യുവാക്കളെ പൊലിസ് ക്രൂരമായി മര്‍ദിച്ചതായി പരാതി
ചാലക്കുടി: അംഗവൈകല്യമുള്ള ഭിക്ഷക്കാരനോട് ക്രൂരമായി പെരുമാറിയത് ചോദ്യം ചെയ്ത യുവാക്കളെ കൊരട്ടി പൊലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. പ്രതിഷേത്തിനെ തുടര്‍ന്ന് എസ്.ഐയെ സ്ഥലം മാറ്റി.
കൊരട്ടി പട്ടമ്മാടി വീട്ടില്‍ സാജന്റെ മകന്‍ അമല്‍(20), കൊരട്ടി മങ്ങാട്ടുകര രഘുവിന്റെ മകന്‍ ആഷിഷ്(20)എന്നിവര്‍ക്കാണ് ക്രൂരമായി മര്‍ദനമേറ്റത്. ഇരുവരും ആലുവ യു.സി കോളജിലെ മൂന്നാം അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ്. ഇക്കഴിഞ്ഞ 21ന് രാവിലെ 10.45ഓടെയായിരുന്നു സംഭവം.
കൊരട്ടിമുത്തിയുടെ തിരുനാളാഘോഷം കണ്ട് മടങ്ങുന്ന സമയത്ത് പള്ളിക്ക് മുന്നിലെ വഴിയോരത്ത് ഭിക്ഷയാചിച്ചിരുന്ന ഇരുകാലുകളുമില്ലാത്ത ഭിക്ഷാടകനെ സബ്ബ് ഇന്‍സ്‌പെക്ടര്‍ ചവിട്ടുന്നത് കണ്ട വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതില്‍ രോക്ഷാകുലനായ ഇന്‍സ്‌പെക്ടര്‍ വിദ്യാര്‍ഥികളെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആക്ഷണ്‍ കൗണ്‍സില്‍ ഭാരാവഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഷിഷിന്റെ ചോദ്യം ഇഷ്ടപെടാതിരുന്ന എസ്.ഐ. ആഷിഷിന്റെ കൈപിടിച്ച് തള്ളുകയും മറ്റുപൊലിസുകാരും എസ്.ഐയും ചേര്‍ന്ന് മര്‍ദിക്കാനും അസഭ്യം പറയാനും തുടങ്ങി. തുടര്‍ന്ന് രണ്ടുപേരേയും ജീപ്പിലേക്ക് വലിച്ചിഴച്ച് പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലിസ് സ്റ്റേഷനിലേക്കുള്ള യാത്രയില്‍ ഇരുവരേയും ജീപ്പിലുണ്ടായിരുന്നവര്‍ അസഭ്യം പറയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. പൊലിസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഇരുവരേയും സ്റ്റേഷന്റെ വരാന്തയിലേക്ക് വലിച്ചിട്ടു. തുടര്‍ന്ന് എസ്.ഐ.യും പൊലിസുകാരും ഇരുവരേയും ദേഹത്തും നെഞ്ചിലും മുട്ടുകൈ കൊണ്ടിടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് ഇവര്‍ പറഞ്ഞു. വിവരമറിഞ്ഞ് വീട്ടുകാരും ജനപ്രതിനിതികളും സ്റ്റേഷനിലെത്തിയപ്പോള്‍ അടിവസ്ത്രം മാത്രമിട്ട് ലോക്കപ്പില്‍ കിടക്കുന്ന തരത്തിലാണ് ഇവരെ കണ്ടത്.
തുടര്‍ന്ന് വൈദ്യപരിശോധനക്ക് ഇരുവരേയും കൊണ്ടുപോയപ്പോള്‍ മര്‍ദിച്ച വിവരം ഡോക്ടറോട് പറഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞതായി ആക്ഷണ്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. പിറ്റേന്ന് പുലര്‍ച്ചെ മാതാപിതാക്കളുടെ ജാമ്യത്തില്‍ ഇരുവരേയും വിട്ടയച്ചു. വീട്ടിലെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ് ഇരുവരും പൊലിസിന്റെ മര്‍ദന വിവരം പറഞ്ഞത്.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി.എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സബ്ബ് ഇന്‍സ്‌പെക്ടര്‍ക്കും ഇതിന് കൂട്ട് നിന്ന പൊലിസുകാര്‍ക്കുമെതിരേ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ബഹുജന സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ആക്ഷണ്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി.ഡി തോമസ്, കണ്‍വീനര്‍ എം.ഐ.പൈലോസ്, യു.വി ഉണ്ണികൃഷ്ണന്‍, എം.ജി ജോണ്‍സണ്‍, അശോക് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."