ജോലി വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ജോലി വാഗ്ദാനം നല്‍കി കബളിപ്പിച്ചു യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസ്സിലെ മുഖ്യപ്രതികളെ സിറ്റി ഷാഡോ പൊലിസ് പിടികൂടി. ഒരു യുവതിയടക്കം ആറുപേരുള്ള സംഘത്തിലെ രണ്ട് പേരാണ് ഇപ്പോള്‍ പിടിയിലായത്. മലയിന്‍കീഴ് അഭി എന്ന അഭിലാഷ് (30), കഴക്കൂട്ടം നെഹ്‌റു ജംങ്ഷനില്‍ മണകാട്ട് വിളാകത്ത് വീട്ടില്‍ ലാല്‍ എന്ന ഹരിലാല്‍ (39) എന്നിവരെയാണ് മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ ഏപ്രില്‍ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിതി കൃഷ്ണ എന്ന യുവതിയടക്കമുളള സംഘമാണ് ആര്യങ്കാവ് സ്വദേശിയായ യുവതിയെ വീട്ടുജോലി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചത്. നിതികൃഷ്ണയാണ് യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ട് ജോലി നല്‍കാമെന്ന് അറിയിച്ചത്. കേശവദാസപുരത്ത് എത്താന്‍ പറഞ്ഞ ശേഷം കാറുമായി അവിടെയെത്തിയ സംഘം യുവതിയെ കയറ്റി നന്ദന്‍കോട്, പ്ലാമൂട്ടിലുള്ള ഫ്‌ളാറ്റിലെത്തിക്കുകയും ചെയ്ത ശേഷം അവിടെ തങ്ങാന്‍ ആവശ്യപ്പെട്ടു.ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി തിരികെ പോകണമെന്ന് വാശി പിടിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി ബലാല്‍ക്കാരമായി മുറിയില്‍ പൂട്ടിയിട്ടു. സംഘത്തിലെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.പുറത്തുള്ളവരുമായി ബന്ധപ്പെടാതിരിക്കാനായി ഫോണും ഇവര്‍ നശിപ്പിച്ചിരുന്നു. ബഹളമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ കാറില്‍ കയറ്റി ഒരു സ്വകാര്യാശുപത്രിക്കു സമീപമുള്ള ഫ്‌ളാറ്റിലും പ്ലാമൂട്ടിലെ ഫ്‌ളാറ്റിലും പുറത്തുള്ള ആള്‍ക്കാരെ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു. ഈ വിവരങ്ങള്‍ പുറത്ത് പറഞ്ഞാല്‍ വീട് അറിയാമെന്നും യുവതിയെയും കുഞ്ഞിനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി പറഞ്ഞ് വീണ്ടും മുറിയില്‍ പൂട്ടിയിട്ടു. മുറിയില്‍ ഉണ്ടായിരുന്ന ഫോണില്‍ നിന്നും പൊലിസ് കണ്‍ട്രോള്‍ റൂമില്‍ യുവതി സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് പൊലിസ് എത്തിയാണ് യുവതിയെ രക്ഷിച്ചത്. ആറോളം പ്രതികളുള്ള കേസില്‍ നിതികൃഷ്ണയെയും ദീപക് എന്നയാളെയും നേരത്തേ പിടികൂടിയിരുന്നു.ഇവരെ പിടികൂടിയതറിഞ്ഞ്, ഒളിവില്‍ മാറി മാറി താമസിച്ച അഭിലാഷിനെയും ഹരിലാലിനെയും കഴക്കൂട്ടത്തുള്ള ഒളിസങ്കേതത്തില്‍ നിന്നുമാണ് ഷാഡോ പൊലിസ് സംഘം പിടികൂടിയത്. ഡി.സി.പി അരുള്‍ ബി.കൃഷ്ണയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ഏ.സി.സുരേഷ് കുമാര്‍. വി, മ്യൂസിയം സി.ഐ ജെ.കെ ദിനില്‍, എസ്.ഐ ചന്ദ്രബാബു, വനിത സി.പി.ഒ മിനിമോള്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍, ഷാഡോ ടീമംഗങ്ങള്‍ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."