കുറുമാലിപ്പുഴയിലെ തടസങ്ങള്‍ നീക്കാന്‍ നടപടിയായില്ല
പുതുക്കാട്: കുറുമാലിപ്പുഴയില്‍ അടിഞ്ഞുകൂടിയ തടസങ്ങള്‍ നീക്കാന്‍ നടപടിയായില്ല. പ്രളയത്തെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണും മണല്‍തിട്ടകള്‍ രൂപപ്പെട്ടുമാണ് കുറുമാലി പുഴയില്‍ തടസങ്ങള്‍ ഉണ്ടായിരിക്കുന്നത്. തീരങ്ങളില്‍ നിന്നിരുന്ന നിരവധി മരങ്ങളാണ് പുഴയിലേയ്ക്ക് വീണുകിടക്കുന്നത്.
14കിലോമീറ്ററിലധികം പുഴ വനത്തിലൂടെയാണ് ഒഴുകുന്നത്. ഇരുകരകളില്‍ നിന്നിരുന്ന വന്‍മരങ്ങളും പ്രളയത്തില്‍ പുഴയിലേക്ക് കടപുഴകി വീണ നിലയിലാണ്. ഇതിനു പുറമെ മലവെള്ള പാച്ചിലില്‍ ഒഴുകിയെത്തിയ മരങ്ങളും പലയിടങ്ങളിലും തടഞ്ഞു നില്‍ക്കുകയാണ്. തുലാവര്‍ഷം കനത്തുകഴിഞ്ഞാല്‍ ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടിവരുന്ന സാഹചര്യത്തില്‍ പുഴയിലെ നീരൊഴുക്ക് തടസപെടാന്‍ സാധ്യതയേറെയാണ്.
ഇതു മൂലം പുഴ ഗതിമാറിയൊഴുകി കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. പ്രളയത്തില്‍ പുഴ ഗതിമാറിയൊഴുകിയതിനു സമാനമായ രീതിയില്‍ വീണ്ടും നാശനഷ്ടങ്ങള്‍ സംഭവിക്കുമെന്ന ഭീതിയിലാണ് തീരത്ത് താമസിക്കുന്നവര്‍ കഴിയുന്നത്. പുഴയില്‍ വെള്ളമുയര്‍ന്നാല്‍ വീണു കിടക്കുന്ന മരങ്ങളെല്ലാം ഒഴുകിയെത്തി ആറ്റപ്പിള്ളി, മാഞ്ഞാംകുഴി എന്നി റഗുലേറ്ററുകളിലാണ് തടഞ്ഞു നില്‍ക്കുക. ഇത്തരം സാഹചര്യത്തിലേക്ക് എത്തിക്കാതെ അധികൃതര്‍ ഇടപെട്ട് മരങ്ങള്‍ നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മരങ്ങള്‍ നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം ആര്‍ക്കെന്ന തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. ഇറിഗേഷന്‍ വകുപ്പിനാണ് പുഴയിലെ തടസങ്ങള്‍ നീക്കാനുള്ള ഉത്തരവാദിത്വമെന്നാണ് പറയുന്നത്.
എന്നാല്‍ പഞ്ചായത്തോ വനംവകുപ്പോ മുന്‍ കൈയെടുത്ത് തടസങ്ങള്‍ നീക്കാന്‍ തയാറാകണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയില്ലാതെ പുഴയിലെ തടസങ്ങള്‍ നീക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍. പ്രളയം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പുഴയിലെ തടസങ്ങള്‍ നീക്കാനുള്ള യാതൊരു നടപടിയും ബന്ധപ്പെട്ട അധികാരികള്‍ എടുത്തില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പുഴയുടെ നീരൊഴുക്കിന് തടസമായി കിടക്കുന്ന മരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മുപ്ലിയം സ്വദേശി കെ.ജി രവീന്ദ്രനാഥ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."