വലിയപാലത്തിന്റെ ഭരണാനുമതിക്ക് അംഗീകാരം നല്‍കണം: ഡോ. എം.കെ മുനീര്‍
കോഴിക്കോട്: നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്ന പുതിപാലത്ത് കനോലി കനാലിനു കുറുകെ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട വലിയപാലത്തിന്റെ പ്രവൃത്തി സാങ്കേതികത്വത്തിന്റെ പേരില്‍ അനാവശ്യമായി നീളുകയാണെന്നും ഡോ. എം.കെ മുനീര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പദ്ധതിയുടെ ഭരണാനുമതിക്കു പൊതുമരാമത്തു വകുപ്പുമന്ത്രി ഇനിയെങ്കിലും അംഗീകാരം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥലമുടമകള്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഫണ്ടിനുമേല്‍ ഭരണാനുമതി ലഭിക്കേണ്ട സാഹചര്യത്തിലാണു നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. പിന്നീട് ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ ഭരണാനുമതി സംബന്ധിച്ച ഫയല്‍ അംഗീകാരം നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നതിനു പകരം പാക്കേജ് നിശ്ചയിച്ച പദ്ധതിയുടെ ജി.ഒ വീണ്ടും വകുപ്പിലേക്ക് അയയ്ക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. പിന്നീടു വകുപ്പുമന്ത്രി പദ്ധതി ഫയലില്‍മേല്‍ വിശദീകരണം ആവശ്യപ്പെട്ട് ഉത്തരവിടുകയായിരുന്നു.
താഴേതട്ടില്‍ നിന്നുള്ള വിശദീകരണ റിപ്പോര്‍ട്ടിനു പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ സര്‍ക്കാരിലേക്ക് അനുകൂല ശുപാര്‍ശ ചെയ്തിട്ടുണ്ട്. 40 കോടി പ്രതീക്ഷിച്ച വലിയപാലം പദ്ധതിയില്‍ ഭൂമിയേറ്റെടുക്കലിനായി നേരത്തെ നിശ്ചയിച്ച 20 കോടിക്കു പകരം പുനരധിവാസം ഉള്‍പ്പെടെ 30 കോടി ആവശ്യമായി വന്നിരിക്കുകയാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ധനകാര്യവകുപ്പ് പദ്ധതിച്ചെലവ് 50 കോടിയായി നിജപ്പെടുത്തി ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.
രണ്ട് ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 67 കെട്ടിട ഉടമകള്‍ക്കടക്കം 121 ഭൂവുടമകള്‍ക്കാണു നഷ്ടപരിഹാരം ലഭ്യമാക്കേണ്ടത്. കടക്കാര്‍ക്കു താല്‍ക്കാലിക സംവിധാനവും തുടര്‍ന്നു പാലത്തിനടിയില്‍ കടകളും ലഭ്യമാക്കുന്ന പാക്കേജാണ് ഉദ്ദേശിക്കുന്നത്. കെട്ടിടങ്ങളുടെ സ്ട്രക്ചര്‍ വാല്വേഷന്‍ ഇതിനകം തന്നെ പൂര്‍ത്തീകരിച്ചതാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."