HOME
DETAILS

ഇതെന്തു പ്രോഗ്രസ്

  
backup
June 10 2017 | 23:06 PM

%e0%b4%87%e0%b4%a4%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d

 

 

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നടപടി സ്വീകരിച്ചുവെന്നതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒരുവര്‍ഷ ഭരണത്തിലെ ഏറ്റവും വലിയ നേട്ടം. യു.ഡി.എഫിന്റെ മദ്യനയത്തില്‍ വെള്ളം ചേര്‍ക്കില്ലെന്ന് ആണയിട്ടുപറഞ്ഞു വോട്ടു നേടിയവര്‍ വിശ്വാസവഞ്ചനയാണു കാട്ടിയത്.
ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ പൊള്ളത്തരം വ്യക്തമാകും. യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതികളുടെ തുടര്‍ച്ചയാണ് ബഹുഭൂരിപക്ഷവും. പലതും പേരുമാറ്റി സ്വന്തമാക്കിയിരിക്കുകയാണ്.
ക്ഷേമപെന്‍ഷന്‍ കൊടുത്തപ്പോള്‍ പാവപ്പെട്ടവരുടെ മുഖത്തുവിരിഞ്ഞ ചിരിയാണ് തനിക്ക് ഏറ്റവും സന്തോഷം പകര്‍ന്നതെന്നു മുഖ്യമന്ത്രി പറയുന്നു. ക്ഷേമപെന്‍ഷന്‍കാരുടെ എണ്ണം 12.90 ലക്ഷം ആയിരുന്നത് 34.43 ലക്ഷമാക്കിയത് യു.ഡി.എഫാണെന്നതു മറച്ചുപിടിച്ചുകൊണ്ടാണ് ഇതു പറയുന്നത്. 300 രൂപയായിരുന്ന പെന്‍ഷന്‍ തുക 600, 800, 1100, 1200 സ്ലാബുകളിലേക്കു വര്‍ധിപ്പിച്ചതും ആകെ ക്ഷേമ പെന്‍ഷന്‍ 592 കോടി രൂപയായിരുന്നത് 3016 കോടിയാക്കിയതും വീട്ടിലെത്തിക്കുന്നതിനു നടപടിയെടുത്തതും യു.ഡി.എഫാണ്.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കുന്ന സ്‌നേഹപൂര്‍വം (300,500,700 രൂപ), കിടപ്പുരോഗികളെ സംരക്ഷിക്കുന്ന ആശ്വാസകിരണം (525 രൂപ), കിഡ്‌നി, ലിവര്‍ മാറ്റിവയ്ക്കല്‍ നടത്തിയ രോഗികളെ സംരക്ഷിക്കുന്ന സമാശ്വാസം (1200 രൂപ) എന്നീ പദ്ധതികള്‍ക്കു പ്രതിമാസം നല്‍കിക്കൊണ്ടിരുന്ന സാമ്പത്തികസഹായം മുടങ്ങിക്കിടക്കുകയാണ്.
കോക്ലിയര്‍ ഇംപ്ലാന്റേഷന് യു.ഡി.എഫ് നാലു വര്‍ഷംകൊണ്ട് 645 കുട്ടികള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. എല്‍.ഡി.എഫ് ഇംപ്ലാന്റേഷന്‍ നടത്തിയത് 71 പേര്‍ക്ക്. എല്ലാ ജില്ലകളിലും ഇംപ്ലാന്റേഷന്‍ സെന്റര്‍ തുടങ്ങണമെന്ന തീരുമാനം ഇപ്പോള്‍ പൊടിപിടിച്ചു കിടക്കുകയാണ്.
കോക്ലിയര്‍ ഉപകരണത്തിന്റെ വാറന്റി കഴിഞ്ഞവര്‍ക്കും ഉപകരണം തകരാറിലായവര്‍ക്കും പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഹീമോഫീലിയ രോഗികള്‍ക്കുള്‍പ്പെടെ ആശ്വാസം നല്‍കിയിരുന്ന കാരുണ്യ ബനവലന്റ് പദ്ധതി നിര്‍ത്തലാക്കി ആര്‍.എസ്.ബി.വൈ-യില്‍ ലയിപ്പിക്കാന്‍ നീക്കം.
സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് എന്ന യു.ഡി.എഫ് പദ്ധതി അനുയാത്രയെന്നു പേരിട്ട് ഉപരാഷ്ട്രപതിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ പോകുകയാണ്.
കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അവരുടെ വൈകല്യങ്ങള്‍ കണ്ടെത്തുന്ന പദ്ധതിയാണിത്. കുട്ടികളുടെ കേള്‍വി തകരാര്‍ കണ്ടുപിടിക്കുന്നതിന് യു.ഡി.എഫ് ആരംഭിച്ചു നടപ്പാക്കിവന്ന പദ്ധതി കാതോരമെന്നു പേരുമാറ്റി നടപ്പാക്കുകയാണ്.
65 വയസിനു മുകളിലുള്ളവര്‍ക്കു പരിചരണം നല്‍കുന്ന വയോമിത്രം, സൗജന്യ ഉച്ചഭക്ഷണം നല്‍കുന്ന വിശപ്പുരഹിതനഗരം തുടങ്ങിയ പദ്ധതികളൊക്കെ പുതിയതെന്ന മട്ടില്‍ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയില്‍ 712 കോടി രൂപയാണ് കുടിശിക. എം.ജി.എന്‍.ആര്‍.ഇ.ജി.എയ്ക്ക് ഡയറക്ടറെ വയ്ക്കണമെന്ന കേന്ദ്രനിര്‍ദേശം പാലിക്കാത്ത ഏക സംസ്ഥാനം കേരളമാണ്. അതിനാല്‍ കേന്ദ്രം ഫണ്ട് തടഞ്ഞു.
ഓട്ടോമേഷന്‍, അമേരിക്കന്‍ വിസ നിയന്ത്രണം, ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയ വിവിധ കാരണങ്ങളാല്‍ ലോകവ്യാപകമായി ഐടി രംഗത്ത് തൊഴില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ ഈ പ്രതിസന്ധി മുന്‍കൂട്ടി കാണുന്നില്ല. പുതിയ തൊഴിലവസരം സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. 40ല്‍ 13 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കിയെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ട്. എന്നാല്‍, ഇടതുസര്‍ക്കാര്‍ വന്ന ശേഷം 5 എണ്ണം ലാഭത്തിലാക്കിയെന്ന് റിയാബ് (പൊതുമേഖലാ വ്യവസായ പുനസ്സംഘടനാ ബോര്‍ഡ്) വ്യക്തമാക്കിയത്.
പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതില്‍ കുറ്റകരമായ കാലതാമസം വരുത്തി. അതിനാല്‍ പനിയും പനിമരണവും കൂടി. യു.ഡി.എഫ് പ്രത്യേക പ്രാധാന്യം നല്‍കി നടപ്പാക്കിയ അട്ടപ്പാടി ആരോഗ്യ പാക്കേജിന്റെ കാര്യത്തില്‍ വീഴ്ചവരുത്തിയതിനാല്‍ ശിശുമരണ നിരക്കു കുത്തനെ ഉയര്‍ന്നു. യു.ഡി.എഫ് ഫലപ്രദമായി നടപ്പാക്കിയ സൗജന്യ ജനറിക് മരുന്നു വിതരണം താറുമാറാക്കി. കെ.എം.എസ്.സി.എല്ലിന്റെ പ്രവര്‍ത്തനം ധൂര്‍ത്തിലേയ്ക്കു കടന്നു.
യു.ഡി.എഫിന്റെ വിവിധ സൗജന്യചികിത്സാ പരിപാടികള്‍ സംയോജിപ്പിച്ചതാണ് 'ആര്‍ദ്രം' പദ്ധതി. അംഗീകാരം ലഭിച്ച തിരുവനന്തപുരത്തെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലെ 100 സീറ്റുകള്‍ നഷ്ടപ്പെടുത്തി. സ്വാശ്രയ കോളജുകളില്‍ ഫീസ് കുത്തനെ ഉയര്‍ത്തുകയും ചെയ്തു. 2,13,745 പേര്‍ക്ക് ജോലി നല്‍കിയെന്നാണ് അവകാശവാദം. വായ്പ നല്‍കിയതും തൊഴില്‍പരിശീലനം നല്‍കിയതും മറ്റും ഇതില്‍ ഉള്‍പ്പെടുത്തി. എന്നിട്ടും അവ്യക്തമാണ് കണക്ക്.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ഒരുവശത്ത് ആരോപണങ്ങളും സംശയത്തിന്റെ മൂടുപടവും ഉയര്‍ത്തിയശേഷം മറുവശത്ത് പദ്ധതിയുമായി മുന്നോട്ടു പോകുന്നതാണ് കാണാന്‍ കഴിയുന്നത്. സ്മാര്‍ട്ട് സിറ്റിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ഇന്‍ഫോപാര്‍ക്കിലെ സബ് സ്റ്റേഷനില്‍ നിന്നു വൈദ്യുതി ലഭ്യമാക്കാന്‍ നടപടിയായില്ല.
തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ അവസ്ഥ ശോചനീയമാണ്. പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ഷന്‍ ലഭിച്ചില്ല. കേന്ദ്ര നഗരവികസന കാര്യാലയത്തിന്റെ അനുമതിയും ലഭിച്ചിട്ടില്ല. കേന്ദ്രവിഹിതത്തിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം യു.ഡി.എഫ് നടപ്പാക്കിയതാണ്.
യു.ഡി.എഫ് സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോയി ട്രയല്‍ റണ്‍വരെ നടത്തിയ കൊച്ചി മെട്രോ 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്നത് 1470 ദിവസംകൊണ്ടാണു തീര്‍ത്തത്. സ്റ്റേഷനുകളുടെ നിര്‍മാണം, സൗരോര്‍ജം ഉല്‍പാദിക്കാന്‍ പാനലുകള്‍ സ്ഥാപിക്കല്‍, പേട്ട വരെയുള്ള മെട്രോ പദ്ധതിയുടെ സ്ഥലമെടുക്കല്‍ തുടങ്ങിയവയെല്ലാം യു.ഡി.എഫ് കാലത്തു മുന്നോട്ടുകൊണ്ടുപോയിരുന്നതാണ്.
പിണറായി സര്‍ക്കാര്‍ വന്നശേഷം ഇടുക്കിയില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്ന 10,000 പട്ടയങ്ങളില്‍ നിന്നും 4,000 പട്ടയവും, കാസര്‍കോഡ് 250 പട്ടയങ്ങളുമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. ഇതില്‍ ഇടുക്കിയില്‍ നല്‍കിയവ ഉപാധികളോടെയാണ്. ഉപാധിരഹിത പട്ടയം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 1,80,354 പട്ടയങ്ങളാണ് (കൈവശാവകാശ രേഖ ഉള്‍പ്പെടെ) നല്‍കിയത്.
ഇന്ദിരാ ആവാസ് യോജന സ്‌കീമില്‍ ഉള്‍പ്പെടുത്തി യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷവും ഏകദേശം 50,000 വീടുകള്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കിയിരുന്നു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് 3 ലക്ഷം, പട്ടിക വര്‍ഗക്കാര്‍ക്ക് 3.5 ലക്ഷം, മറ്റുള്ളവര്‍ക്ക് 2.50 ലക്ഷം എന്ന നിരക്കില്‍ കേന്ദ്രത്തില്‍ നിന്നു ലഭിച്ച 70,000 രൂപ കഴിച്ച് ബാക്കി തുക സംസ്ഥാന ഖജനാവില്‍ നിന്നാണ് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം 29,000 വീടുകള്‍ക്ക് മാത്രമേ അനുവാദം നല്‍കിയുള്ളൂ.
ടെലിഫോണില്‍ സ്ത്രീയോട് അശ്ലീലസംഭാഷണം നടത്തിയതിന് ഗതാഗത മന്ത്രിയായിരുന്ന എ. കെ. ശശീന്ദ്രന് നാണംകെട്ടു രാജിവയ്‌ക്കേണ്ടി വന്നതാണ് പിണറായി മന്ത്രിസഭയുടെ രണ്ടാമത്തെ നേട്ടം. സത്യപ്രതിജ്ഞ ചെയ്ത് പത്താം മാസമെത്തിയപ്പോഴാണ് രണ്ടാമത്തെ മന്ത്രി വീണത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് മന്ത്രി എം.എം മണി.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അക്രമവും രാഷ്ട്രീയകൊലപാതകങ്ങളും ഹര്‍ത്താലും വീണ്ടും തലപൊക്കി. കണ്ണൂര്‍ വീണ്ടും ചോരക്കളമായി. സി.പി.എമ്മും ബി.ജെ.പിയും മത്സരിച്ച് കൊലപാതകങ്ങള്‍ നടത്താന്‍ തുടങ്ങി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 19 രാഷ്ട്രീയ കൊലപാതകങ്ങളാണ് അരങ്ങേറിയത്. അതില്‍ നാലും മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago