ജൂണ്‍ 10 പിന്നിട്ടു; പെയ്യാന്‍ മടിച്ച് കാര്‍മേഘം
മാനന്തവാടി: ജൂണ്‍ പത്ത് പിന്നിട്ടിട്ടും ജില്ലയില്‍ കാലവര്‍ഷം ശക്തമായില്ല. ജൂണ്‍ ഒന്ന് മുതല്‍ തന്നെ മറ്റ് ജില്ലകള്‍ക്കൊപ്പം വയനാട്ടിലും കാലവര്‍ഷം ശക്തമാവുമെന്നായിരുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട്. എന്നാല്‍ പത്ത് ദിവസം പിന്നിട്ടിട്ടും മഴ ലഭിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം ജില്ലയില്‍ 66 ശതമാനം മഴയുടെ കുറവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മഴ ശക്തമാകാതായതോടെ കുടിവെള്ള ക്ഷാമവും ജില്ലയില്‍ പലയിടങ്ങളിലും തുടരുകയാണ്. കിണറുകളിലും പുഴകളിലും ഇപ്പോഴും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിയുന്ന കുടുംബങ്ങളാണ് ഇപ്പോഴും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
വെള്ളമുണ്ട, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ പല ഉയര്‍ന്ന പ്രദേശങ്ങളിലും കിണറുകളില്‍ വെള്ളമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെളളം കണ്ടെത്തുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ഏഴുവരെയുള്ള ആഴ്ചയില്‍ ജില്ലയില്‍ 32.8 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഈകാലയളവില്‍ 97.6 മില്ലീമീറ്റര്‍ മഴയായിരുന്നു ജില്ലയില്‍ ലഭിക്കേണ്ടിയിരുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചതും വയനാട് ജില്ലയിലാണ്. എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളില്‍ 50 ശതമാനത്തിലധികം മഴയാണ് ഈ കാലയളവില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ജില്ലയില്‍ 65 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വേനല്‍ മഴയില്‍ ഏഴു ശതമാനത്തോളം വര്‍ധനവ് ജില്ലയില്‍ രേഖപ്പെടുത്തിയിരുന്നു.
ഇതോടെയാണ് കനത്ത വരള്‍ച്ചയില്‍ നിന്നും അല്‍പ്പം ആശ്വാസമായത്. ജൂണില്‍ കാലവര്‍ഷം ശക്തമാകുന്നതോടെ കുടിവെള്ള പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടിവെള്ള പ്രശ്നമനുഭവിക്കുന്നവര്‍ക്ക്. എന്നാല്‍ പത്ത് ദിവസം പിന്നിട്ടിട്ടും കാര്യമായി മഴ ലഭിക്കാത്തത് ആശങ്കക്കിടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."