കണ്ണൂര്‍ നഗരത്തിലെ കവര്‍ച്ച: മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടു
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ പത്രം ഓഫീസിലും തൊട്ടടുത്തെ അല്‍ഒറാബി ട്രാവല്‍സിലും പൂട്ടുപൊളിച്ച് അകത്തുകടന്നു മോഷണം നടത്തിയ മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ബുധനാഴ്ച പുലര്‍ച്ചെ 12.48 മുതല്‍ കള്ളന്‍ ഇരുസ്ഥാപനങ്ങളിലും കടക്കുന്നതിന്റെയും ഇരുസ്ഥാപനങ്ങളിലും പണത്തിനായി തെരച്ചില്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.
ഉയരംകൂടിയ കട്ടിമീശയുള്ള യുവാവാണ് ദൃശ്യത്തില്‍ പതിഞ്ഞിരിക്കുന്നത്. കണ്ണൂര്‍ കലക്ടറേറ്റിന് മുന്‍വശത്തെ കെട്ടിടമായ കാല്‍ടെക്‌സ് ടവറില്‍ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇരുസ്ഥാപനങ്ങളിലെയും മേശകളുടെയും ക്യാബിനുകളുടെയുമെല്ലാം പൂട്ടുകള്‍ മോഷ്ടാവ് തുറന്നിരുന്നു.
നല്ലവസ്ത്രം ധരിച്ച മോഷ്ടാവ് കയ്യില്‍ ഇരുമ്പ് ദണ്ഡുമായി കടക്കുന്നതും തുടര്‍ന്നു ഷര്‍ട്ട് അഴിച്ച് തലയിലൂടെയിട്ട് പതുങ്ങിയെത്തി പൂട്ടുപൊളിക്കുന്നതും ദൃശ്യത്തിലുണ്ട്. അല്‍ഒറാബി ട്രാവല്‍സിലെ അകത്തെ സ്‌ട്രോങ് സേഫ് പൊളിക്കാന്‍ സാധിച്ചില്ല. ഇതിനാല്‍ വന്‍നഷ്ടം ഒഴിവായി.
ഷര്‍ട്ടുകൊണ്ട് പരമാവധി മുഖം പൊത്തിപ്പിടിച്ച് നടക്കുന്നതിനിടയില്‍ ഇടയ്ക്ക് ഷര്‍ട്ട് മാറിപ്പോകുന്നതും പാടുപെട്ട് മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. ഇടയ്ക്ക് കസേരയില്‍ കയറി ക്യാമറ കയ്യിലെ ദണ്ഡുകൊണ്ട് അടിക്കാന്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും ഉണ്ട്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചതില്‍ നിന്ന് കവര്‍ച്ച ചെയ്തത് അന്യജില്ലയില്‍ നിന്നുള്ള സ്ഥിരം മോഷ്ടാവാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.
ഇതരസംസ്ഥാനക്കാരാണെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും മലയാളിതന്നെയാണെന്നാണ് പൊലിസിന്റെ നിഗമനം.
ലഭ്യമായ ദൃശ്യങ്ങളില്‍ നിന്ന് ചില സൂചനകള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ മെട്രോ പത്രത്തില്‍ നിന്ന് 11,845 രൂപയാണ് കവര്‍ന്നത്.
കെട്ടിടത്തിന്റെ പിറക് വശത്ത് പുതുതായി നിര്‍മ്മിക്കുന്ന മാളിന്റെ മുന്‍വശത്ത് കാല്‍ടെക്‌സ് ടവറിലെ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചതിന്റെ വശത്തുള്ള കക്കൂസിന്റെ വെന്റിലേറ്ററിലൂടെ അകത്തുകടന്ന് വാതില്‍ പൊളിച്ചാണ് അല്‍ ഒറാബി ട്രാവല്‍സിന്റെയും കണ്ണൂര്‍മെട്രോ പത്രത്തിന്റെയും ഓഫിസിനു മുന്നിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."