനിച്ചു. ഇന്ത്യ-റഷ്യ 20ാം വാര്‍ഷിക ഉച്ചകോടിയിലെ പ്രതിനിധിതല ചര്‍ച്ചയിലും ഇരു നേതാക്കളും പങ്കെടുത്തു. ഈസ്‌റ്റേണ്‍ എകണോമിക് ഫോറം ഉച്ചകോടിയിലും മോദി മുഖ്യാതിഥിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."