ബീഫിനേക്കാള്‍ വലിയ രാഷ്ട്രീയ പ്രശ്‌നം കേരളത്തിലുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി
കൊച്ചി: ബീഫ് വിഷയത്തേക്കാള്‍ വലിയ രാഷ്ട്രീയ പ്രശ്‌നം കേരളത്തിലുണ്ടെന്നും അക്കാര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധപതിപ്പിക്കേണ്ടതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ പ്രത്യേക വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബീഫ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ പരിഗണിക്കുമെന്നും വ്യക്തമാക്കിയ ഫട്‌നാവിസ് ബീഫ് പ്രചാരണം മാറ്റിവച്ചിട്ട് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രദ്ധ ചെലുത്തണമെന്നും ആവശ്യപ്പെട്ടു.
ഇടതു സര്‍ക്കാര്‍ അധികാരമേറ്റ് ചുരുങ്ങിയ കാലയളവില്‍ 17 കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആശയപരമായി വ്യത്യാസമുണ്ടാകാം. പക്ഷേ എതിരാളികളെ സംഘര്‍ഷത്തിലൂടെ അടിച്ചമര്‍ത്തുന്ന സമീപനമാണ് കേരളത്തില്‍ സി.പി.എം നടപ്പിലാക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ കൊലാപതകങ്ങള്‍ക്ക് മൗനസമ്മതം നല്‍കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജനാധിപത്യമാണ് തോല്‍ക്കുന്നതെന്നും ഫട്‌നാവിസ് ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിലവില്‍ ബീഫുമായി ബന്ധപ്പെട്ട് സമരങ്ങള്‍ക്ക് പ്രസക്തിയില്ല. ജനങ്ങളുടെ ആഹാരശീലം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. പശു സംരക്ഷണം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതാണ്. കാലികളുടെ എണ്ണം കുറയുന്നത് കാര്‍ഷിക മേഖലയിലെ ഉല്‍പാദനത്തെ ബാധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് പാരമ്പര്യ പ്രശ്‌നങ്ങളുണ്ട്. കര്‍ഷക പ്രക്ഷോഭം പരിധിവിടുന്ന ഘട്ടത്തിലാണ് വെടിവയ്പുണ്ടായത്. അതിനെ ന്യായീകരിക്കുന്നില്ല. കൃഷി മെച്ചപ്പെടുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
കര്‍ഷകരുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നേരിട്ടാണ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുമെന്നും ഫട്‌നാവിസ് പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമായി നിയമം പാസാക്കിയ ആദ്യ സംസ്ഥാനമെന്ന ഖ്യാതി സ്വന്തമാക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. ഈ നിയമം രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."