ചേര്യേക്കര റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു
പുത്തന്‍ചിറ: ചേര്യേക്കര ചേന്ദംഗിരി പാടം റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമാകുന്നു. ചേന്ദംഗിരി പാടശേഖരത്തിനു നടുവിലൂടെയുള്ള ചേര്യേക്കര റോഡിന്റെ ഉയരം കൂട്ടാന്‍ പുത്തന്‍ചിറ പഞ്ചായത്ത് ഭരണസമിതി ഫണ്ട് അനുവദിച്ചു. മഴക്കാലത്ത് ചളിക്കുഴിയായി മാറുന്ന റോഡിലൂടെ യാത്ര അസാധ്യമായിരുന്നു. ഈ സാഹചര്യത്തിലാണ് പുത്തന്‍ചിറ പഞ്ചായത്ത് ഭരണസമിതി വാര്‍ഷിക പദ്ധതിയിലെ പ്ലാന്‍ ഫണ്ടില്‍ നിന്നു രണ്ട് ലക്ഷം രൂപ റോഡ് ഉയര്‍ത്തുന്നതിനായി അനുവദിച്ചത്.
55 സെന്റീമീറ്റര്‍ ഉയരം കൂട്ടാനാണ് പദ്ധതി. റോഡിന്റെ ഇരു ഭാഗത്തും കരിങ്കല്‍ ഭിത്തികള്‍ നിര്‍മിച്ച് നടുവില്‍ മണ്ണടിച്ചു ഉയരം വര്‍ധിപ്പിക്കുന്ന പണിയാണിപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. പാടശേഖരത്തിനു നടുവിലൂടെയുള്ള ചേര്യേക്കര റോഡിലൂടെ ഏതാനും വര്‍ഷം മുന്‍പ് വരെ മഴക്കാലത്തു യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നത്. മഴക്കാലത്ത് കാല്‍മുട്ടുവരേയും അതിലേറെയും വെള്ളം ഉയരുമ്പോള്‍ ഇതു വഴി യാത്ര ചെയ്യാന്‍ കഴിയാതെ വരുന്നത് പതിവാണ്.
പുത്തന്‍ചിറ ഈസ്റ്റ് ക്രൈസ്തവ ദേവാലയത്തിലേക്കു നിരവധി വിശ്വാസികള്‍ ഇതു വഴിയാണു പോകുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എം.എല്‍.എ ആയിരുന്ന ടി.എന്‍ പ്രതാപന്റെ ശ്രമഫലമായി ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി അഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. അതുപയോഗിച്ചു റോഡ് ഉയര്‍ത്തിയെങ്കിലും നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല. ഇതിനാല്‍ മഴക്കാലത്ത് റോഡ് ചെളിക്കുഴിയായി മാറി. കൂടാതെ കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്ന് 1.96 ലക്ഷം രൂപ കലുങ്ക് നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്നു.
റോഡിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കുന്നതിനാണ് കലുങ്ക് നിര്‍മാണം നടത്തിയത്. റോഡിന്റെ ഉയരം ഇനിയും ഉയര്‍ത്തിയാല്‍ മാത്രമെ മഴക്കാലത്ത് റോഡിലൂടെ സഞ്ചരിക്കാന്‍ കഴിയുകയുള്ളൂവെന്ന് മനസിലായതോടെയാണ് പഞ്ചായത്ത് വീണ്ടും ഫണ്ട് അനുവദിച്ചതെന്ന് പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എ നദീര്‍ പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."