എന്റെ ഗുരുനാഥന്‍
പ്രിയപ്പെട്ട കൂട്ടുകാരെ ,
സെപ്റ്റംബര്‍ 5 നമ്മുടെ രാജ്യം അധ്യാപകദിനമായി ആചരിക്കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. 1962 മുതല്‍ അദ്ദേഹത്തിന്റെ ജീവിത കാലത്തുതന്നെ ഇന്ത്യയില്‍ അധ്യാപക ദിനം ആചരിച്ചു വരുന്നു.
കുഞ്ഞുണ്ണി മാഷ്
അധ്യാപകരെ മാഷ് എന്നോ മാസ്റ്റര്‍ എന്നോ വിളിക്കുന്ന ശീലം മലയാളികള്‍ക്കിടയിലുണ്ട്. ലോകത്തുള്ള മലയാളികളെല്ലാം മാഷ് എന്നു വിളിക്കുന്ന മലയാളത്തിന്റെ അനുഗ്രഹീത കവിയും അധ്യാപകനുമാണ് കുഞ്ഞുണ്ണിമാഷ്. ചെറിയ വരികളിലൂടെ വലിയ ആശയങ്ങള്‍ പറഞ്ഞ ഈ കവി മലയാളത്തിലെ അനേകം സാഹിത്യകാരന്മാരുടെ പ്രിയപ്പെട്ട ഗുരുവാണ്. അക്ബര്‍ കക്കട്ടില്‍, ടി.വി.കൊച്ചുബാവ, പുനത്തില്‍ കുഞ്ഞബ്ദുള്ള, പി.കെ പാറക്കടവ്, വി.ആര്‍.സുധീഷ്, അശോകന്‍ ചരുവില്‍, ടി.എന്‍.പ്രകാശ് തുടങ്ങിയവര്‍ ആ പട്ടികയില്‍പെടുന്നു.
ഗാന്ധിജിയുടെ ഗുരു
രാഷ്ട്രീയത്തിലെ ഗുരുശിഷ്യബന്ധത്തിന്റെ മികവുറ്റൊരു ഉദാഹരണമാണ് ഗോപാലകൃഷ്ണ ഗോഖലെ- മഹാത്മാ ഗാന്ധി ബന്ധം. രാഷ്ട്രീയ രംഗത്ത് മഹാത്മാഗാന്ധിയുടെ വഴികാട്ടിയായിരുന്നു ഗോപാലകൃഷ്ണ ഗോഖലെ. ബാല്യത്തിലേ അനാഥത്വം പേറിയ ആളായിരുന്നു ഗോഖലെ. പതിമൂന്നാം വയസില്‍ പിതാവ് മരിച്ചപ്പോഴും ദാരിദ്ര്യം പഠനത്തെ ബാധിച്ചപ്പോഴും തെല്ലിട പോലും പതറാതെ വളര്‍ച്ചയുടെ പടവുകള്‍ കീഴടക്കിയ ഗോഖലെ എന്ന ഗുരു ബ്രിട്ടീഷ് അടിമത്തില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള ഗാന്ധിജിയുടെ ശ്രമങ്ങള്‍ക്ക് എന്നും പ്രചോദനമായിരുന്നു.
ഈ ദിനത്തില്‍
ഈ അധ്യാപക ദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ട ഗുരുവര്യന്മാരെ ആദരിക്കാനും അവരുടെ സ്‌നേഹത്തിന്റെ സുഗന്ധം അനുഭവിക്കാനും നാം തയാറാവണം. അധ്യാപക ദിനാചാരണത്തിന്റെ ഭാഗമായി ദേശീയ, സംസ്ഥാന തലങ്ങളില്‍ പ്രഗത്ഭരായ അധ്യാപകരെ അവാര്‍ഡ് നല്‍കി ആദരിക്കാറുണ്ട്. ആ പതിവ് നമുക്ക് സ്‌കൂളിലോ ക്ലാസ് മുറികളിലോ ചെയ്യാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."