വംശീയതയുടെ പുതിയ ആഖ്യാനതന്ത്രങ്ങള്‍
ഇന്നേവരെ അടക്കിപ്പറഞ്ഞിരുന്ന വംശീയ ഘോഷണങ്ങള്‍ക്ക് മുഴക്കവും മൂര്‍ച്ചയും കൂടുന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ തിരിച്ചുവരവിലൂടെ സംഭവിച്ചത്. അപാരമായ ആത്മവിശ്വാസം നല്‍കുന്ന ഭൂരിപക്ഷവും, പ്രതിപക്ഷത്തിന്റെ അനൈക്യവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആത്മനാശവും മോദിഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന പ്രതിരോധങ്ങളെ നിശ്ശബ്ദമാക്കാന്‍ സി.ബി.ഐ റെയ്ഡ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാം. ബി.ജെ.പിയുടെ രണ്ടാംവരവിലെ മൃഗീയഭൂരിപക്ഷം ന്യായാധിപന്‍മാരെ ഭയപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യുമെന്ന സന്ദേഹവും ചില നിയമജ്ഞര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. മൊത്തത്തില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല.
കശ്മിര്‍ വിഷയത്തില്‍ കെജ്‌രിവാളും മോദി സര്‍ക്കാരിനെ പിന്തുണച്ചപ്പോള്‍ പലരും അത്ഭുതപ്പെട്ടു കണ്ടു. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. കെജ്‌രിവാളിന്റേത് കേവലം എന്‍.ജി.ഒ രാഷ്ട്രീയം മാത്രമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒരു സങ്കീര്‍ണതയേയും അദ്ദേഹം അഭിസംബോധന ചെയ്തില്ല. ചരിത്രബോധമില്ലാത്ത രാഷ്ട്രീയക്കാരനാണ് കെജ്‌രിവാള്‍. അവ്യക്തമായ ഒരു ക്ഷേമരാഷ്ട്രവും അത്രതന്നെ അവ്യക്തതയാര്‍ന്ന അഴിമതിവിരുദ്ധതയുമാണ് കെജ്‌രിവാളിന്റെ രാഷ്ട്രീയം. അദ്ദേഹത്തിന്റെ ലാളിത്യമെന്ന നാട്യത്തിനകത്ത് ഒരു ഏകാധിപതിയുണ്ട്. ആം ആദ്മി പാര്‍ട്ടിയിലെ ധിഷണാശാലികളൊക്കെ കൊഴിഞ്ഞുപോകാന്‍ കാരണം അതാണ്. കെജ്‌രിവാള്‍ അഭിസംബോധന ചെയ്യുന്നത് മൃദുഹിന്ദുത്വ സ്വഭാവമുള്ള ഒരു മധ്യവര്‍ഗത്തെയാണ്. ആ മധ്യവര്‍ഗം മുസ്‌ലിംകളെ അപരന്‍മാരായി കാണുന്നു. സംഘ്പരിവാറിന്റേതുപോലെ പുറമേയ്ക്ക് തീവ്രമായി പ്രത്യക്ഷപ്പെടുന്നില്ല എന്നേയുള്ളൂ.
മായാവതിയുടെ അവസ്ഥയും ഇതു തന്നെ. ഇവരുടെയൊന്നും ബി.ജെ.പി വിരുദ്ധത ആശയപരമോ ആദര്‍ശപരമോ അല്ല. ബി.ജെ.പി മുന്നണിയില്‍ ചേര്‍ന്നാല്‍ അവര്‍ പ്രതീക്ഷിക്കുന്ന ഇടത്തിന്റെ വിസ്തീര്‍ണം കുറഞ്ഞുപോകുന്നത് മാത്രമാണ് ഇവരുടെ പ്രശ്‌നം. മായാവതി, കെജ്‌രിവാള്‍, അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്കും ഒരു സംഘം കോണ്‍ഗ്രസ് നേതാക്കള്‍ക്കും മേല്‍ ഭയത്തിന്റെ പുതപ്പ് വിരിക്കുന്നതില്‍ നരേന്ദ്രമോദിയും അമിത്ഷായും വിജയിച്ചു.
വംശീയതയുടെ രാഷ്ട്രീയത്തിന് എപ്പോഴും പുതിയ ആഖ്യാനങ്ങള്‍ ആവശ്യമാണ്. ബാബ്‌രി മസ്ജിദ് ഒരാഖ്യാനമായിരുന്നു. അത് പഴകിപ്പോയി. അതുകൊണ്ട് നേടാവുന്നതൊക്കെ നേടിക്കഴിഞ്ഞു. പിന്നെ വന്നത് പശുവാണ്. അതിന്റെ സാധ്യതയും പരിമിതമാണ്. പശുമാംസത്തെ ചൊല്ലിയുള്ള വേട്ട ആള്‍ക്കൂട്ടത്തെ ഉപയോഗിച്ചുകൊണ്ട് പ്രത്യക്ഷത്തില്‍ ഭരണകൂടത്തിന് പങ്കില്ലെന്നു പറഞ്ഞുകൊണ്ട് നടന്നതായിരുന്നുവെങ്കില്‍ കശ്മിരും, അസമും, വംശവെറിയുടെ ഘടന തന്നെ മാറ്റി മറിക്കുന്നു. ആള്‍ക്കൂട്ട ആക്രമണം പോലെയല്ല ഇത്. ഇരകളാവാന്‍ പോകുന്നത് ലക്ഷക്കണക്കിനു മനുഷ്യരാണ്. വംശീയവേട്ടയ്ക്ക് നേരിട്ടുതന്നെ സൈന്യങ്ങളെ ഉപയോഗിക്കുകയാണ്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയ തകര്‍ച്ച നേരിടുകയാണ്. പാവപ്പെട്ടവന്റെയും മധ്യവര്‍ഗക്കാരന്റെയും ജീവിതം ഇനിമേല്‍ ദുസ്സഹമാവും. വന്‍ കമ്പനികള്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥയാവും. നിക്ഷേപകര്‍ പിന്‍വാങ്ങും. ജി.ഡി.പി കൂപ്പുകുത്തും. ദാരിദ്ര്യം പെരുകും. തൊഴിലില്ലായ്മ രൂക്ഷമാവും. തെരുവുകള്‍ കലാപകലുഷിതമാവും. ഭരണകൂടത്തിനുതന്നെ അത് ഭീഷണിയാവും. ഇതിനെ നേരിടാന്‍ പുതിയ വംശീയ ആഖ്യാനങ്ങള്‍ വേണ്ടിവരും. മുസല്‍മാനെ അപരത്വം കല്‍പ്പിച്ച് പുറത്താക്കണമെന്നു പറയും. കപടമായൊരു രാമരാജ്യ സങ്കല്‍പ്പത്തില്‍ (ഇതാണ് സംഘ്പരിവാറിന്റെ ക്ഷേമരാഷ്ട്രം) പാവപ്പെട്ടവനെ തളച്ചിടും. വിശപ്പിന്റെ രാഷ്ട്രീയത്തിലേയ്ക്ക് ജനതയെ ഉണരാന്‍ അനുവദിക്കില്ല. അപ്പപ്പോള്‍ പുതിയ വംശീയ ആഖ്യാനങ്ങള്‍ പിറന്നുകൊണ്ടിരിക്കും. അതാണ് അസമും കശ്മിരും.
വംശഹത്യയുടെ തേങ്ങലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. സാംസ്‌കാരികവും മാനവികവുമായും ബംഗ്ലാദേശ് ഇന്ത്യയുടെ അപരത്വമാവുക വയ്യ. എല്ലാ അര്‍ഥത്തിലും ഇന്ത്യയോട് ചേര്‍ന്നു നില്‍ക്കേണ്ട രാജ്യമാണത്. കിഴക്കന്‍ ബംഗാളിന്റെയും പടിഞ്ഞാറന്‍ ബംഗാളിന്റെയും ഒരേ ഭാഷ. ഒരേ വസ്ത്രധാരണ രീതി. ഒരേ ഭക്ഷണരീതി. വംശീയ പൗരത്വ സങ്കല്‍പനം സാധ്യമേയല്ല. യഥാര്‍ഥത്തില്‍ ബംഗ്ലാദേശ് നേപ്പാള്‍ പോലെയോ ഭൂട്ടാന്‍ പോലെയോ ആവേണ്ട കാര്യമേയുള്ളൂ ഇന്ത്യയ്ക്ക്. അങ്ങോട്ടും ഇങ്ങോട്ടും അതിരുകളില്ലാത്ത വിനിമയം നടക്കണം. അത് സാധ്യമാകാത്തത് മുസ്‌ലിംകളെ അപരന്‍മാരായി പ്രഖ്യാപിക്കുന്നതുകൊണ്ടാണ്. ബംഗ്ലാദേശിന് ഹിന്ദു അപരത്വവും വേണം. അതിന്റെ ഫലം ഒന്നു മാത്രം. കുറേ മനുഷ്യര്‍ വംശീയതയുടെ ഇരകളായി ഒടുങ്ങും. മുറിവേറ്റ് ജീവിക്കും. ഒന്നിപ്പിന്റെ സ്‌നേഹശാസ്ത്രത്തെ വംശീയത അട്ടിമറിച്ചതിന്റെ ചരിത്രം ലോകത്തുടനീളമുണ്ട്. അസം പരീക്ഷണത്തില്‍ പിളര്‍ന്നുപോകുന്നത് കുടുംബങ്ങളാണ്. ഹൃദയങ്ങളാണ്.
ആഖ്യാനങ്ങള്‍ മാറുന്നതിനൊപ്പം അതിന്റെ പ്രചാരണത്തിന് പുതിയ ബിംബങ്ങള്‍ വേണം. കെ.ആര്‍ ഇന്ദിര പ്രത്യക്ഷപ്പെടുന്നത് അങ്ങനെയാണ്. ശശികല ഒരിക്കല്‍ പറഞ്ഞതൊക്കത്തന്നെയാണ് ഇന്ദിരയും പറയുന്നത്. ശശികലയ്ക്കിപ്പോള്‍ മാര്‍ക്കറ്റില്ല. സംഘ്പരിവാറിന് പുതിയ വിഷകലകള്‍ വേണം. ആകാശവാണിയില്‍ ഉയര്‍ന്ന ജോലിയായതിനാല്‍ ഇന്ദിരയ്ക്ക് കുറച്ച് പരിമിതികള്‍ കാണും. മിക്കവാറും രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞാല്‍ അവര്‍ പെന്‍ഷന്‍ പറ്റും. പിന്നെ ശരിക്കും കാവിയണിഞ്ഞ് തെരുവിലിറങ്ങാം. ശശികലയുടെ അന്നം മുടക്കാം. കുറച്ചുകഴിഞ്ഞാല്‍ ഇന്ദിരയും പഴകും. സംഘ്പരിവാരത്തിനുവേണ്ടാതാവും. അദ്വാനിയെ വേണ്ടാതായി. പ്രവീണ്‍ തൊഗാഡിയയെ വേണ്ടാതായി. പിന്നെയല്ലേ ശശികലയും ഇന്ദിരയും. കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കാം ഇന്ദിരയ്ക്കും. അത്രയേ ഉള്ളൂ. ഇതേ അളവില്‍ വംശീയ പ്രചാരണം നടത്തുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹം ഇപ്പോള്‍ ഇടതുപക്ഷ മുന്നണിക്കൊപ്പമാണെന്നും വെറുതെ ഓര്‍ക്കാം.
എം.എസ്.എഫിന്റെ പതാകയ്ക്കുനേരെ എസ്.എഫ്.ഐ ഉയര്‍ത്തിക്കൊണ്ട് വരികയും സംഘ്പരിവാര്‍ ഏറ്റെടുക്കുകയും ചെയ്ത വിവാദത്തേയും ഇതേ വംശീയ പ്രചരണത്തിന്റെ ഭാഗമായി കാണണം. തീവ്രദേശീയതകൊണ്ട് എസ്.എഫ്.ഐക്കാര്‍ പുളകിതരാവുന്നതു കാണുമ്പോള്‍ ചിരിവരും. ചെഗുവേരയുടെ മുഖം പതിച്ച പതാകയും ഏറ്റി നടക്കുന്നവരാണ് എസ്.എഫ്.ഐയും, ഡി.വൈ.എഫ്.ഐയും. ഇതു കണ്ടാല്‍തോന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത് ചെ ഗുവേരയാണെന്ന്. പാര്‍ട്ടി ഓഫിസുകളില്‍ ലെനിനും മാര്‍ക്‌സും സ്റ്റാലിനും എംഗല്‍സും ഇപ്പോഴും ചുമരില്‍ തൂങ്ങുന്നു. അവര്‍ക്കൊപ്പം ഇപ്പോഴുമില്ല മഹാത്മാ ഗാന്ധി.
പതാകകളിലെ നിറസാമ്യം വിവാദമാക്കുമ്പോള്‍ ഒരു കാര്യം ചോദിക്കേണ്ടിവരും. സി.പി.എം പതാകയിലും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതാകയിലും ചുവപ്പുണ്ട്. അരിവാളും ചുറ്റികയുമുണ്ട്. ഇതിന്റെ രാഷ്ട്രീയത്തെ ലീഗുകാര്‍ക്കും വ്യാഖ്യാനിക്കാമല്ലൊ അല്ലേ പേരാമ്പ്ര സംഭവം സി.പി.എമ്മിനകത്ത് വളരുന്ന ഹിന്ദുത്വ വംശീയബോധത്തിന്റെ പ്രകടനം തന്നെയാണ്. ഒന്നോര്‍ത്താല്‍ സി.പി.എമ്മും ഒരു ഹിന്ദു പാര്‍ട്ടി തന്നെയാണ്. ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്ലിലെ മുസ്‌ലിം ഇടമേ സി.പി.എമ്മിലും മുസല്‍മാനുള്ളൂ. ഇതു പറയുമ്പോള്‍ ചൊടിച്ചിട്ട് കാര്യമൊന്നുമില്ല. ഒരു കാര്യം ഉറപ്പിച്ചു തന്നെ പറയുന്നു. ലോകത്തെ പല രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പതാകയിലെ ചുവപ്പു നിറവും അരിവാളും ചുറ്റികയുമൊക്കെ സി.പി.എമ്മിന് പകര്‍ത്താനും ഉയര്‍ത്താനുമുള്ള സ്വാതന്ത്ര്യം ജനാധിപത്യപരമാണെങ്കില്‍ അതേ സ്വാതന്ത്ര്യം മുസ്‌ലിം ലീഗിനുമുണ്ട്.
പതാകകളിലെ നിറമോ അടയാളമോ ഒന്നുമല്ല വിലയിരുത്തേണ്ടത്. പതാക ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനം രാജ്യത്ത് സ്വീകരിക്കുന്ന നിലപാടാണ്. ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബ് ഉയര്‍ത്തിപ്പിടിച്ചതും ഇതേ പച്ച പതാകയായിരുന്നു. ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗമായിരുന്നു അദ്ദേഹം. മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ തപാല്‍ സ്റ്റാമ്പും ഭാരതസര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. പിന്നെ എപ്പോഴാണ് പച്ചക്കൊടി അഗ്നിക്കിരയാക്കപ്പെടേണ്ട ചിഹ്നമായി മാറിയത്? ബി.ജെ.പി അധികാരത്തിലെത്തിയതോടെയല്ലേ? വംശീയവേട്ടക്ക് മുസ്‌ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനും ഇരയാവുകയാണ്.
പക്ഷേ, സി.പി.എം കാണുന്ന ചെറുവൃത്തത്തിനകത്തല്ല കാര്യങ്ങളുടെ കിടപ്പ്. സംഘ്പരിവാരത്തെ ഒരു കൈ സഹായിച്ച് യു.ഡി.എഫിനെ തളര്‍ത്തി അധികാരം നിലനിര്‍ത്താമെന്നതാണ് സി.പി.എം അജണ്ട. അത്തരം വിജയങ്ങളെ സ്വപ്നം കാണുമ്പോള്‍ ബംഗാളിലേക്കും തൃപുരയിലേക്കും ഒന്നു നോക്കാവുന്നതാണ്.
എം.കെ മുനീര്‍ പറഞ്ഞത് എല്ലാവര്‍ക്കും ശ്രദ്ധിക്കാം. 'സംഘ്പരിവാര്‍ കേരളത്തെ ലക്ഷ്യമിട്ടുകഴിഞ്ഞു. ന്യൂനപക്ഷ രാഷ്ട്രീയത്തിന് ആഴത്തില്‍ വേരുള്ളത് അവരെ അസ്വസ്ഥരാക്കുന്നു'. പച്ചപ്പതാക കത്തിക്കുന്നത് ഒരു തുടക്കം മാത്രം. അസമില്‍നിന്ന് കേരളത്തിലേക്ക് അധികം ദൂരമുണ്ടാവില്ല ഇനി. ഇന്ത്യന്‍ ഫാസിസത്തിന്റെ മുതലവായ് തുറന്നുകഴിഞ്ഞു. മുതലയെനേരിടേണ്ട ജനാധിപത്യ പ്രസ്ഥാനങ്ങള്‍ പരസ്പരം കലഹിച്ച് മുതലവായില്‍ അകപ്പെടുന്ന ദാരുണതയ്ക്ക് മഹാഭാരതം സാക്ഷിയാവുകയാണോ?.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."