വൃദ്ധന് മര്‍ദനമേറ്റ സംഭവം: ഡിവൈ.എസ്.പിയുടെ അനേ്വഷണ റിപോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ തള്ളി
കാഞ്ഞങ്ങാട്: എഴുപത്തിരണ്ടുകാരന്റെ പറമ്പില്‍ അയല്‍വാസികള്‍ അതിക്രമിച്ചുകയറി മരംമുറിക്കുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ തള്ളി. മേഖലയില്‍ നിയമപാലന ചുമതലയില്ലാത്ത ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സ്റ്റേഷന്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചു പക്ഷപാതമില്ലാതെ അന്വേഷണം നടത്തി രണ്ടു മാസത്തിനകം പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
ചെറുവത്തൂര്‍ സ്വദേശി കളത്തില്‍ കൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. കമ്മിഷന്‍ കാഞ്ഞങ്ങാട് ഡിവൈ.എസ് .പിയില്‍നിന്നു റിപോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും ചന്തേര പൊലിസ് നടത്തിയ അന്വേഷണ റിപോര്‍ട്ടാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ വിഷയം സ്വത്ത് തര്‍ക്കമാണെന്നും പരാതിക്കാരന്‍ എതിര്‍കക്ഷിക്കെതിരേ സ്ഥിരമായി പരാതി നല്‍കുന്ന വ്യക്തിയാണെും പറയുന്നു. എന്നാല്‍ ചന്തേര പൊലിസ് തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് റിപോര്‍ട്ടിനു മറുപടിയായി പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. കമ്മിഷന്‍ ആവശ്യപ്പെട്ട അന്വേഷണ റിപോര്‍ട്ട് ആരോപണ വിധേയരെ കൊണ്ട് അന്വേഷിപ്പിച്ചത് ഉചിതമായില്ലെന്ന് കമ്മിഷന്‍ വിലയിരുത്തി. പരാതിക്കാരനെ കാണുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും കമ്മിഷന്‍ കണ്ടെത്തി. സിവില്‍ കേസുകളില്‍ പൊലിസ് ഇടപെടില്ലെങ്കിലും തുല്യനീതിയും ജീവിക്കാനുള്ള അവകാശവും ഉറപ്പാക്കേണ്ടത് നിയമവാഴ്ചയ്ക്ക് അനിവാര്യമാണെന്ന് ഉത്തരവില്‍ പറഞ്ഞു. നിയമപരമായി പരാതിക്കാരനു ലഭിക്കേണ്ട സംരക്ഷണം ചന്തേര പൊലിസ് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."