എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് നാളെ
മലപ്പുറം: വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കും നീതി നിഷേധത്തിനുമെതിരേ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ഭീതിയോടെയാണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്. മത വിശ്വാസികള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്ന ശൈലിയാണ് കേന്ദ്ര സര്‍ക്കാറും അനുബന്ധ സംവിധാനങ്ങളും സ്വീകരിച്ചുവരുന്നത്. അതിനെ വൈകാരികമായി സമീപിക്കുന്നത് അബദ്ധവും അപകടകരവുമാണ്. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നിടത്ത് ജുഡീഷ്യറിയും മാധ്യമങ്ങളും നീതിയുടെ പക്ഷത്ത് നിന്ന് ഇടപെടല്‍ നടത്തേണ്ടതുണ്ട്.
ഫാസിസത്തിന് മാപ്പില്ല; നീതി നിഷേധം നടപ്പില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് വ്യാപകമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് എയര്‍പോര്‍ട്ട് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കൊളത്തൂര്‍ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും. മാര്‍ച്ചിന്റെ സമാപന സമ്മേളനം ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍. ബി ശ്രീകുമാര്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ടി.വി ഇബ്രാഹീം എം.എല്‍.എ എന്നിവര്‍ പ്രസംഗിക്കും.വാര്‍ത്താ സമ്മേളനത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, സംസ്ഥാന സെക്രട്ടറിമാരായ ഡോ. ടി അബ്ദുല്‍ മജീദ്, പി. എം. റഫീഖ് അഹ്മദ്, സെക്രട്ടേറിയറ്റ് അംഗം ആസ്വിഫ് ദാരിമി പുളിക്കല്‍ സംബന്ധിച്ചു.
മാര്‍ച്ച് വിജയിപ്പിക്കുക: തങ്ങള്‍
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നാളെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടത്തുന്ന മാര്‍ച്ച് വിജയിപ്പിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
എല്ലാ പൗരന്‍മാര്‍ക്കും തുല്യമായ അവകാശവും സ്വാതന്ത്ര്യവും നല്‍കുന്ന മഹത്തായ ഭരണഘടനയാണ് നമുക്കുള്ളത്. സാമുദായിക സൗഹാര്‍ദവും സാമൂഹിക നീതിയും നിലനില്‍ക്കണമെന്നാണ് ഇന്ത്യയിലെ മഹാ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്.
എന്നാല്‍, വ്യക്തിസ്വാതന്ത്ര്യത്തില്‍പോലും കൈകടത്തുകയും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുമാണ് ഇപ്പോള്‍ ഫാസിസ്റ്റ് ഭരണാധികാരികള്‍ പരിശ്രമിക്കുന്നത്. ഇതിനെതിരേ സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മാര്‍ച്ചില്‍ അണിനിരക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് തങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."