സഊദി സയാമീസ് ഇരട്ടകള്‍ ഇനി ഇരു മെയ്യ്; ഇരുവരെയും വേര്‍പ്പെടുത്തി
റിയാദ്: സഊദി സയാമീസ് ഇരട്ടകളായ ശൈഖയെയും ശുമൂഖിനെയും ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തി രണ്ടു ശരീരമാക്കി തിരിച്ചു. റിയാദ് കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ മുന്‍ ആരോഗ്യ മന്ത്രി കൂടിയായ ഡോ.അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കുട്ടികള്‍ക്ക് വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. മുപ്പതംഗ മെഡിക്കല്‍ സംഘം 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ എട്ടു ഘട്ടങ്ങളായാണ് ഇരുവരെയും പൂര്‍ണമായും വേര്‍തിരിച്ചു രണ്ടു ശരീരമാക്കി മാറ്റിയത്.
കഴിഞ്ഞ മാസം 27നു നടക്കേണ്ട ശസ്ത്രക്രിയ ഒരുക്കങ്ങളെല്ലാം നടത്തി അവസാനഘട്ടത്തില്‍ പൊടുന്നനെ കുട്ടികളുടെ ശരീര ഊഷ്മാവിലുണ്ടായ അനിയന്ത്രിത വര്‍ധനവ് കാരണം വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നീട്ടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലേക്ക് വരുന്നത് വരെ ശാസ്ത്രക്രിയ നീട്ടിവയ്ക്കുന്നതായി അറിയിച്ചിരുന്നു. മുഴുവന്‍ ഘടകങ്ങളും അനുകൂലമായപ്പോഴാണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയത്. നാല് മാസം പ്രായമായ ശൈഖയുടെയും ശുമൂഖയുടെയും അടിവയറിന്റെ താഴ്ഭാഗം, ഇടുപ്പ് എന്നിവിടങ്ങളാണ് ഒട്ടിച്ചേര്‍ന്നിരിക്കുന്നത്. ഈ ഭാഗങ്ങളാണ് വിജയകരമായി വേര്‍പ്പെടുത്തിയത്.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്തിയത്. കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ സയാമീസ് ഇരട്ടകള്‍ക്ക് നടത്തുന്ന 46ാമത് വേര്‍പെടുത്തല്‍ ശസ്ത്രക്രിയയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."