നമ്പര്‍ പ്ലേറ്റ് ആകര്‍ഷകമാക്കേണ്ട; പണികിട്ടും
കൊടുങ്ങല്ലൂര്‍: നമ്പര്‍ പ്ലേറ്റുകളില്‍ നമ്പറിനു സമാനമായ ചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക പിറകെ പൊലിസ് ഉണ്ട്. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസിലാക്കാന്‍ സാധിക്കാറില്ല. ചില നമ്പര്‍ പ്ലേറ്റുകളില്‍ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ പലപ്പോഴും സാധിക്കില്ല. ഇങ്ങനെയുള്ള നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാല്‍ മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്ത് രണ്ടായിരം മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കും.
നേരത്തെ മുതല്‍ക്കെ ഈ നിയമങ്ങള്‍ ഉണ്ടെങ്കില്‍ കൂടി അത്രകണ്ട് കര്‍ശനമായി നടപ്പിലാക്കിയിരുന്നില്ല. ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം എന്നാണ് നിയമം. മോട്ടോര്‍ കാര്‍, ടാക്‌സി കാര്‍ എന്നിവയ്ക്ക് മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റു വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം. നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് രണ്ടായിരം രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് മൂവായിരം, മീഡിയം വാഹനങ്ങള്‍ക്ക് നാലായിരം, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ.
നമ്പര്‍ ചരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണ്. പലരും വിനോദത്തിനും വ്യത്യസ്തതയ്ക്കും വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും കളി കാര്യമാകുന്ന സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കാന്‍ പൊലിസ് ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."