അന്തേവാസികളെ കാത്ത് മണലയത്തെ വൃദ്ധസദനം; ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനം തുടങ്ങാനായില്ല
വട്ടിയൂര്‍ക്കാവ്: നിയോജകമണ്ഡലത്തിലെ മണലയത്ത് ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷമായിട്ടും വൃദ്ധസദനം പ്രവര്‍ത്തനസജ്ജമായിട്ടില്ല. അന്തേവാസികളെ ലഭിക്കാത്തതാണ് ഇതിനു കാരണം. കഴിഞ്ഞ 2012ലാണ് വൃദ്ധസദനത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിരവധി തവണ ഉദ്ഘാടനപരിപാടികളും നടത്തുകയുണ്ടായി. തിരുവനന്തപുരം നഗരസഭയുടെ മേല്‍നോട്ടത്തിലുള്ളതാണ് മണലയത്തുള്ള വൃദ്ധസദനം. സ്ത്രീ അന്തേവാസികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 10 ഓളം പേരെ ഇവിടെ പ്രവേശിപ്പിക്കാനാകും. ഇതിനാവശ്യമായ കിടക്കകള്‍ ഒരുക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ വൃദ്ധസദനത്തിന്റെ മേല്‍നോട്ടച്ചുമതലയുമായി ഇവിടെയുണ്ട്. ഇവര്‍ക്ക് നഗരസഭ ജോലിയില്ലാതെ ശമ്പളം നല്‍കിക്കൊണ്ടിരിക്കുകയാണ്. ഒരു സെക്യൂരിറ്റി ക്യാബിന്‍, മാനേജറുടെ റൂം, 10 അന്തേവാസികള്‍ക്കുള്ള വിശാലമായ ഹാള്‍, ഒരു കിച്ചണ്‍, ഒരു ഡയനിംഗ് ടേബിള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് വൃദ്ധസദനം. ഇവിടെ 2 കെയര്‍ടേക്കര്‍മാരെയും 3 സഹായികളെയും നിയമിക്കേണ്ടതുണ്ട്. ഇവരുടെ നിയമനം നടത്തണമെങ്കില്‍ ആവശ്യത്തിന് അന്തേവാസികളെ ലഭിക്കണം. തിരുവനന്തപുരം കല്ലടിമുഖത്തുള്ള വൃദ്ധസദനവും മണലയത്തെ വൃദ്ധസദനവും ഒരേസമയം പ്രവര്‍ത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കല്ലടിമുഖത്ത് 8 അന്തേവാസികളെ ലഭിച്ചിട്ടുണ്ടെന്നും മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു. കൗണ്‍സിലര്‍മാര്‍ മുഖാന്തരവും പരസ്യം നല്‍കിയുമാണ് അന്തേവാസികളെ തെരഞ്ഞെടുക്കേണ്ടത്. എന്നിട്ടും ആളെക്കിട്ടിയില്ല. പൊതുവെ ഒറ്റപ്പെട്ട സ്ഥലവും ഉയര്‍ന്ന സ്ഥലവുമാണ് മണലയം. ഈ ബുദ്ധിമുട്ടുകാരണമാകാം ഇവിടെ ആളെത്താത്തതെന്നും മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നു. ഉദ്്ഘാടനം കഴിഞ്ഞ് വര്‍ഷം പിന്നിട്ടതോടെ വൃദ്ധസദനത്തിലേക്കു വാങ്ങിയ നിരവധി ഉപകരണങ്ങള്‍ നശിക്കുമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്.ഒരു ഫ്രിഡ്ജ് മരുന്നു സൂക്ഷിക്കുന്നതിനുവേണ്ടി വാങ്ങിയത് കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തനമില്ലാതെ കിടക്കുന്നു. മണലയത്തെ വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുമോ, ആരംഭിക്കുമെങ്കില്‍ അതെന്നാകും എന്നുള്ള കാര്യം ഇപ്പോഴത്തെ വാര്‍ഡ് കൗണ്‍സിലര്‍ക്കും അറിയില്ല. 50 ലക്ഷത്തോളം രൂപ നഗരസഭ-പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ വൃദ്ധസദനം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ലക്ഷങ്ങളാണ് വെറുതെ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."