HOME
DETAILS

സി.പി.എമ്മിന്റെ തെറ്റുതിരുത്തല്‍ നാടകം

  
backup
September 04 2019 | 22:09 PM

interrogation-drama-of-cpim-ramesh-chennithalas-article-771795-2

 

 


ശബരിമല യുവതീപ്രവേശനം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നും അതുമൂലം വിശ്വാസികള്‍ പാര്‍ട്ടിയില്‍ നിന്നകന്നുവെന്നുമുള്ള സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തലില്‍ വലിയ അത്ഭുതം തോന്നേണ്ട കാര്യമില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍, ഞങ്ങള്‍ക്ക് തെറ്റുപറ്റിയേ എന്ന് തലയില്‍ കൈവച്ച് സമ്മതിക്കുകയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് വഴിക്കാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഈ നിലപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ കാപട്യവും ആശയപരമായ പാപ്പരത്വവും, മറനീക്കി പുറത്തുവരുന്നത് കാണാം.
കേരളത്തിലെ സി.പി.എം മുമ്പെങ്ങുമില്ലാത്തവിധം ചെന്നുപെട്ടിരിക്കുന്ന വലിയ പ്രതിസന്ധിയുടെ നേര്‍ചിത്രമാണ് മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും വാക്കുകളിലൂടെ പുറത്തുവരുന്നത്. ഇറങ്ങുകയും ചെയ്തു, മഴ നനയുകയും ചെയ്തു, വീട്ടിലെത്തിയതുമില്ല എന്ന അവസ്ഥയാണ് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എമ്മിനുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വാരിക്കൂട്ടി നിലത്തടിച്ചപ്പോഴാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ തല നേരെ ആയത്. അതോടെ വിശ്വാസികളുടെ മുമ്പില്‍ മുഖം രക്ഷിച്ചില്ലെങ്കില്‍ അപകടമാണെന്ന് മനസിലാക്കിയ പാര്‍ട്ടി നേതൃത്വം തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി. എന്നാല്‍ മുഖ്യമന്ത്രിക്കാകട്ടെ ചുമ്മാ കിട്ടിയ നവോഥാന നായകപട്ടം അങ്ങനെ അങ്ങ് ഉപേക്ഷിക്കാനും വയ്യ. ചുരുക്കത്തില്‍ വിശ്വാസികളുടെ മുമ്പില്‍ പിടിച്ചുനില്‍ക്കാനും അതേസമയം മുഖ്യമന്ത്രിയുടെ നവോഥാന നായക ഇമേജ് നിലനിര്‍ത്താനുമുള്ള കപട നാടകമാണ് വിശ്വാസികള്‍ എതിരായി, തെറ്റു പറ്റിപ്പോയി എന്നൊക്കെയുള്ള വിലയിരുത്തലുകള്‍.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നും സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിക്കതില്‍ കാര്യമില്ലെന്നുമുള്ള ഒരുതരം മുടന്തന്‍ ന്യായവാദമാണ് തെറ്റ് പറ്റിയെന്ന പ്രസ്താവനയില്‍ അന്തര്‍ലീനമായിരിക്കുന്നത്. ആ നിലപാട് ശുദ്ധ കാപട്യവും ഭീരുത്വവും ആണ്. ഈ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാന്‍ സി.പി.എമ്മും ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരും ഒരേ മനസോടെയാണ് ശ്രമിച്ചത്. ബി.ജെ.പിയെ കേരളത്തില്‍ എങ്ങനെയെങ്കിലും പച്ചപിടിപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ ഇതിന് പിന്നിലുണ്ടായിരുന്നുള്ളൂ. പക്ഷെ ആ നീക്കം അമ്പേ പാളുകയും, സി.പി.എമ്മിനെയും ബി.ജെ.പിയെയും കേരളത്തിലെ ജനങ്ങള്‍ സമ്പൂര്‍ണമായി കൈയ്യൊഴിയുകയും ചെയതപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി തെറ്റ് പറ്റിപ്പോയി എന്ന ഏറ്റ് പറച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ് സി.പി.എം കേരള ഘടകം.
ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടായ കാലം മുതല്‍ തെറ്റു ചെയ്യുക, തിരുത്തുക എന്നതാണ് അവയുടെ ശീലം. ഇത്രയുമധികം ഭീമാബദ്ധങ്ങളും മണ്ടത്തരങ്ങളും ചെയ്തു കൂട്ടുകയും പിന്നീട് തെറ്റ് പറ്റിപ്പോയി എന്ന് വിലപിക്കുകയും ചെയ്ത മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ചരിത്രത്തിലില്ല. 1947ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അത് ബൂര്‍ഷ്വാസ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് സായുധ വിപ്ലവത്തിനിറങ്ങിയത് മുതല്‍ ട്രാക്ടറിനും കംപ്യുട്ടറിനും എന്തിന് എ.ടി.എമ്മിനെതിരേ വരെ എടുത്ത നിലപാടുകളും നടത്തിയ സമരങ്ങളും പിന്നീട് തെറ്റായെന്ന് പറഞ്ഞ് തിരുത്തിയ പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സി.പി.എം.
തങ്ങളുടെ ജനവഞ്ചനകളും രാഷ്ട്രീയ കാപട്യങ്ങളും തുറന്ന് കാട്ടപ്പെടുമ്പോള്‍ തന്ത്രപരമായി അതില്‍നിന്ന് രക്ഷപ്പെടാന്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ ഉപയോഗിക്കുന്ന ലൊടുക്കുവിദ്യയാണ് തങ്ങള്‍ക്ക് തെറ്റ് പറ്റിപ്പോയി, അത് തിരുത്തുമെന്നുമൊക്കെയുള്ള വിലാപങ്ങള്‍. നാട്ടിന്‍പുറങ്ങളില്‍ കക്കാനിറങ്ങുന്നവരെ ആളുകള്‍ പിടിച്ച് കെട്ടിയിടുമ്പോള്‍ അവര്‍ രക്ഷപ്പെടാന്‍ പറയാറുള്ള ഡയലോഗുണ്ട്, ''മോഷ്ടിക്കാനൊന്നുമല്ല, വെറുതെ നിങ്ങളെയൊക്കെ പരീക്ഷിക്കാന്‍ വേണ്ടി ഇറങ്ങിയതാണെന്ന്''. അതേ അവസ്ഥയാണ് ശബരിമല വിഷയത്തില്‍ ഇപ്പോള്‍ സി.പി.എം നേരിടുന്നത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് എന്ന സി.പി.എമ്മിന്റെ സ്ഥിരം തന്ത്രത്തെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ കൈയോടെ പിടികൂടി. അതിന്റെ ജാള്യത മറക്കാനാണീ പുതിയ കുമ്പസാരം. മുഖ്യമന്ത്രിയാകെട്ട നവോഥാന നായക പരിവേഷം തലയ്ക്ക് പിടിച്ചതിന് ശേഷം ലക്കും ലഗാനുമില്ലാത്ത അവസ്ഥയിലാണ്. തെറ്റ് പറ്റിയത് ആര്‍ക്കാണ് മുഖ്യമന്ത്രിക്കോ, പാര്‍ട്ടിക്കോ, അതോ രണ്ട് പേര്‍ക്കുമോ ഈ ചോദ്യത്തിന് മുന്നില്‍ തന്ത്രപൂര്‍വം ഒളിച്ച് കളിക്കുകയാണ് സി.പി.എം.

ശബരിമല യു.ഡി.എഫിന്
രാഷ്ട്രീയ വിഷയമല്ല
സി.പി.എമ്മിനും ബി.ജെ.പിക്കും ശബരിമല യുവതീപ്രവേശന വിധി വര്‍ഗീയ രാഷ്ട്രീയ മുതലെടുപ്പിനുള്ള സുവര്‍ണാവസരമായിരുന്നെങ്കില്‍ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇതുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ആശങ്കകള്‍ പരിഹരിക്കുക എന്ന ഏക അജണ്ട മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. സുപ്രിം കോടതി വിധിയില്‍ മേലുള്ള ഏതുതരം വര്‍ഗീയ രാഷ്ട്രീയ മുതലെടുപ്പിനും യു.ഡി.എഫ് ആദ്യം മുതലേ എതിരായിരുന്നു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്നാല്‍ വര്‍ഗീയതക്കൊപ്പം നില്‍ക്കുക എന്നല്ല, മറിച്ച് മേതതരത്വത്തിനൊപ്പം നില്‍ക്കുക എന്നതാണ്. ശബരിമലയെ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ യു.ഡി. എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല.
സി.പി.എമ്മും ബി.ജെ.പിയും ആസൂത്രണം ചെയ്ത് ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുക എന്ന അജണ്ടയെ പൊതുജനമധ്യത്തില്‍ തൊലിയുരിച്ച് കാണിക്കാനും, ആ നിലപാട് ജനങ്ങളെ ബോധ്യപ്പടുത്താനും യു.ഡി.എഫിന് കഴിയുകയും ചെയ്തു. ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെ ന്യായീകരിക്കാന്‍ പുതിയ ഭാഷ്യങ്ങളുമായി രംഗത്തുവന്ന് ഇനിയും നാണം കെടാതിരിക്കുന്നതാണ് സി.പി.എമ്മിനും സര്‍ക്കാരിനും നല്ലത്.

ബി.ജെ.പിയെ വളര്‍ത്താന്‍
ഇനിയും ശ്രമിക്കരുത്
കേരളത്തില്‍ ബി.ജെ.പിയെയും സംഘ്പരിവാറിനെയും വളര്‍ത്താനുള്ള ശ്രമത്തില്‍നിന്ന് സി.പി.എം ഇനിയും പിന്തിരിഞ്ഞിട്ടില്ല. ബി.ജെ.പി ആകാശംമുട്ടെ വളരുമെന്നും അതോടെ യു.ഡി.എഫ് അപ്രസക്തമാകുമെന്നും കരുതി മനപ്പായസമുണ്ണുന്ന സി.പി.എം നേതൃത്വം ഇനിയെങ്കിലും ഒന്ന് മനസിലാക്കണം. കോണ്‍ഗ്രസ് മാത്രമാണ് സമ്പൂര്‍ണ ആര്‍.എസ്.എസ് വിരുദ്ധരായി എന്നും നിലകൊണ്ടിട്ടുള്ളത്. 1925ല്‍ ആര്‍.എസ്.എസിന്റെ ആരംഭകാലം മുതല്‍ ഇന്നുവരെ ആ സംഘടന അവരുടെ പ്രതിയോഗിയായി കണ്ട ഇന്ത്യയിലെ ഒരേഒരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ആണ്. അതുകൊണ്ട് കോണ്‍ഗ്രസിനെയും അത് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ മുന്നണിയായ യു.ഡി.എഫിനെയും സംഘ്പരിവാറിനെ ഉപയോഗിച്ച് ദുര്‍ബലെപ്പടുത്താന്‍ സി.പി.എം ശ്രമിക്കുമ്പോള്‍ അവര്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ് ചെയ്യുന്നത്.
ശബരിമല മാത്രമല്ല, വിശ്വാസികളുമായി ബന്ധപ്പെട്ട ഒരു വിഷയവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ളതല്ല. ജനങ്ങളെ ഭിന്നിപ്പിക്കാനും വേണ്ടിയുള്ളതല്ല. എല്ലാ മതവിശ്വാസി സമൂഹങ്ങളും, അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ബഹുമാനിക്കെപ്പടുകയും അംഗീകരിക്കെപ്പടുകയും വേണം. അങ്ങനെ സംഭവിക്കുമ്പോഴേ വര്‍ഗീയതക്ക് സൂചി കുത്താന്‍ പോലും ഇടം ലഭിക്കാതിരിക്കുകയുള്ളൂ. കേരളത്തിലെ സി.പി.എം ഇനിയെങ്കിലും ഇത് തിരിച്ചറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  7 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  20 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  26 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  37 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  40 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago