എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച്: ഗുജറാത്ത് മുന്‍ ഡി.ജി.പി പങ്കെടുക്കും
മലപ്പുറം: കേന്ദ്രസര്‍ക്കാറിന്റെ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരേ എസ്.കെ.എസ്.എസ്.എഫ് നാളെ നടത്തുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ അതിഥിയായി ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ പങ്കെടുക്കും. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിക്കും ഭരണകക്ഷിയായ ബി.ജെ.പിക്കുമുള്ള പങ്ക് വെളിച്ചത്തുകൊണ്ടുവന്ന ഡി.ജി.പിയായിരുന്നു ശ്രീകുമാര്‍.
ഗോധ്ര സംഭവ കാലത്ത് അഡിഷനല്‍ ഡി.ജി.പിയും, ഗുജറാത്ത് വംശഹത്യ വേളയില്‍ ഇന്റലിജന്‍സ് ഡി.ജി.പിയുമായിരുന്നു ശ്രീകുമാര്‍. ഫാസിസ്റ്റ് തേര്‍വാഴ്ചക്കെതിരെ നിലകൊണ്ടതിന്റെ പേരില്‍ അര്‍ഹതയുണ്ടായിരുന്ന ഗുജറാത്ത് ഡി.ജി.പി പദവിയിലേക്ക് പ്രമോഷന്‍ നല്‍കാതെയും മറ്റുമാണ് ശ്രീകുമാര്‍ ഭരണകൂട വേട്ടക്കിരയായത്.
പിന്നീട് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് അദ്ദേഹം നല്‍കിയ പരാതിയില്‍ അനുകൂലമായ വിധി നേടിയെങ്കിലും അദ്ദേഹം സര്‍വിസില്‍ നിന്നു വിരമിച്ചിരുന്നു. മോദിയും ബി.ജെ.പിയും നടത്തുന്ന ഫാസിസ്റ്റ് നീക്കങ്ങളും വര്‍ഗീയ ചേരിതിരിവുകളും വെളിച്ചത്തുകൊണ്ടുവരികയും മോദിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്നതായിരുന്നു പിന്നീടുള്ള ശ്രീകുമാറിന്റെ ജീവിതം. ഗുജറാത്ത് ഇരകള്‍ക്കു വേണ്ടി ഒരു പോരാട്ടം, ഗുജ്‌റാത്ത് ബിഹൈന്റ് കര്‍ട്ടന്‍, ദി ഡയറി ഓഫ് ഹൈല്‍പ്‌ലെസ് മാന്‍ എന്നി പുസ്തകങ്ങളും ശ്രീകുമാര്‍ രചിച്ചിട്ടുണ്ട്.
വിജയിപ്പിക്കുക: സുന്നി ബാലവേദി
ചേളാരി: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന എയര്‍പോര്‍ട്ട് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ അഴിഞ്ഞാടുന്ന സമകാലീന സാഹചര്യത്തില്‍ മാര്‍ച്ച് പ്രസക്തമാണെന്നും വര്‍ഗീയതക്കും ഫാസിസത്തിനുമെതിരായ പോരാട്ടമായി എയര്‍പോര്‍ട്ട് മാര്‍ച്ചിനെ മാറ്റണമെന്നും എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ മനാഫ് കോട്ടോപ്പാടം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."