മില്‍സ് തുറക്കുന്നത് പ്രതിസന്ധികള്‍ മറികടന്ന്
ഉദുമ: ഉദുമ ടെക്‌സ്‌റ്റൈല്‍സ് മില്‍സ് തുറക്കുന്നതോടെ ഉത്തര മലബാറില്‍ ഇനി പ്രതീക്ഷകളുടെ നൂല്‍നൂല്‍പ്പ്. ഉത്തര മലബാറിലെ ഏറ്റവും വലിയ വ്യവസായശാല പ്രവര്‍ത്തന ക്ഷമമാകുന്നതോടെ തദ്ദേശീയരടക്കമുള്ള നിരവധി പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കും. മില്‍സില്‍നിന്നു വിദേശത്തേക്ക് നൂല്‍ കയറ്റിയയക്കുക കൂടി ചെയ്യുന്നതോടെ ഉദുമ സ്പിന്നിങ് മില്‍സ് രാജ്യാന്തര പ്രശസ്തിയിലേക്ക് ഉയരും.
11088 ആണ് ഉദുമ ടെക്‌സ്റ്റൈല്‍ മില്‍സിന്റെ സ്പിന്‍ഡില്‍ ശേഷി. 30 കോടി ചെലവഴിച്ചാണ് ഇപ്പോള്‍ സ്പിന്നിങ് മില്‍സ് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നത്. വര്‍ഷത്തില്‍ 25 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. 24 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന മില്‍സില്‍നിന്ന് 3600 കിലോഗ്രാം കോട്ടണ്‍ നൂലിന്റെ പ്രതിദിന ഉല്‍പാദനമാണ് പ്രതീക്ഷിക്കുന്നത്. 179 പേര്‍ക്കു നേരിട്ടും 900 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ സാധ്യതയുണ്ട്. 600 കെ.വി വൈദ്യുതി ഉപഭോഗം പ്രതീക്ഷിക്കുന്ന ഉദുമ ടെക്സ്റ്റൈല്‍ മില്‍സ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ജില്ലയുടെ വ്യവസായ തളര്‍ച്ചയിലെ നാഴികകല്ലാവും.
ഏറെ പ്രതിസന്ധികള്‍ കടന്നാണ് ഉദുമ ടെക്സ്റ്റൈല്‍ മില്‍സ് യാഥാര്‍ഥ്യമാവുന്നത്. ഏറെക്കാലം പൂട്ടിക്കിടന്നതിനാല്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാന്‍ 10 കോടി രൂപ വേണ്ടിയിരുന്നു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ 10 കോടി രൂപ അനുവദിച്ചുവെങ്കിലും സാങ്കേതിക കുരുക്കില്‍ കുടുങ്ങി. തുടര്‍ന്ന് കാസര്‍കോട് വികസന പാക്കേജില്‍നിന്നു പണം അനുവദിച്ചാണ് തുടര്‍പ്രവര്‍ത്തനം സാധ്യമാക്കിയത്. ഉദ്ഘാടനത്തിനുശേഷം മൂന്നുമാസം ട്രയല്‍ റണ്ണായിരിക്കും. ഇതിനിടയില്‍ ഉല്‍പാദിപ്പിക്കുന്ന നൂല്‍ കാണിച്ച് ആഭ്യന്തര വിപണിയില്‍ നൂല്‍വില്‍പന നടത്തും. പിന്നീട് കയറ്റുമതിയിലേക്കു തിരിയും. ജര്‍മ്മനിയില്‍ നിന്നടക്കമെത്തിച്ച ആധുനിക മെഷിനുകള്‍ ഉപയോഗിച്ചാണ് ഇവിടെ നൂല്‍നൂല്‍പ്പ് നടത്തുക.
സ്‌കൂള്‍ കുട്ടികളുടെ യൂനിഫോം ഉണ്ടാക്കുന്നതിനുള്ള നൂല്‍ വിതരണം ചെയ്യുന്നതിന് പദ്ധതി തയാറാക്കുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."