കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക മെയില്‍ വിലാസം ഉപയോഗിച്ച് മലയാളി നടത്തിയത് വന്‍തൊഴില്‍തട്ടിപ്പ്; നിരവധി പേരില്‍ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങള്‍
തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരുടെ ഓഫിസില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് മന്ത്രിമാരുടെ ഇ-മെയിലില്‍ നിന്നും ഉദ്യോഗാര്‍ഥികള്‍ക്ക് സന്ദേശമയച്ച് മലയാളി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്. തിരുവനന്തപുരം സ്വദേശി രാജീവ് അശോകിനെതിരെയാണ് പത്ത് മലയാളികള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക ഇ-മെയില്‍ എങ്ങനെ ദുരുപയോഗം ചെയ്യാന്‍ സാധിച്ചു എന്നത് സംബന്ധിച്ച് ദുരൂഹത തുടരുകയാണ്.
കേന്ദ്ര സഹമന്ത്രിമാരുടെയും കാബിനറ്റ് പദവിയിലുള്ളവരുടെയും ഔദ്യോഗിക മെയില്‍ വിലാസത്തില്‍ നിന്നാണ് തട്ടിപ്പിനിരയായവര്‍ക്ക് സന്ദേശം ലഭിച്ചത്. മന്ത്രി രാം ദാസ് അത്തേവാലയുടെ ഇ മെയില്‍ ഉപയോഗിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ അയച്ച സന്ദേശത്തില്‍ മന്ത്രിയുടെ ഓഫിസില്‍ ജോലി ശരിപ്പെടുത്താം എന്നാണ് സൂചിപ്പിച്ചിരുന്നത്. തുടര്‍ന്ന് രാജീവ് അശോക് പത്തോളം പേരെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു.
ഡല്‍ഹിയിലെത്തിയ ഉദ്യോഗാര്‍ഥികളെ ഇയാള്‍ കേന്ദ്രമന്ത്രിമാരുടെ ഓഫിസുകളിലും മറ്റും കൊണ്ടുപോയി വിശ്വാസ്യത നേടിയെടുക്കുന്നതിലും വിജയിച്ചു. മന്ത്രിമാരോട് രാജീവ് അശോക് വളരെ അടുത്തിടപഴകിയതിനാല്‍ തങ്ങള്‍ക്ക് സംശയമൊന്നും തോന്നിയില്ലെന്നും പരാതിക്കാള്‍ പറഞ്ഞു. പിന്നീട് ഇയാള്‍ പറഞ്ഞ ബാങ്ക് അക്കൗണ്ടിലേക്ക് 20 ലക്ഷത്തോളം രൂപ ഇവര്‍ അയച്ചുകൊടുത്തു.
എന്നാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ പറഞ്ഞ തിയതി കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി ഇവര്‍ക്ക് വ്യക്തമായത്. പ്രധാനമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും പൊലിസിലും പരാതിപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് തട്ടിപ്പിനിരയായവര്‍ പറയുന്നത്. രാജീവ് അശോക് ഇപ്പോള്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."