ഉരുള്‍പൊട്ടല്‍ ദുരന്തം: മരണമടഞ്ഞ ആറ് പേരുടെ കുടുംബങ്ങള്‍ക്ക് 24 ലക്ഷം
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കില്‍ 2018 ആഗസ്റ്റ് 16നുണ്ടായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിലും മരണമടഞ്ഞ ആറു പേരുടെ നിയമപരമായ അവകാശികള്‍ക്ക് ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നാലു ലക്ഷം രൂപ വീതം 24 ലക്ഷം രൂപ കൂടി ആശ്വാസ ധനസഹായമായി അനുവദിച്ചതായി തലപ്പിള്ളി താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു.
അവകാശികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നിക്ഷേപിക്കുക. കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണമടഞ്ഞ കന്നുകൂഴിയില്‍ മോഹനന്റെ നിയമപരമായ അവകാശിയായ പിതാവ് അയ്യപ്പന്‍ നായര്‍ക്ക് നാലു ലക്ഷം രൂപ, മുള്ളൂര്‍ക്കര പഞ്ചായത്തില്‍ കാഞ്ഞിരശ്ശേരി കോണോത്തുമുക്കില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണമടഞ്ഞ മുള്ളൂര്‍ക്കര ചാക്യാട്ടില്‍ എഴുത്തശ്ശന്‍ വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ പാര്‍വതിക്ക് 2,40000 രൂപയും മക്കളായ കൃഷ്ണപ്രീയ, കൃഷ്ണകൃപ എന്നിവര്‍ക്ക് 80,000 രൂപാ വീതവും, ദേശമംഗലം കൊറ്റമ്പത്തൂരില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ പള്ളം മുണ്ടനാട്ട് സജീവിന്റെ നിയമപരമായ ആശ്രീതരായ ഭാര്യ രജിതക്ക് രണ്ട് ലക്ഷവും മക്കളായ യദുകൃഷ്ണന്‍, ഋതു കൃഷ്ണന്‍ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വിതവും അനുവദിച്ചു.
കുറാഞ്ചേരി ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ പീച്ചി, കണ്ണാറകരുത്തി വീട്ടില്‍ ബിനോജിന്റെ ഭാര്യ സൗമ്യ, മക്കളായ മെറിന്‍, മില്‍ന എന്നിവരുടെ അവകാശികളായ ബിനോജ്, മകന്‍ മെല്‍ബിനും കൂടി 12 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതില്‍ മരണപ്പെട്ട മെറിന്‍, മില്‍ന എന്നിവരുടെ അവകാശിയായ പിതാവ് ബിനോജിന് എട്ടു ലക്ഷവും മരണപ്പെട്ട സൗമ്യയുടെ അവകാശി എന്ന നിലയില്‍ ഭര്‍ത്താവ് ബിനോജിന് രണ്ടു ലക്ഷവും മകന്‍ മെല്‍ബിനും രണ്ടു ലക്ഷം രൂപ വീതവുമാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ദുരന്തത്തില്‍ മരണമടഞ്ഞ ഏഴു പേരുടെ അവകാശികള്‍ക്ക്2018 സെപ്റ്റംബര്‍ 29ന് 28 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പ്രകൃതിദുരന്തത്തില്‍ കുറാഞ്ചേരിയില്‍ പത്തൊമ്പതും ദേശമംഗലംകൊറ്റമ്പത്തൂരില്‍ നാലും മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരിയില്‍ ഒരാളും ഉള്‍പ്പെടെ 24 പേരാണ് മരണമടഞ്ഞത്.
മരണമടഞ്ഞ മറ്റുള്ളവരുടെ ആവകാശികളുടെ നിയമപരമായ സാക്ഷ്യപത്രങ്ങള്‍ ലഭ്യമാക്കിയാല്‍ ഉടന്‍ തന്നെ ആശ്വാസ ധനസഹായം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."